ചൈനീസ് ഓഹരി വിപണിയിൽ സമീപകാലത്ത് വലിയ ഉത്തേജനം കാണാം. ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സിഎസ്ഐ300 സൂചിക 25 ശതമാനമാണ് ഒരാഴ്ച കൊണ്ട് ഉയർന്നത്. ഹോങ്‍കോങ് സൂചിക 16 ശതമാനം നേട്ടമുണ്ടാക്കി. ഈ അവസരത്തിലാണ് ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും വിൽപ്പന സമ്മർദ്ദത്തിൽ വീണത്. നാല് വ്യാപാര ദിവസത്തിനിടെ 3,300 പോയിൻറാണ് സെൻസെക്സ് ഇടിഞ്ഞത്.
Also Read: വരുന്നത് രണ്ട് ഐപിഒ, ആറു ലിസ്റ്റിങ്; വിപണിയിലെ ചോരപ്പുഴ ലിസ്റ്റിങ് നേട്ടത്തെ ചോർത്തുമോ?
നാല് ദിവസത്തിനിടെ വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത് 32,000 കോടി രൂപയാണ്. ചൈനീസ് വിപണികൾ കൂടുതൽ ആകർഷകമായി കാണാൻ തുടങ്ങിയതും ഇറാൻ-ഇസ്രായേൽ യുദ്ധം ആഗോള നിക്ഷേപകരെ അങ്കലാപ്പിലാക്കിയതും ഇന്ത്യൻ വിപണിയിൽ തിരിച്ചടിയായി. വ്യാഴാഴ്ച മാത്രം 15,243 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകർ പിൻവലിച്ചത്.
ചൈനീസ് പീപ്പിൾസ് ബാങ്ക് പ്രഖ്യാപിച്ച ഉത്തേജക പാക്കേജാണ് ചൈനീസ് വിപണിയെ ആകർഷകമാക്കിയത്. ഇതിന് പിന്നാലെ വിദേശ നിക്ഷേപകർ ഉയർന്ന വാല്യുവേഷനിലുള്ള ഇന്ത്യൻ വിപണിയിൽ നിന്ന് മൂല്യം കുറഞ്ഞ ചൈന വിപണിയിലേക്ക് ഫണ്ട് വകമാറ്റാൻ തുടങ്ങി. അതിനൊപ്പം ഇസ്രയേൽ- ഇറാൻ സംഘർഷം യുദ്ധം രൂക്ഷമാകുമെന്ന ആശങ്കയും ഉയർന്നു. ഈ ആശങ്ക തുടരുമ്പോളും ഇന്ത്യൻ പ്രതീക്ഷ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളിലാണ്.
ഇടിവ് തുടരുമോ?
പ്രതികൂലമായ ആഗോള സാഹചര്യങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ തിരുത്തലുകളുണ്ടാകുമെന്നാണ് മിക്ക നിക്ഷേപകരും ഭയപ്പെടുന്നുണ്ടെങ്കിലും. ആഭ്യന്തര പണലഭ്യതയും എസ്ഐപിയിലേക്കുള്ള സ്ഥിരമായ ഒഴുക്കും തിരിച്ചടിയെ പരിമിതപ്പെടുത്തിയേക്കുമെന്നാണ് വിലയിരുത്തൽ.
വിപണിയിൽ കനത്ത വിൽപ്പന നടന്ന വ്യാഴാഴ്ച വിദേശ നിക്ഷേപകർ 15,243 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ 12,914 കോടി രൂപയുടെ ഓഹരികൾ വാങ്ങി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും കരുത്ത് കാട്ടി. ഈ കരുത്ത് വിപണിയിൽ വരാനിരിക്കുന്ന തിരിച്ചടികളെ മറികടക്കുമെന്നാണ് പ്രതീക്ഷ.
Also Read: അഞ്ച് ശതമാനം ഓഹരി വിറ്റ് രത്തൻ ടാറ്റ; കയ്യിലെത്തിയത് 23000% ലാഭം; നിക്ഷേപം ഇങ്ങനെ
പണം വരുന്ന വഴി
ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകളുടെ കയ്യിൽ പണമായുള്ളത് 1.86 ലക്ഷം കോടി രൂപയോളമാണ്. ഓഗസ്റ്റ് അവസാനത്തോടെ മ്യൂച്വൽ ഫണ്ടുകളുടെ കയ്യിലുള്ള ക്യാഷ് ഹോൾഡിങ്സ് അഞ്ച് വർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ഓഗസ്റ്റ് അവസാനത്തോടെ അവരുടെ പോർട്ട്‌ഫോളിയോകളുടെ ശരാശരി 5.39 ശതമാനം പണമായി കൈവശം വച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇത് അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന തുകയാണ്. 2024 ഓഗസ്റ്റിലെ കണക്ക് പ്രകാരം 35.82 ലക്ഷം കോടി രൂപയാണ് മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന തുക. ഇതാണ് വിപണിയിലെ പ്രതീക്ഷ.
വിപണിയുടെ ശ്രദ്ധ ഇക്കാര്യങ്ങളിൽ
പുതിയ വ്യാപാര ആഴ്ചയിലേക്ക് കടക്കുമ്പോൾ ഓഹരി വിപണിയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. റിസർവ് ബാങ്കിന്റെ പണനയ അവലോകന യോഗം ഈ ആഴ്ച ചേരുന്നുണ്ട്.
കമ്പനികളുടെ രണ്ടാം പാദഫലം പുറത്തുവരുന്നതും, വിദേശ ഫണ്ട് വിപണിയിൽ നിന്ന് പുറത്ത് പോകുന്നതും വിപണിയുടെ ചലനത്തിന്റെ ഘടകമാകും. ഇസ്രയേൽ- ഇറാൻ സംഘർഷത്തിന്റെ പുതിയ ചലനങ്ങളും ആഗോള ക്രൂഡ് ഓയിൽ വിലയിലെ വ്യത്യാസങ്ങളും വിപണിയെ ബാധിക്കും.