മൂന്ന് ദിവസത്തെ നഷ്ടത്തില്‍ നിന്ന് തിരികെ കയറി ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്സ് 218 പോയന്‍റ് (0.27%) നേട്ടത്തില്‍ 81,227 ലും നിഫറ്റി 104 പോയന്‍റ് (0.42%) നേട്ടത്തില്‍ 24,854 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ്, ഓട്ടോ ഓഹരികളിലെ പ്രകടനത്തിന്‍റെ ചുവട് പിടിച്ചാണ് വെള്ളിയാഴ്ചയിലെ മുന്നേറ്റം.
സെന്‍സെക്സിന്‍റെ കുതിപ്പിന് പിന്നില്‍ ആക്സിസ് ബാങ്കാണ്. ഇന്നലെ മികച്ച രണ്ടാം പാദഫലം രേഖപ്പെടുത്തിയ ഓഹരി 5.57 ശതമാനം നേട്ടമുണ്ടാക്കി. ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ജെഎസ്‍ഡബ്ലു സ്റ്റീല്‍ എന്നിവ നേട്ടത്തിലാണ്. ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്‍റ്സ്, നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, ടെക് മഹീന്ദ്ര എന്നിവ നഷ്ടത്തിലാണ്.
സ്വകാര്യ ബാങ്കുകളിൽ നിന്നുള്ള സെപ്റ്റംബര്‍ പാദഫലം അനുകൂലമായതിനാല്‍ വരാനിരിക്കുന്ന ഫലങ്ങളെ പറ്റിയുള്ള പ്രതീക്ഷയിലാണ് ഫിനാന്‍ഷ്യല്‍ ഓഹരികള്‍ മുന്നേറ്റമുണ്ടാക്കിയത്. ചൈനയില്‍ മൂന്നാം പാദ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നത് മെറ്റല്‍ ഓഹരികളെയും നേട്ടത്തിലെത്തിച്ചു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി മെറ്റല്‍ സൂചികകള്‍ 1.57 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഐടി ഓഹരികളില്‍ ഇടിവുണ്ട്. വ്യാഴാഴ്ച പാദഫലം പുറത്ത് വന്നതിന് എല്‍ടിഐമിന്‍ഡ്ട്രീ, ഇന്‍ഫോസിസ് എന്നിവയാണ് കാര്യമായ നഷ്ടമുണ്ടാക്കിയത്. ഐടി സൂചിക 1.47 ശതമാനം ഇടിഞ്ഞു. നിഫ്റ്റിയില്‍ ആക്സിസ് ബാങ്കിനൊപ്പം വിപ്രോ, ഐഷര്‍ മോട്ടോര്‍സ്, ഐസിഐസിഐ ബാങ്ക്, ശ്രീറാം ഫിനാന്‍സ് എന്നിവ നേട്ടമുണ്ടാക്കി. ഇൻഫോസിസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഏഷ്യൻ പെയിന്റ്സ്, നെസ്ലെ, ടെക് മഹീന്ദ്ര എന്നിവയാണ് ഇടിവില്‍.
കേരള കമ്പനിയായ മണപ്പുറം ഫിനാന്‍സ് വെള്ളിയാഴ്ച 15 ശതമാനം വരെ ഇടിഞ്ഞു. സബ്സിഡിയറിയായ ആശിർവാദ് മൈക്രോഫിനാൻസിനെ വായ്പ നല്‍കുന്നതില്‍ നിന്ന് ആര്‍ബിഐ വിലക്കിയിരുന്നു. ഇതിന് പിന്നാലെ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ മണപ്പുറം ഫിനാന്‍സിനെ ഡൗണ്‍ഗ്രേഡ് ചെയ്തതാണ് ഓഹരിയിലെ ഇടിവിന് കാരണം. 2023 നവംബറിന് ശേഷമുള്ള താഴ്ന്ന നിലവാരത്തിലേക്ക് ഓഹരിയെത്തി.
മൂന്നാം പാദഫലം പുറത്തുവന്നതിന് പിന്നാലെ ധനലക്ഷ്മി ബാങ്ക് ഓഹരി 1.94 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. രണ്ടാം പാദത്തിലെ ലാഭം 11.4 ശതമാനം ഉയര്‍ന്ന് 25.8 കോടി രൂപയിലെത്തി. ഫെഡറല്‍ ബാങ്കും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഇന്നലെ രണ്ടാം പാദഫലം പുറത്തുവന്ന ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്‍റെ ഓഹരികള്‍ക്ക് ഇടിവുണ്ടായി. 7.14 ശതമാനം ഇടിവിലാണ് ജിയോജിത് ക്ലോസ് ചെയ്തത്.
ഈ ആഴ്ചയിലെ വ്യാപാരം ക്ലോസ് ചെയ്യുമ്പോള്‍ ആഴ്ചയില്‍ സെന്‍സെക്സ് 0.2 ശതമാനം ഇടിഞ്ഞു. നിഫ്റ്റിയുടെ ഇടിവ് 0.4 ശതമാനമാണ്.