തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ ഓഹരി സൂചികയിൽ ഇടിവ്. നേട്ടത്തിൽ വ്യാപാരം തുടങ്ങിയ സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 494.75 പോയന്റ് നഷ്ടത്തിൽ 81,006.61 ത്തിലും നിഫ്റ്റി 221.45 പോയന്റ് നഷ്ടത്തിൽ 24,749.85 നിലവാരത്തിലും ക്ലോസ് ചെയ്തു. ഓട്ടോ ഓഹരികൾ ഇന്നത്തെ ഇടിവിന് ചുക്കാൻ പിടിച്ചപ്പോൾ ഐടി ഓഹരികൾ നേട്ടമുണ്ടാക്കി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 457.3 ലക്ഷം കോടിയിലെത്തി. നിക്ഷേപകരുടെ സാമ്പത്തിൽ നിന്ന് ആറു ലക്ഷം കോടി രൂപയാണ് നഷ്ടമായത്.
ഓട്ടോ ഓഹരികളിലാണ് കനത്ത വിൽപ്പന കണ്ടത്. പണപ്പെരുപ്പത്തെ തുടർന്ന് ഉത്സവ സീസണിൽ ഡിമാന്റ് കുറയാമെന്ന ബജാജ് ഓട്ടോയുടെ മുന്നറിയിപ്പാണ് ഇടിവിന് കാരണം. നിഫ്റ്റി ഓട്ടോ സൂചിക 3.50 ശതമാനം ഇടിഞ്ഞ് 25,004 നിലവാരത്തിലെത്തി. ബജാജ് ഓട്ടോ തന്നെയാണ് നഷ്ടത്തിൽ മുന്നിൽ ഓഹരി 12 ശതമാനം ഇടിഞ്ഞ് 10,210 രൂപയിലെത്തി. ഹീറോ മോട്ടോക്രോപ്പ്, ടിവിഎസ് മോട്ടോർ എന്നിവ 4.50 ശതമാനം വീതം നഷ്ടമുണ്ടാക്കി.
വിദേശ നിക്ഷേപകർ ചൈനീസ് വിപണിയിലേക്ക് നിക്ഷേപം മാറ്റുന്നതും ഇന്ത്യൻ സൂചികകളെ ഇടിവിലേക്ക് നയിച്ചു. ബുധനാഴ്ച 3435.94 കോടി രൂപയുടെ ഇക്വിറ്റിയാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്. ഐടി കമ്പനികളായ ഇൻഫോസിസ്, വിപ്രോ എന്നിവയുടെ സെപ്റ്റംബർ പാദഫലം വരുന്നതിന് മുന്നോടിയായി ഐടി കമ്പനികൾ നേട്ടമുണ്ടാക്കി. എംഫാസിസ്, ടെക് മഹീന്ദ്ര എന്നിവ 5.50 ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കി. ഐടി സൂചിക 1.19 ശതമാനം ഉയർന്നു.
ആഭ്യന്തര നിക്ഷേപകർ വാങ്ങൽ തുടരുകയാണ്. ഈ വർഷം ഇതുവരെ 4 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നടത്തിയത്. ഒരു കലണ്ടർ വർഷത്തിൽ ആഭ്യന്തര നിക്ഷേപകർ ഇത്രയും വലിയ സംഖ്യയുടെ നിക്ഷേപം നടത്തുന്നത് ആദ്യമായാണ്.
നേട്ടവും നഷ്ടവും ഈ ഓഹരികൾക്ക്
30 ഓഹരികളുള്ള സെൻസെക്സിൽ 21 ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നെസ്ലെ ഇന്ത്യ, എംആൻഡ് എം, അൾട്രടെക് സിമന്റ്, ബജാജ് ഫിൻസെർവ്, ടൈറ്റാൻ, മാരുതി സുസൂക്കി, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്‍യുഎൽ, ടാറ്റ മോട്ടോഴ്സ്, എൻടിപിസി എന്നിവ ഒന്ന് മുതൽ 3.45 ശതമാനം വരെ ഇടിഞ്ഞു.
നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ ഓഹരി ബജാജ് ഓട്ടോ, ശ്രീറാം ഫിനാൻസ്, ഹീറോ മോട്ടോക്രോപ്, നെസ്ലെ, എം ആൻഡ് എം എന്നിവയാണ്. ഐടി ഓഹരികളായ ടെക് മഹീന്ദ്ര, ഇൻഫോസിസ്, എൽ ആൻഡ് ടി എന്നിവയും പവർ ഗ്രിഡ് കോർപ്പറേഷൻ, എസ്ബിഐ എന്നിവ നേട്ടമുണ്ടാക്കി. സെക്ടറൽ സൂചികകളിൽ ഐടി സൂചിക ഒരു ശതമാനം നേട്ടമുണ്ടാക്കി. ബാക്കിയെല്ലാ സെക്ടറുകളും നഷ്ടത്തിലാണ്. ഓട്ടോ, മീഡിയ, റിലയിറ്റി, എന്നിവ 2-3 ശതമാനം വരെ ഇടിഞ്ഞു.
ഡോളറിനെതിരെ രൂപ ബുധനാഴ്ചയിലെ ക്ലോസിങ് നിലവാരത്തിൽ നിന്നും എട്ട് പൈസ ഇടിഞ്ഞ് 84.07 നിലവാരത്തിലെത്തി.