gautam-adani

ഗൗതം അദാനി

TOPICS COVERED

ഇന്ത്യൻ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അദാനി ഗ്രൂപ്പിന് നൽകിയ വായ്പകളിൽ വർധനവ്. 2024 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം അദാനി ഗ്രൂപ്പിന്റെ ആകെ വായ്പയുടെ 36 ശതമാനവും ഇന്ത്യൻ ബാങ്കുകളിൽ നിന്നോ ബാങ്കിതര ധകാര്യ സ്ഥാപനങ്ങളിൽ നിന്നോ ആണ്. 2023 മാർച്ച് വരെ ഇത് 31 ശതമാനമായിരുന്നു. വായ്പയിൽ ഒരു വർഷത്തിനിടെ അഞ്ച് ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 

2024 മാർച്ച് 31 വരെയുള്ള അദാനി ഗ്രൂപ്പിൻറെ ആകെ കടം 2,41,394 കോടി രൂപയാണ്. ഇതിൽ 88,100 കോടി രൂപയും നൽകിയത് ഇന്ത്യൻ ബാങ്കിം​ഗ് സ്ഥാപനങ്ങളാണ്. 2023 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 2,27,248 കോടി രൂപയായിരുന്നു കമ്പനിയുടെ കടം. ഇതിൽ 70,213 കോടി രൂപ ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങളുടേതായിരുന്നു. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, കാനറ ബാങ്ക്, എച്ച്‍ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നി ബാങ്കുകൾ അദാനി ഗ്രൂപ്പിന് നൽകിയ വായ്പയിൽ വർധനവുണ്ടായി. 

വായ്പയുടെ ബാക്കി ഭാ​ഗം ആഭ്യന്തര മൂലധന വിപണിയിൽ നിന്നും വിദേശത്തു നിന്നുമാണ്. ആഭ്യന്തര മൂലധന വിപണിയിൽ നിന്നുള്ള വായ്പയെടുക്കലും വർധിച്ചു. 2024 സാമ്പത്തിക വർഷത്തിൽ 12,404 കോടി രൂപയാണ് കമ്പനി മൂലധന വിപണി വഴി സ്വരൂപിച്ചത്. നേരത്തെയിത് 11562 കോടി രൂപയായിരുന്നു. അതേസമയം, ആ​ഗോള ബാങ്കുകളിൽ നിന്നുള്ള വായ്പയെടുക്കലിൽ നേരിയ കുറവ് രേഖപ്പെടുത്തി. 63296 കോടി രൂപയാണ് 2024 ൽ വായ്പയെടുത്തത്. നേരത്തെയിത് 63,781 കോടി രൂപയായിരുന്നു.

എയർപോർട്ട്, ​ഗ്രീൻ എനർജി ബിസിനസുകൾക്കുള്ള മൂലധന ചെലവുകൾക്കാണ് വായ്പയുടെ ഭൂരിഭാ​ഗവും ഉപയോ​ഗിക്കുന്നത്. ഇൻഫ്ര, പോര്ട്ട്, മെറ്റൽ, എഫ്എംസിജി എന്നിങ്ങനെ വിവിധ മേഖലയിൽ ​ഗ്രൂപ്പിന് ബിസിനസ് പങ്കാളിത്തമുണ്ട്. അതേസമയം, അദാനി ഗ്രൂപ്പിൻ്റെ പ്രവർത്തന ലാഭം വർധിക്കുകയാണ്. 

2023-24 സാമ്പത്തിക വർഷത്തിൽ 45 ശതമാനം വർധിച്ച് 82,917 കോടി രൂപയാണ് ​ഗ്രൂപ്പ് രേഖപ്പെടുത്തിയ പ്രവർത്തന ലാഭം. അതേസമയം, ​അദാനി ​ഗ്രൂപ്പിന്റെ ലാഭവും കടവും തമ്മിലുള്ള അനുപാതം കുറഞ്ഞു. മുൻവർഷത്തെ 3.27 മടങ്ങിൽ നിന്ന് 2.19 മടങ്ങായാണ് കുറഞ്ഞത്. ആറുവർഷത്തിനിടയിലെ കുറഞ്ഞ കണക്കാണിത്. 

ലക്ഷ്യം 1 ലക്ഷം കോടി, പ്രതീക്ഷ വിഴിഞ്ഞത്തിൽ

നടപ്പു സാമ്പത്തിക വർഷം അദാനി ​ഗ്രൂപ്പ് ലക്ഷ്യമിടുന്ന പ്രവർത്തന ലാഭം ഒരു ലക്ഷം കോടി രൂപയാണ്. സിമന്റ്, പോർട്ട്, ​ഗ്രീൻ എനർജി, എയർപോർട്ട് ബിസിനസുകളിലാണ് കമ്പനി പ്രതീക്ഷവെയ്ക്കുന്നത്. ഈയിടെ ഏറ്റെടുത്ത പെന്ന സിമന്റ് വഴി അദാനി സിമന്റ് ശേഷി വർധിപ്പിക്കുന്നതും  വിഴിഞ്ഞവും കൊളംബോയും പ്രവർത്തന സജ്ജമാകുന്നതും ​ഗ്രൂപ്പിന് നേട്ടമാണ്.  അദാനി ​ഗ്രീൻ എനർജി ശേഷി വർധിപ്പിക്കുന്നത്, നവി മുംബൈ എയർപോർട്ട് എന്നിവ വരുമാനം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.