ipo-this-week

തുടർച്ചയായ മൂന്നാം ആഴ്ചയിലാണ് ഇന്ത്യൻ ഓഹരി സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്. ആദ്യ ആഴ്ചയിലെ ഇടിവിൽ നിന്ന് കുറവുണ്ടായെങ്കിലും നിഫ്റ്റി ഉയരത്തിൽ നിന്ന് 5.40 ശതമാനം ഇടിവാലണ്യ സെൻസെക്സ് 5.9 ശതമാനം ഇടിവിലും. ഓഹരി വിപണിയിലെ സമീപകാല ഇടിവ് പ്രാഥമിക ഓഹരി വിപണിയെ കാര്യമായി ബാധിച്ചിട്ടില്ല. 

Also Read: സ്ലോ മോഡിൽ ഹ്യുണ്ടായി ഐപിഒ; ലിസ്റ്റിങ് നേട്ടം ഉന്നമിട്ട് ഈ ഐപിഒകൾ; സാധ്യത ഇങ്ങനെ

ഈ ആഴ്ചയിലും ബംപർ ഓഹരി വിൽപനയാണ് അരങ്ങേറുന്നത്. 10,985 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ഒൻപത് ഐപിഒകളാണ് ഈ ആഴ്ച വിപണിയിലെത്തുന്നത്. ഇതിനൊപ്പം ഹ്യുണ്ടായ് അടക്കമുള്ള കമ്പനികളുടെ ലിസ്റ്റിങും ഈ ആഴ്ച നടക്കും. 

വാരി എനർജീസ് ഐപിഒ

സോളർ ഫോട്ടോവോൾടിക് മൊഡ്യൂളുകൾ നിർമിക്കുന്ന കമ്പനിയായ വാരി എനർജിസിന്റെ പബ്ലിക്ക് ഇഷ്യുവാണ് ഈ ആഴ്ചയിലെ ആദ്യത്തേത്. 4321 കോടി രൂപയുടെ ഓഹരി വിൽപ്പനയിൽ 3,600 കോടി രൂപയുടെ പുതിയ ഓഹരികളും 721.44 കോടി രൂപയുടെ പഴയ ഓഹരികളും വിറ്റഴിക്കും.

കമ്പനിയുടെ പ്രമോട്ടറായ വാരി സസ്‌റ്റെയ്‌നബിൾ ഫിനാൻസ്, ചന്ദൂർക്കർ ഇൻവെസ്റ്റ്‌മെൻ്റ് എന്നിവ ഒഎഫ്എസിൽ ഓഹരികൾ വിൽക്കും. ഒക്ടോബർ 21 ന് ആരംഭിക്കുന്ന ഓഹരി വിൽപ്പന 23 ന് അവസാനിക്കും. 1427-1503 രൂപ യാണ് ഒരു ഓഹരിക്ക് നിശ്ചയിച്ചിരിക്കുന്ന ഓഹരി വില. 

ലിസ്റ്റിങ് നേട്ടം പ്രതീക്ഷിക്കുന്നൊരു ഐപിഒയാണിത്. 1,470 രൂപ പ്രീമിയത്തിലാണ് വാരി എനർജീസിന്റെ ഓഹരികൾ ​ഗ്രേ മാർക്കറ്റിൽ വ്യാപാരം നടക്കുന്നത്. അതായത് ഓഹരി 98 ശതമാനം നേട്ടത്തിൽ 2,973 രൂപയിൽ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. 

വിപണിയിലെ സമീപകാല ഇടിവ് പ്രാഥമിക ഓഹരി വിപണിയെ ബാധിച്ചിട്ടില്ല

ദീപക് ബിൽഡേഴ്സ് ആൻഡ് എൻജിനീഴേസ് ഇന്ത്യ

കൺസ്ട്രക്ഷൻ കമ്പനിയായ ദീപക് ബിൽഡേഴ്സ് ആൻഡ് എൻജിനീഴേസ് ഇന്ത്യയുടേത് 260 കോടി രൂപയുടെ ഓഹരി വിൽപ്പനയാണ്. ഒക്ടോബർ 21 ന് ആരംഭിച്ച് 23 ന് അവസാനിക്കും. 193-203 രൂപ നിരക്കിലാണ് ഓഹരി വില.

217.21 കോടി രൂപയുടെ പുതിയ ഓഹരികളും 42.83 കോടി രൂപയുടെ ഓഫർ ഫോർ സെയിലും അടങ്ങുന്നതാണ് ഐപിഒ. പ്രമോർട്ടറായ ദീപക് കുമാർ സിംഗൽ, ഭാര്യ സുനിത സിം​ഗൽ എന്നിവർ ഒഎഫ്എസ് വഴി ഓഹരി വിൽക്കും. 60 രൂപ പ്രീമിയത്തിലാണ് ​ഗ്രേ മാർക്കറ്റിൽ ഓഹരി വ്യാപാരം നടക്കുന്നത്. 

