Image Credit: Instagram/ guntherrichdog

TOPICS COVERED

ഒരു നായയ്ക്ക് എത്ര പണക്കരനാകാൻ സാധിക്കും.. ചിന്തിക്കാൻ പറ്റുന്നതിലപ്പുറം സമ്പത്താണ് ഇറ്റലിക്കാരനായ ഗുന്തർ ആറാമൻ എന്ന ജർമൻ ഷെപ്പേർഡിനുളളത്. 3,300 കോടി രൂപയുടെ ആസ്തിയുമായി പല ശതകോടീശ്വരൻമാർക്കൊപ്പം കിടപിടിക്കുന്ന ജീവിതമാണ് ഗുന്തർ ആറാമൻറേത്. എങ്ങനെയാണ് ഒരു പണിയെടുക്കാത്ത നായയ്ക്ക് ഇത്രയും സമ്പത്തുണ്ടാക്കാനാകുന്നത്. ആ കഥ നോക്കാം. 

ഗുന്തർ ആറാമൻ സമ്പന്നനാകുന്നതിന് പിന്നിൽ വർഷങ്ങൾ നീണ്ടകഥയുണ്ട്. പാരമ്പര്യാവകാശമായി കയ്യിലെത്തിയതാണ് ഇന്ന് കാണുന്ന സ്വത്തെല്ലാം. 1992 ൽ ഇറ്റാലിയൻ പ്രഭുവിൻറെ ഭാര്യയായ കാർലോട്ട ലെയ്ബൻസ്റ്റീൻ, തൻറെ മകൻറെ മരണശേഷം 80 മില്യൺ ഡോളറിൻറെ ആസ്തി അവരുടെ വളർത്തു പട്ടിയായ ഗുന്തർ മൂന്നാമനൻറെ പേർക്ക് എഴുതിവച്ചു. കുടുംബ സുഹൃത്തും സംരംഭകനുമായ മൗറീസിയോ മിയാനെ സമ്പത്ത് കൈകാര്യം ചെയ്യാനും ഏൽപ്പിച്ചു. ഇവിടെ മുതലാണ് സമ്പന്ന നായ ​ഗുന്തർ പരമ്പര ആരംഭിക്കുന്നത്. 

ഗുന്തർ ട്രസ്റ്റ് ആരംഭിച്ച മിയാൻ പല നിക്ഷേപങ്ങളിലൂടെ ആസ്തി 400 മില്യൺ ഡോളറാക്കി (3356 കോടി രൂപ)  ഉയർത്തിയതോടെയാണ് ​ഗുന്തർ ആറാമൻ ലോകത്തിലെ ഏറ്റവും സമ്പന്നനായ നായയായി മാറിയത്. സമ്പത്തിനെ കണക്കിനെ പറ്റി ഒന്നുമറിയില്ലെങ്കിലും രാജകീയ ലൈഫാണ് ഗുന്തർ ആറാമൻറേത്. പണം കൊണ്ട് വാങ്ങാവുന്ന എന്തും ഗുന്തറിനുണ്ടെന്ന് സാരം. 

പരിചരണത്തിന് 27 ജീവനക്കാരാണ് ഗുന്തറിന് ചുറ്റമുള്ളത്. സ്വന്തം ഫെഷ് ഉണ്ടാക്കുന്ന സ്വർണം പൂശീയ സ്റ്റീക്ക്സാണ് ഭക്ഷണം. താമസിക്കാൻ ബംഗ്ലാവുകൾ, യാത്രയ്ക്ക് ഉപയോഗിക്കുന്ന ബിഎംഡബ്ലു, വിദേശത്തേക്ക് പോകാൻ പ്രൈവറ്റ് ജെറ്റ്, ആഡംബരത്തിൽ ഏതൊരു കോടീശ്വരനോടും കിടപിടിക്കും ​ഗുന്തർ ആറാമൻ.

7.5 മില്യൺ ഡോളറിന് പോപ്പ് സ്റ്റാർ മഡോണയിൽ നിന്ന് വാങ്ങിയ മിയാമിയിലെ ബം​ഗ്ലാവ്, 29 മില്യൺ ഡോളർ ലാഭത്തിനാണ് ​ഗുന്തറിന്റെ ടീം വിറ്റത്. ഇത് കൂടാതെ, പോപ്പ് മ്യൂസിക് ​ഗ്രൂപ്പും സ്പോർട് ടീമും സ്വന്തമായുള്ള നായയാണ് ​ഗുന്തർ. പിസ സ്പോർട്ടിങ് ക്ലബും പോപ്പ് മ്യൂസിക് ​ഗ്രൂപ്പായ ദി മാ​ഗ്നിഫിക്കന്റ് 5 എന്നിവ ഈ നായയുടെ വരുമാന മാർ​ഗങ്ങളാണ്. 

അതേസമയം നായയെ സമ്പന്നനാക്കിയതിന് പിന്നിൽ നികുതി വെട്ടിക്കാനുള്ള ശ്രമങ്ങളാണെന്ന വാദങ്ങുണ്ട്. ​ഗുന്തർ ട്രസ്റ്റ് കൈകാര്യം ചെയ്യുന്ന മൗറിസിയോ മിയാൻ ഇറ്റാലിയൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഇസ്റ്റിറ്റ്യൂട്ടോ ജെൻ്റിലിയുടെ ഉടമയാണ്. ഇദ്ദേഹം ഇറ്റലിയിലെ നികുതി നിയമം മറികടക്കാൻ ഉണ്ടാക്കിയ കഥയാണതിനെന്നും സമ്പത്തിന്റെ തുടക്കക്കാരനായ ഗുന്തർ മൂന്നാമൻ മിയാൻറെ കാമുകിയുടെ നായയായിരുന്നു എന്നും വാ​ദങ്ങളുണ്ട്.