അനിൽ അംബാനിക്ക് ഓഹരി വിപണിയിൽ വിലക്കേർപ്പെടുത്തി സെബി. റിലയൻസ് ഹോം ഫിനാൻസ് കമ്പനിയുടെ ഫണ്ട് വകമാറ്റി ചെലവാക്കിയ കേസിലാണ് നടപടി. അംബാനിയെ കൂടാതെ റിലയൻസ് ഹോം ഫിനാൻസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം അടക്കം 24 പേർക്കെതിരെയാണ് സെബിയുടെ നടപടി. അനിൽ അംബാനിയും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് വഴിവിട്ട വായ്പാ വിതരണത്തിലൂടെ കമ്പനിയിൽ നിന്ന് വലിയ തോതിൽ ഫണ്ട് തട്ടിയെന്നും ഇത് ഓഹരി ഉടമകൾക്ക് നഷ്ടമുണ്ടാക്കിയെന്നുമാണ് സെബിയുടെ കണ്ടെത്തൽ. കേസിൽ അനിൽ അംബാനിക്ക് 25 കോടി രൂപ പിഴയിട്ട സെബി, അഞ്ച് വർഷത്തേക്ക് ഏതെങ്കിലും ലിസ്‌റ്റ് ചെയ്‌ത കമ്പനിയിലെ ഡയറക്‌ടർ സ്ഥാനത്തോ സുപ്രധാന മാനേജീരിയൽ സ്ഥാനത്തോ തുടരുന്നതിനും വിലക്കേർപ്പെടുത്തി.
റിലയൻസ് ഹോം ഫിനാൻസ് ഓഹരികളെ ആറു മാസത്തേക്ക് വിപണിയിൽ നിന്ന് വിലക്കിയ സെബി കമ്പനിക്ക് 6 ലക്ഷം രൂപ പിഴ ചുമത്തി. 2018 – 2019 സാമ്പത്തിക വർഷം റിലയൻസ് ഹോം ഫിനാൻസ് , സാമ്പത്തികമായി മോശം നിലയിലുള്ള കമ്പനികൾക്ക് കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചിരുന്നു. ഈടില്ലാതെയായിരുന്നു ഈ വായ്പകൾ അനുവദിച്ചത്. കമ്പനികളുടെ തിരിച്ചടവ് മുടങ്ങിയതോടെ റിലയൻസ് ഹോം ഫിനാൻസിന്റെ വായ്പകളിലും പ്രതിസന്ധിയുണ്ടായി. ഇത് ആർബിഐ നടപടിയിലേക്കും ഓഹരി ഉടമകൾക്ക് ഗുരുതര നഷ്ടത്തിനും വഴിവച്ചു.
2018 മാർച്ചിൽ 59.60 രൂപയായിരുന്ന കമ്പനിയുടെ ഓഹരി വില തട്ടിപ്പ് വ്യക്തമായ 2020 മാർച്ചോടെ 75 പൈസയിലേക്ക് ഇടിഞ്ഞിരുന്നു. നിലവിൽ 4.45 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. വാർത്തയ്ക്ക് പിന്നാലെ അനിൽ അംബാനി ഗ്രൂപ്പ് ഓഹരികൾ ഇടിഞ്ഞു. റിലയൻസ് പവർ, റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ എന്നിവ 14 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്.