Also Read: ഒരാഴ്ചയ്ക്കിടെ വര്‍ധന 1,280 രൂപ; 58,000 രൂപയും കടന്ന് സ്വര്‍ണക്കുതിപ്പ്

ഗോദാവരി ബയോ റിഫൈനറീസ്

എത്തനോളും എത്തനോൾ അടിസ്ഥാനമാക്കിയുള്ള രാസവസ്തുക്കളും നിർമിക്കുന്ന ഗോദാവരി ബയോഫൈനറീസ് 555 കോടി രൂപയുടെ ഐപിഒ ആണ് സബ്സ്ക്രിപ്ഷന് ഒരുങ്ങുന്നത്. ഒക്ടോബർ 23-25 വരെയാണ് ഐപിഒ.

325 കോടി രൂപയുടെ പുതിയ ഓഹരികളും 229.75 കോടി രൂപയുടെ ഓഫർ ഫോർ സെയിലും അടങ്ങുന്നതാണ് ഐപിഒ. 334- 352 രൂപ നിലവാരത്തിലാണ് ഗോദാവരി ബയോ റിഫൈനറീസിന്റെ ഐപിഒ വില.

അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചർ 

മെയിൻബോർഡ് സെഗ്‌മെൻ്റിലെ അവസാന പ്രാരംഭ ഓഹരി വിൽപ്പനയാണ് ഷാപൂർജി പല്ലോൻജി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചറിന്റേത്. 5,430 കോടി രൂപ ലക്ഷ്യമിടുന്ന ഐപിഒ ഈ ആഴ്ചയിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനയാണ്.

1250 കോടി രൂപയുടെ പുതിയ ഓഹരികളും 4180 കോടി രൂപയുടെ ഒഎഫ്എസും അടങ്ങുന്നതാണ് ഐപിഒ. ഓഹരി വില ഒക്ടോബർ 21 ന് പ്രഖ്യാപിക്കും. ഒക്ടോബർ 25 ന് സബ്സ്ക്രിപ്ഷൻ ആരംഭിക്കും. 

എസ്എംഇ സെ​ഗ്മെന്റിലെ മറ്റ് ഐപിഒ വിശദാംശങ്ങൾ ഇങ്ങനെയാണ്,

* പ്രീമിയം പ്ലാസിന്റെ 26 കോടി രൂപയുടെ ഐപിഒ ഒക്ടോബർ 21 മുതൽ 23 വരെ നടക്കും. 46-49 രൂപയാണ് ഓഹരി വില.

* 197.90 കോടി രൂപയുടെ ധാനിഷ് പവർ ഐപിഒ ഓഹരി 22 ന് ആരംഭിച്ച് 24 ന് പൂർത്തിയാകും. 360-380 രൂപയാണ് ഐപിഒ ഓഹരിവില

* യുണൈറ്റഡ് ഹീറ്റ് ട്രാസ്ഫർ 30 കോടി രൂപയാണ് ഐപിഒ വഴി ലക്ഷ്യമിടുന്നത്. 22 മുതൽ 24 വരെയാണ് സബ്സ്ക്രിപ്ഷൻ തീയതി. ഓഹരി വില 56-59 രൂപ

* ഒബിഎസ്‍സി പെർഫെക്ഷന്റെ 66 കോടി രൂപയുടെ ഐപിഒ 22 ന് ആരംഭിച്ച് 24 ന് അവസാനിക്കും. 95-100 രൂപ നിലവാരത്തിലാണ് ഐപിഒ പ്രൈസ് ബാൻഡ്. 

* ഉഷ ഫിനാൻഷ്യൽ സർവീസസ് ഐപിഒ ലക്ഷ്യമിടുന്നത് 98.45 കോടി രൂപ സമാഹരിക്കാനാണ്. ഒക്‌ടോബർ 24 മുതൽ 28 വരെ സബ്‌സ്‌ക്രിപ്ഷൻ കാലയളവ്. ഓഹരി വില 160-168 രൂപ.

ഗ്രേ മാർക്കറ്റ് പ്രീമിയം

ഐപിഒയെ സ്വാധീനിക്കുന്നൊരു ഘടകമാണ് ​ഗ്രേ മാർക്കറ്റ് പ്രീമിയം. ഇഷ്യൂ വിലയ്ക്ക് മുകളിൽ നിക്ഷേപകർ എത്ര രൂപ പ്രീമിയം അടയ്ക്കാൻ തയ്യാറാകുന്നു എന്നാണ് ഗ്രേ മാർക്കറ്റ് പ്രീമിയം പറയുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നതിന് മുൻപ് ഓഹരി ഇടപാടുകൾ നടക്കുന്ന അനൗദ്യോഗിക വിപണിയാണ് ഗ്രേ മാർക്കറ്റ്. ഇവ യഥാർത്ഥ ലിസ്റ്റിംഗ് വിലയെ പ്രതിഫലിപ്പിച്ചേക്കില്ലെന്ന് നിക്ഷേപകർ ശ്രദ്ധിക്കണം.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)

Google News Logo Follow Us on Google News

ENGLISH SUMMARY:

Nine IPOs hitting the market this week; which ones offer listing gains.