സെപ്തംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ പ്രമുഖ കമ്പനികളുടെ ലാഭം കുറഞ്ഞേക്കുമെന്ന ആശങ്ക ഓഹരി വിപണിയില്‍ പിടിമുറുക്കുന്നു. രണ്ട് പ്രധാന സൂചികകളും ഇന്നും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 318 പോയന്‍റ് (0.39%) ഇടിഞ്ഞു. നിഫ്റ്റി 25000ന് താഴെയെത്തി. ഇന്നലത്തെ ക്ലോസിങ്ങില്‍ നിന്ന് 86 പോയന്‍റിന്‍റെ (0.34%) ഇടിവ്. 24971.30ലാണ് നിഫ്റ്റിയുടെ നില. സെന്‍സെക്സ് 81,501.36 ല്‍ ക്ലോസ് ചെയ്തു.
സെന്‍സെക്സില്‍ ഇന്ന് നേട്ടമുണ്ടാക്കിയത് എച്ച്.ഡി.എഫ്.സി ബാങ്ക് (0.92%), ഭാരതി എയര്‍ടെല്‍ (0.91%), റിലയന്‍സ് (0.75%), ഏഷ്യന്‍ പെയിന്‍റ്സ് (0.37%), എസ്.ബി.ഐ.എന്‍ (0.16%) എന്നീ ഓഹരികളാണ്. എം&എം (–2.87%), ഇന്‍ഫോസിസ് (–2.05%), അദാനി പോര്‍ട്സ് (–1.20%), ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ (–1.13%), ടാറ്റ മോട്ടോഴ്സ് (–1.13%) എന്നിവയാണ് നഷ്ടം നേരിട്ട പ്രമുഖര്‍.
നിഫ്റ്റിയില്‍ എച്ച്.ഡി.എഫ്.സി ലൈഫാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. ഓഹരിവിലയില്‍ 1.79 ശതമാനം വര്‍ധന. ഡോ.റെഡ്ഡി 1.34 ശതമാനവും ഗ്രാസിം 1.05 ശതമാനവും എച്ച്.ഡി.എഫ്.സി ബാങ്ക് 0.97 ശതമാനവും ബജാജ് ഓട്ടോ 0.88 ശതമാനവും നേട്ടം കൈവരിച്ചു. ടാറ്റ ട്രെന്‍റിനാണ് നിഫ്റ്റിയില്‍ കൂടുതല്‍ നഷ്ടം നേരിട്ടത്. 3.61 ശതമാനം. എം&എം (–2.78%), ഇന്‍ഫോസിസ് (–2.10%), ഹീറോ മോര്‍ട്ടോര്‍ കോര്‍പ് (–2.10%), അദാനി പോര്‍ട്സ് (–1.39%) എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് പ്രമുഖര്‍.
ഓഹരിവിപണയില്‍ 11 മാസത്തോളം നീണ്ട കുത്തനെയുള്ള കയറ്റത്തിനുശേഷമാണ് തളര്‍ച്ച പ്രകടനമാകുന്നത്. നിഫ്റ്റിയിലെ ലിസ്റ്റഡ് കമ്പനികളുടെ ലാഭം കുറഞ്ഞേക്കുമെന്ന പ്രവചനമാണ് ഇടപാടുകാരെ പിന്നോട്ടുവലിക്കുന്നതെന്നാണ് സൂചന. നാലുവര്‍ഷത്തെ കുറഞ്ഞ നിരക്കിലാകും ലാഭത്തിലെ വളര്‍ച്ച എന്നാണ് പല ബ്രോക്കറേജുകളും വിലയിരുത്തുന്നത്.