stock-market-fall

കഴിഞ്ഞ രണ്ടു വര്‍ഷമായി കുതിപ്പിലായിരുന്നു പൊതുമേഖലാ ഓഹരികള്‍. കേരളത്തില്‍ നിന്നുള്ള കൊച്ചിന്‍ ഷിപ്‍യാഡ് അടക്കം നേട്ടത്തിന്‍റെ മുന്‍നിരയിലായിരുന്നു. രണ്ടു വര്‍ഷം കൊണ്ട് നിക്ഷേപകരുടെ സമ്പത്തില്‍ ആറു മടങ്ങിന്‍റെ വര്‍ധനയാണ് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ഉണ്ടാക്കിയത്.

ഇറക്കുമതി ആശ്രയത്വം കുറച്ച് ആഭ്യന്തര നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതും സര്‍ക്കാറിന്‍റെ ഉയര്‍ന്ന ചെലവാക്കല്‍ നയവും പ്രതിരോധം, റെയില്‍വെ, ഇലക്ട്രോണിക്സ് തുടങ്ങിയ സെക്ടറുകളിലെ ഓഹരികളില്‍ കാര്യമായ നേട്ടമുണ്ടാക്കി. നിക്ഷേപകര്‍ക്ക് കൈനിറയെ ലാഭം നല്‍കിയ ഈ ഓഹരികള്‍ ഇന്ന് ഇടിവിന്‍റെ പാതയിലാണ്. എന്താകും കാരണം. 

ബാങ്കിതര പൊതുമേഖലാ ഓഹരികളില്‍ 19 എണ്ണമാണ് ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 40-55 ശതമാനം വരെ ഇടിഞ്ഞത്. എംടിഎന്‍എല്‍, കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ്, ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഹുഡ്കോ, എംഎംടിസി, എന്‍ജിനിഴേസ് ഇന്ത്യ, ഭാരത് ഇമ്മ്യൂണോളജിക്സ്, എംഎസ്‍ടിസി, ഭാരത് ഡൈനാമിക്സ് എന്നിവ ഇക്കൂട്ടത്തിലുണ്ട്.

Also Read: അംബാനിക്ക് രണ്ടു ദിവസത്തിനിടെ നഷ്ടം 17,600 കോടി രൂപ; സമ്പന്നപട്ടികയില്‍ താഴോട്ട്

28 ഓഹരികളില്‍ 30-40 ശതമാനം വരെ ഇടിവ് കണ്ടു. ആകെ ലിസ്റ്റ് ചെയ്ത 64 പൊതുമേഖലാ കമ്പനികളുടെ വിപണി മൂല്യം ഓഗസ്റ്റ് ഒന്നിലെ സര്‍വകാല ഉയരത്തില്‍ നിന്നും നിന്ന് 8 ലക്ഷം രൂപയ്ക്കടുത്താണ് ഇടിഞ്ഞത്. 

ഉയര്‍ന്ന വാല്യുവേഷനും മന്ദഗതിയിലുള്ള വരുമാനവും ഓര്‍ഡര്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസവും ഇന്ന് പൊതുമേഖലാ ഓഹരികളെ പിന്നോട്ടടിപ്പിക്കുകയാണ്. കഴിഞ്ഞ രണ്ട് പാദങ്ങളില്‍ പൊതുമേഖലാ കമ്പനികളുടെ വരുമാനം ഉയര്‍ന്ന വാല്യുവേഷനുമായി ചേര്‍ന്ന് പോകുന്നതായിരുന്നില്ല.

ക്യാപിറ്റൽ ഗുഡ്‌സ്, പ്രതിരോധ സെക്ടറുകളില്‍ കമ്പനികൾ കരാറുകള്‍ തീര്‍പ്പാക്കുന്നതില്‍ വെല്ലുവിളികൾ നേരിട്ടു. ചെലവ് കുറഞ്ഞ സ്ഥിര നിക്ഷേപങ്ങളുടെ കുറവില്‍ ബുദ്ധിമുട്ടുന്ന ബാങ്കുകളുടെ വളർച്ചയും മന്ദഗതിയിലാണ്. ഇക്കാര്യങ്ങളാണ് പൊതുമേഖലാ ഓഹരികളുടെ ഇടിവിന് പ്രധാന കാരണം.

Also Read: വില്‍പ്പനയ്ക്കിടയിലും ഈ ഓഹരികള്‍ വിടാതെ വിദേശ നിക്ഷേപകര്‍; പ്ലാന്‍ ഇങ്ങനെ

ഓഹരിയിലെ ഇടിവ് പ്രീമിയം വാല്യുവേഷനില്‍ നിന്ന് താഴേക്ക് കൊണ്ടുവരുമെങ്കിലും ഓര്‍ഡര്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം, കമ്പനികളുടെ പാദഫലങ്ങള്‍, സര്‍ക്കാറിന്‍റെ ചെലവാക്കല്‍ എന്നിവ പരിഗണിച്ച് സമീപ ഭാവിയില്‍ ഓഹരിയില്‍ ചാഞ്ചാട്ടം തുടരുമെന്നാണ്   വിദഗ്ധരുടെ അനുമാനം. 

52 ശതമാനം ഇടിഞ്ഞ് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് 

ഒരു വര്‍ഷത്തിനിടെ കൊച്ചിന്‍ ഷിപ്‍യാഡ് ഓഹരികള്‍ 200 ശതമാനത്തിലധികം വളര്‍ന്നു. എന്നാല്‍ വര്‍ഷത്തിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 52 ശതമാനത്തിന്‍റെ ഇടിവിലാണ് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ഓഹരികളുള്ളത്.

2,979.45 രൂപ വരെ ഉയര്‍ന്ന കൊച്ചിന്‍ ഷിപ്‍യാഡ് ഓഹരികള്‍ ഇന്ന് വ്യാപാരം നടക്കുന്നത് 1,417 രൂപയിലാണ്. ജൂലൈയിൽ 75,000 കോടി രൂപയ്ക്ക് മുകളിലായിരുന്ന കമ്പനിയുടെ കമ്പനിയുടെ വിപണിമൂല്യം ഇന്ന് 37,449 കോടി രൂപയാണ്. 

ഉയര്‍ന്ന വാല്യുവേഷനൊപ്പം കേന്ദ്ര സര്‍ക്കാര്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി അഞ്ചു ശതമാനം ഓഹരി വിറ്റഴിച്ചതും കൊച്ചിന്‍ ഷിപ്‍യാഡിന് തിരിച്ചടിയായി. 

ഓഹരി വിൽപ്പന സാധാരണയായി വിപണിയിലെ ഓഹരികളുടെ വിതരണം വർധിപ്പിക്കുകയും ഓഹരി വിലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഓഹരി വില 1673 രൂപയിലുണ്ടായിരുന്ന സമയത്ത് 1540 രൂപയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിച്ചത്.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

Public Sector stocks plunge; Investors lose Rs 8 lakh crores in two months.