ആറു ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം നേട്ടത്തിലേക്ക് തിരിച്ചെത്തി ഇന്ത്യൻ ഓഹരി സൂചിക. സെൻസെക്സ് 584.81 പോയിന്റ് നേട്ടത്തിൽ 81,634.81 ലും നിഫ്റ്റി 217.40 പോയിന്റ് നേട്ടത്തിൽ 25,013.20 ലും ക്ലോസ് ചെയ്തു. ആറു ദിവസത്തെ നഷ്ടം നികത്തുന്ന നേട്ടമാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസം ഇന്ത്യൻ ഓഹരി സൂചികകൾക്കുണ്ടായത്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രതീക്ഷിച്ചതിലും മികച്ച നേട്ടമുണ്ടാക്കിയതാണ് സൂചികൾക്ക് നേട്ടമായതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 

മെറ്റൽ ഒഴികെ എല്ലാ സെക്ടറുകളും നേട്ടത്തിലേക്ക് എത്തിയതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും വിപണി മൂല്യം 7.50 ലക്ഷം കോടി ഉയർന്ന് 459.5 ലക്ഷം കോടിയായി. ഏറ്റവും വലിയ നേട്ടം പൊതുമേഖലാ ഓഹരികളാണ്. ബിഎസ്ഇ പിഎസ്‌യു സൂചിക 2 ശതമാനം ഉയർന്നു. പിഎഫ്സി, ഐആർഎഫ്സി, എംഎംടിസി, എച്ച്എഎൽ, ആർഇസി, ബിഇഎൽ എന്നിവ 5-6 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 

അദാനി ഗ്രൂപ്പ് ഓഹരികളും നേട്ടമണ്ടാക്കി, അദാനി ട്രാൻസ്മിഷൻ ഏഴ് ശതമാനം വരെ ഉയർന്നു. അദാനി പോർട്ട്‌സ്, അദാനി എൻ്റർപ്രൈസസ് എന്നിവ 5 ശതമാനമാണ് ഉയർന്നത്. 

ഹരിയാന തിരഞ്ഞെടുപ്പ് ഫലം വിപണിയെ ചലിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നില്ലെങ്കിലും ലോക്‌സഭാ പരാജയത്തിന് ശേഷമുള്ള ബിജെപിയുടെ ജനപ്രീതിയുടെ പരീക്ഷണമായാണ് കണക്കാക്കുന്നത്. ഹരിയാന തെരഞ്ഞെടുപ്പിലെ ഫലം വിപണി പ്രതീക്ഷിച്ചതിലും മികച്ചതാണ്. കൂടുതൽ പരാജയമുണ്ടായാൽ കേന്ദ്ര സർക്കാർ പോപ്പുലിസ്റ്റിക് പ്രഖ്യാപനങ്ങളിലേക്ക് നീങ്ങുമെന്ന ആശങ്കകളെയാണ് തിരഞ്ഞെടുപ്പ് ഫലം തള്ളിക്കളയുന്നത്. ഇതാണ് പൊതുമേഖലാ ഓഹരികളിൽ മുന്നേറ്റമുണ്ടാക്കിയതെന്നാണ് വിപണി വിദ​ഗ്ധരുടെ നി​ഗമനം. 

ENGLISH SUMMARY:

Investors gain 7.50 lakhs crore from stock market after Haryana election result.