Image credit: instagram.com/ratantata

TOPICS COVERED

രത്തന്‍ ടാറ്റയുടെ മരണ ശേഷം ടാറ്റ ട്രസ്റ്റിന്‍റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തിയത് അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റയാണ്. കമ്പനി സ്വത്തുകള്‍ നോയല്‍ ടാറ്റ നിയന്ത്രിക്കുമെങ്കിലും രത്തന്‍ ടാറ്റയുടെ വ്യക്തിഗത സ്വത്തുകള്‍ ആര്‍ക്ക് ലഭിക്കുമെന്നാതാണ് ചോദ്യം. അവിവാഹതനായ രത്തന്‍ ടാറ്റ ഇക്കാര്യത്തില്‍ വില്‍പത്രം തയ്യാറാക്കിയിട്ടുണ്ട്.

Also Read: താമസം രണ്ട് മുറി ഫ്ലാറ്റിൽ; ഫോണില്ല; രത്തൻ ടാറ്റയുടെ സ്വന്തം അനുജൻ ജിമ്മി ടാറ്റ

വില്‍പത്രം നടപ്പാക്കാന്‍ അഭിഭാഷകൻ ഡാരിയസ് ഖംബത, സുഹൃത്ത് മെഹ്ലി മിസ്ട്രി, അര്‍ധ സഹോദരിമായ ഷിറീന്‍, ഡീന്ന ജെജീഭോയ് എന്നിവരെയാണ് രത്തന്‍ ടാറ്റ ചുമതലപ്പെടുത്തിയത്. രത്തന്‍ ടാറ്റയുടെ അമ്മ സൂനോമിന്‍റെ രണ്ടാം വിവാഹത്തിലെ മക്കളാണ് ഷിറീനും ഡീന്ന ജെജീഭോയും. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമായ ഇരുവരും 1990 ല്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്‍റെ ബോര്‍ഡിലുണ്ടായിരുന്നു.  

രത്തന്‍ ടാറ്റയുടെ വിശ്വസ്തനായ മെഹ്ലി മിസ്ട്രിയാണ് മറ്റൊരാള്‍. ടാറ്റ ഗ്രൂപ്പിന്‍റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്‍റെ 52 ശതമാനം ഓഹരി കയ്യിലുള്ള സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ് എന്നിവയില്‍ ട്രസ്റ്റി കൂടിയാണിദ്ദേഹം. ടാറ്റ സണ്‍സിന് ടാറ്റ കമ്പനികളിലുള്ള ഓഹരികളുടെ മൂല്യം 16.71 ലക്ഷം കോടി രൂപയാണ്. 

Also Read: തൊട്ടാൽ പൊള്ളും! കുതിച്ച് സ്വർണ വില; ഒറ്റയടിക്ക് കൂടിയത് 640 രൂപ

രത്തന്‍ ടാറ്റയുടെ ആസ്തി

ടാറ്റ സണ്‍സില്‍ 0.83 ശതമാനം ഓഹരി പങ്കാളിത്തമാണ് രത്തന്‍ ടാറ്റയ്ക്കുള്ളത്. ഓഗസ്റ്റില്‍ പുറത്തുവന്ന 2024 ലെ ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം 7,900 കോടി രൂപയാണ് രത്തന്‍ ടാറ്റയുടെ ആസ്തി മൂല്യം. സമ്പത്തിന്‍റെ ഗണ്യമായൊരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കണമെന്ന നിലപാടാണ് രത്തന്‍ ടാറ്റയ്ക്ക്. എന്നാല്‍ അദ്ദേഹത്തിന്‍റെ വിൽപത്രത്തിന്‍റെ വിശദാംശങ്ങൾ സ്വകാര്യമാണ്.

പ്രൈവറ്റ് മാർക്കറ്റ് ഡാറ്റ കമ്പനിയായ ട്രാക്സനിലെ കണക്ക് പ്രകാരം 45 സ്റ്റാർട്ടപ്പുകളിൽ രത്തൻ ടാറ്റയ്ക്ക് നിക്ഷേപമുണ്ട്. ഒല, പേടിഎം, ഇക്കോമേഴ്സ് ഫർണിച്ചർ കമ്പനിയായ അർബൻ ലാഡർ, ലെൻസ്കാർട്ട്, ഹെൽത്ത്, ഫിറ്റനസ് പ്ലാറ്റ്ഫോമായ ക്യുയർഫിറ്റ്, അർബൻ കമ്പനി തുടങ്ങിയവയിൽ രത്തൻ ടാറ്റയ്ക്ക് നിക്ഷേപമുണ്ട്. 

രത്തൻ ടാറ്റയുടെ വ്യക്തിഗത നിക്ഷേപങ്ങൾ നടത്തിയത് ആർടിഎൻ അസോസിയേറ്റ് വഴിയാണ്. 2023 ലെ കണക്ക് അനുസരിച്ച് 296.96 കോടി രൂപയുടെ ആസ്തി കമ്പനിക്കുണ്ട്. 186 കോടി രൂപയുടെ നിക്ഷേപങ്ങളും 77.88 കോടി രൂപ പണമായും കമ്പനിയുടെ പക്കലുണ്ട്.

ENGLISH SUMMARY:

Ratan Tata owns personal wealth of 7,600 crore rupees; what happens next