ഹരിയാനയിലെ പഞ്ച്കുളയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി തങ്ങളുടെ 15 ജീവനക്കാർക്ക് ദീപാവലിക്ക് മുന്നോടിയായി കാറുകൾ സമ്മാനിച്ചു. പഞ്ച്കുല വ്യാവസായിക മേഖലയിൽ സ്ഥിതി ചെയ്യുന്ന മിറ്റ്‌സ്‌കൈൻഡ് ഹെൽത്ത്‌കെയർ എന്ന സ്ഥാപനമാണ് 13 ടാറ്റ പഞ്ച് കാറുകളും രണ്ട് മാരുതി ഗ്രാൻഡ് വിറ്റാര മോഡലുകളും മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്ക് സമ്മാനിച്ചത്. കമ്പനി ഉടമ എം.കെ.ഭാട്ടിയ നേരിട്ട് കാറുകളുടെ താക്കോൽ കൈമാറി. ജീവനക്കാരുടെ അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും അദ്ദേഹം അഭിനന്ദിച്ചു.
അപ്രതീക്ഷിതമായി ലഭിച്ച സമ്മാനങ്ങൾക്ക് ജീവനക്കാർ നന്ദി അറിയിച്ചു. “മൂന്ന് വർഷം മുമ്പ്, ഞാൻ ചേരുമ്പോൾ, എല്ലാ ജീവനക്കാർക്കും ഒരു കാർ നൽകാനുള്ള തന്റെ സ്വപ്നം സാർ പങ്കുവെച്ചു. ഇന്ന്, അവൻ ആ സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുന്നു”മിറ്റ്‌സ്‌കൈൻഡ് ഹെൽത്ത്‌കെയറിലെ മുതിർന്ന എച്ച്ആർ ജീവനക്കാരിയായ വീനസ് പറഞ്ഞു.
ഇതാദ്യമായല്ല കമ്പനി ജീവനക്കാർക്ക് കാർ സമ്മാനമായി നൽകുന്നത്. കഴിഞ്ഞ വർഷം, 12 ജീവനക്കാർക്ക് വാഹനങ്ങൾ ലഭിച്ചു, ഇതോടെ മൊത്തം എണ്ണം 27 ആയി. വാഹനം ലഭിച്ചവരുടെ ഇന്ധനച്ചെലവ് ഇപ്പോഴും കമ്പനി തന്നെയാണ് വഹിക്കുന്നത്. കമ്പനിയിലെ എല്ലാ ജീവനക്കാർക്കും കാറുകൾ സമ്മാനിക്കണമെന്നതാണ് എം കെ ഭാട്ടിയയുടെ ആഗ്രഹമെന്നു കമ്പനിയുടെ എച്ച് ആർ വിഭാഗം പറയുന്നു. ഘട്ടം ഘട്ടമായതു നടപ്പിലാക്കാനാണ് ശ്രമങ്ങൾ.