ഈ ആഴ്ചയിലെ ഐപിഒകളിൽ ഏറ്റവും ശ്രദ്ധേയം ഹ്യുണ്ടായ് ഇന്ത്യയുടെ ഐപിഒ ആണ്. എന്തുകൊണ്ടാണ് ഈ ഓട്ടോമൊബീൽ കമ്പനിയുടെ ഓഹരി വിൽപ്പനയ്ക്ക് ഇത്ര പ്രധാന്യം ലഭിക്കുന്നത്?
ഇന്ത്യയിൽ ഇന്നുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പനയാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടേത്. സമാഹരിക്കുന്നത് 27,800 കോടി രൂപ. 2022ൽ 21,000 കോടി രൂപ സമാഹരിച്ച എൽഐസി ഓഹരി വിൽപ്പനയെ ഹ്യുണ്ടായ് മറികടക്കും. 2003ലെ മാരുതി സുസുക്കി ഐപിഒയ്ക്കുശേഷം ആദ്യമായാണ് ഒരു വാഹന നിർമാണ കമ്പനിയുടെ ഐപിഒ വരുന്നതും.
പുതിയ ഓഹരികളൊന്നും ഹ്യുണ്ടായ് ഐപിഒയിൽ ഇല്ല. മാതൃകമ്പനിയായ ദക്ഷിണ കൊറിയയിലെ ഹ്യുണ്ടായ് മോട്ടോർ 14 കോടി 22 ലക്ഷം ഓഹരികൾ, ഓഫർ ഫോർ സെയിൽ വഴി വിൽക്കും. അതിനാൽ ഐപിഒയിലൂടെ സമാഹരിക്കുന്ന പണം ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയ്ക്ക് ലഭിക്കില്ല.
പത്ത് രൂപ മുഖവിലയുള്ള ഒരു ഓഹരിയുടെ ഐപിഒ വില 1,865 മുതൽ 1,960 രൂപ വരെയാണ്. റീട്ടെയിൽ നിക്ഷേപകർക്ക് ഏഴ് ഓഹരികളുള്ള ലോട്ടുകളായി അപേക്ഷിക്കാം. ഒരു ലോട്ടിന് 13,720 രൂപ. 14 ലോട്ട് വരെ വാങ്ങാം. ഹ്യുണ്ടായ് ജീവനക്കാർക്ക് ഓഹരി ഒന്നിന് 186 രൂപയുടെ ഇളവ് ലഭിക്കും.
ഐപിഒയിൽ വരുന്ന 35 ശതമാനം ഓഹരി റീട്ടെയിൽ നിക്ഷേപകർക്കാണ്. ഈമാസം 15 മുതൽ 17 വരെയാണ് സബ്സ്ക്രിപ്ഷൻ. 22 ന് ഓഹരി ലിസ്റ്റ് ചെയ്തേക്കും.