500 രൂപയുടെ ഓണം ബംപറിന് ഇത്തവണയും 25 കോടി രൂപയാണ് സമ്മാനം. 500 രൂപ നൽകി ഒരു ടിക്കറ്റെടുക്കേണ്ടെ എന്ന് ചിന്തിക്കുന്നവരെല്ലാം ചേർന്ന് ഷെയറിട്ട് ലോട്ടറിയെടുക്കുന്ന തിരക്കിലാണ്. ഓരോയിടത്തും 100 രൂപ ഷെയറിട്ട് ഒരു ബംപറിന്റെ വിലയ്ക്ക് അഞ്ച് ലോട്ടറികളിൽ പങ്കുപറ്റാം എന്നതാണ് ഇതിന്‍റെ ഗുണം. സമ്മാനം അടിക്കാനുള്ള സാധ്യതയും വർധിക്കുന്നു. സുഹൃത്തുക്കൾക്കിടയിലും ഓഫീസുകളിലും ഷെയറിട്ട് ലോട്ടറിയെടുക്കൽ ട്രെൻഡിങാണ്. എന്നാൽ ഇത്തരത്തിൽ ലോട്ടറിയെടുത്തവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
സംഘമായി ഓണം ബംപർ എടുക്കുന്നതിന് നിയമ തടസങ്ങളൊന്നുമില്ല. എന്നാൽ എല്ലാവരുടെയും അക്കൗണ്ടിലേക്ക് പണം വീതിച്ച് നൽകാൻ ലോട്ടറി വകുപ്പിന് സാധിക്കില്ല. ഷെയറിട്ട് എടുത്ത ലോട്ടറി ടിക്കറ്റിൽ സമ്മാനം അടിച്ചാൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തണം. സമ്മാനർഹമായ ടിക്കറ്റ് ഒരാളെ ഏൽപ്പിച്ച സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്താം.
ഷെയറിട്ടെടുത്ത ടിക്കറ്റിന് സമ്മാനം അടിച്ചാൽ സമ്മാനം പങ്കിട്ടെടുക്കാനുള്ള ഉത്തരവാദിത്വം സംഘത്തിന് തന്നെയാണ്. ഒരു ജോയിന്റ് ബാങ്ക് അക്കൗണ്ട് ആരംഭിച്ച് സമ്മാന തുക കൈപ്പറ്റാൻ ഒരാളെ ചുമതലപ്പെടുത്തുന്നതാനും സാധിക്കും. ബാങ്ക് അക്കൗണ്ടിൽ പേരു ചേർത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.
സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കുമ്പോൾ ടിക്കറ്റിന്റെ പുറകിൽ നിർദ്ദിഷ്ട സ്ഥലത്ത് സമ്മാനാർഹന്റെ പേരും മേൽവിലാസവും ഒപ്പും എഴുതി ശേഷം രണ്ട് വശങ്ങളുടെയും ഫോട്ടോ കോപ്പി എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തണം. നറുക്കെടുപ്പ് ദിവസം മുതൽ ദിവസത്തിനുള്ളിൽ സമ്മാന ടിക്കറ്റ് ലോട്ടറി വകുപ്പിൽ ഹാജരാക്കണം.
25 കോടി രൂപയാണ് തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേർക്കാണ് ലഭിക്കുക. മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. പത്ത് സീരീസിലും രണ്ട് പേർക്ക് വീതം 20 സമ്മാനങ്ങൾ നൽകും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. ഓരോ സീരിസിലും ഓരോരുത്തർക്കായി 10 പേർക്ക് സമ്മാനം ലഭിക്കും. അഞ്ചാം സമ്മാനം പത്ത് പേർക്ക് രണ്ട് ലക്ഷം രൂപ വീതമാണ്.