ഇസ്രയേലിലേക്ക് ഇറാൻ മിസൈലാക്രമണം നടത്തിയതിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിൽ വിപണിയിൽ കൂട്ടത്തകർച്ച. സെൻസെക്സ് 1,769 പോയിൻറ് ഇടിഞ്ഞ് 82,497 ലും നിഫ്റ്റി 546 പോയിൻറ് നഷ്ടത്തിൽ 25,250 ലും ക്ലോസ് ചെയ്തു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം 9.71 ലക്ഷം കോടി രൂപ ഇടിഞ്ഞ് ഇടിഞ്ഞ് 465.5 ലക്ഷം കോടിയിലെത്തി. മധ്യേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിച്ചതാണ് ഇടിവിന് കാരണം. 

എല്ലാ സെക്ടറുകളിലെയും നഷ്ടം പ്രധാന സൂചികകളെ കാര്യമായി ബാധിച്ചു. നിഫ്റ്റി ഓട്ടോ, ഫിനാൻഷ്യൽ സർവീസ്, റിയലിറ്റി, പ്രൈവറ്റ് ബാങ്ക്, ഓയിൽ ആൻഡ് ​ഗ്യാസ് എന്നിവ 2.50 മുതൽ 4.30 ശതമാനം വരെ ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് 2 ശതമാനവും എഫ്എംസിജി, ഐടി, പിഎസ്‍യു ബാങ്ക്, എന്നിവ 1.50 ശതമാനവും ഇടിഞ്ഞു. ഇറാൻ ഇസ്രയേലിന് നേർക്ക് നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ സംഘർഷ സാധ്യത ഏറിയതും ഓയിൽ വിതരണം തടസപ്പെടുമെന്ന ആശങ്കയുമാണ് വിപണിയെ ബാധിച്ചത്. 

റിലയൻസ് ഇൻഡ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, എൽആൻഡി ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ ചേർന്ന് 1,015 പോയിൻറിന്‍റെ  നഷ്ടമുണ് സെൻസെക്സിലുണ്ടാക്കിയത്. ജെഎസ്ഡബ്ലു സിമൻറ് മാത്രമാണ് സെൻസെക്സിൽ നേട്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാൻ പെട്രോളിയം ഓയിൽഇന്ത്യ, ബിപിസിഎൽ എന്നിവ 5-7 ശതമാനം വരെ ഇടിഞ്ഞു. തുടർച്ചയായ നാല് വ്യാപാര ദിവസങ്ങളിൽ ഇന്ത്യൻ സൂചിക ഇടിഞ്ഞു. സെപ്റ്റംബർ 27 മുതൽ 3.50 ശതമാനമാണ് നിഫ്റ്റി ഇടിഞ്ഞത്. 

തിരിച്ചടിക്ക് കാരണം

ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ യുദ്ധം രൂക്ഷമാകുന്നത് എണ്ണ വില വർദ്ധിപ്പിക്കാനും ഇന്ത്യയിൽ പണപ്പെരുപ്പം രൂക്ഷമാകുന്നതിനും കാരണമാകും. വിതരണം തടസപ്പെടുമോ എന്ന ആശങ്കയെ തുടർ‌ന്ന് ബ്രെൻഡ് ക്രൂഡ് വില 75 ഡോളറിന് മുകളിലെത്തി. മൂന്ന് ദിവസം കൊണ്ടാണ് ക്രൂഡ് ഓയിൽ വില അഞ്ച് ശതമാനത്തിന്റെ മുകളിൽ കൂടിയത്. ഇതിനൊപ്പം ഫ്യൂച്വർ ആൻഡ് ഓപ്ഷൻ സെ​ഗ്മെന്‍റിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള സെബി തീരുമാനവും വിപണിയെ ബാധിച്ചു. 

ദീർഘകാലം ഇടിവിലായിരുന്ന ചൈനീസ് ഓഹരികളിലെ മുന്നേറ്റവും ഇന്ത്യൻ വിപണിക്ക് തിരിച്ചടിയായി. കഴിഞ്ഞാഴ്ച ചൈനീസ് കേന്ദ്ര ബാങ്ക്  സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത് ചൈനീസ് ഓഹരികളിൽ വളർച്ചയുണ്ടാക്കുമെന്നാണ് വിദ​ഗ്ധരുടെ അനുമാനം. ഇത് ഇന്ത്യൻ ഓഹരികളിൽ നിന്നും വിദേശ നിക്ഷേപകർ ചൈനീസ് വിപണിയിലേക്ക് പണം നിക്ഷേപിക്കുന്നതിന് കാരണമായി. അതേസമയം, ഇസ്രയേലിന്‍റെ തിരിച്ചടി ഇറാന്‍റെ എണ്ണ നിലയങ്ങളിലേക്കായാൽ ക്രൂഡ് ഓയിൽ വിലയിൽ ഇനിയും വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇത് ഇന്ത്യയ്ക്ക് കാര്യമായ തിരിച്ചടിയാകും. 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

Sensex and Nifty dropped by 2 percent, investors lost Rs 10 lakh crore.