പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ രത്തന്‍ ടാറ്റയുടെ വിയോഗം മുതല്‍ അദ്ദേഹത്തിന്‍റെ സ്വത്തുവകകള്‍ ആര്‍ക്കെന്ന ചര്‍ച്ചകള്‍ ഉയരാന്‍ തുടങ്ങിയതാണ്. പതിനായിരം കോടിയോളം രൂപയുടെ സ്വത്ത് രത്തനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. രത്തന്‍ മുന്‍കൂട്ടി തയ്യാറാക്കിയ വില്‍പത്രം അനുസരിച്ച് ഇത് ആര്‍ക്കെല്ലാം നല്‍കണമെന്നത് കൃത്യമായി തീരുമാനിച്ചിട്ടുണ്ട്. രത്തന്‍റെ അരുമയായ നായ ടിറ്റോയ്ക്ക് ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കാന്‍ സ്വത്തില്‍ ഒരു ഭാഗം നീക്കി വച്ചിട്ടുണ്ട്. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ടിറ്റോയെ അഞ്ചോ ആറോ വര്‍ഷം മുന്‍പാണ് രത്തന്‍ ദത്തെടുത്തത്. രാജന്‍ ഷാ എന്നയാള്‍ക്കാണ് ടിറ്റോയുടെ ചുമതല. നായയ്ക്കായി സ്വത്ത് നീക്കി വയ്ക്കുന്നത് വിദേശത്ത് സാധാരണമാണെങ്കിലും ഇന്ത്യയില്‍ അത്യപൂര്‍വമാണ്.
രത്തന്‍റെ ദീര്‍ഘകാലത്തെ പാചകക്കാരനായിരുന്ന സുബ്ബയ്യയ്ക്കും സ്വത്തില്‍ ഒരു പങ്ക് അദ്ദേഹം നീക്കി വച്ചിട്ടുണ്ട്. മുപ്പത് വര്‍ഷത്തിലേറെയായി രത്തന്‍റെ രുചിവട്ടങ്ങളൊരുക്കിയിരുന്നത് സുബയ്യ ആയിരുന്നു. സന്തത സഹചാരിയും ഉറ്റസുഹൃത്തുമായിരുന്ന ശന്തനു നായിഡുവിനോടും സ്നേഹവും കരുതലും കാണിക്കാന്‍ രത്തന്‍ മറന്നില്ല. വിദേശത്ത് പോയി പഠിക്കുന്നതിനായി ശന്തനുവെടുത്ത വായ്പ എഴുതിത്തള്ളണമെന്നാണ് രത്തന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ആലിബാഗിലെ 2000 ചതുരശ്രയടി വിസ്തൃതിയുള്ള ബീച്ച് ബംഗ്ലാവ്, ജൂഹു താര റോഡിലെ ഇരുനിലക്കെട്ടിടം, 350 കോടി രൂപയിലേറെയുള്ള സ്ഥിര നിക്ഷേപം, ടാറ്റ സണ്‍സിലെ 0.83 ശതമാനം ഓഹരി എന്നിവയാണ് പ്രധാനപ്പെട്ട സ്വത്തുവകകള്‍. ഇതില്‍ ടാറ്റ സണ്‍സില്‍ രത്തനുള്ള ഓഹരികള്‍ രത്തന്‍ ടാറ്റ എന്‍ഡോവ്മെന്‍റ് ഫൗണ്ടേഷനിലേക്ക് മാറ്റും. ടാറ്റ സണ്‍സ് തലവന്‍ എന്‍. ചന്ദ്രശേഖരനാകും എന്‍ഡോവ്മെന്‍റ് ഫൗണ്ടേഷന്‍റെ തലപ്പത്തേക്ക് എത്തുക. അന്ത്യസമയം വരെ രത്തന്‍ ജീവിച്ച കൊളാബയിലെ ഹലേകൈ വസതി ടാറ്റ സണ്‍സിന്‍റെ തന്നെ ഇവാര്‍ട് ഇന്‍വെസ്റ്റ്മെന്‍റ്സിന് ലഭിക്കും. ഈ വസതി എന്ത് ചെയ്യണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇവാര്‍ട്ടിന്‍റേതാകും. ഹലേകൈയും ആലിബാഗിലെ വസതിയും രത്തന്‍ തന്നെയാണ് രൂപകല്‍പ്പന ചെയ്തത്. അതേസമയം, ആലിബാഗിലെ വസതിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
കടലിനഭിമുഖമായുള്ള ജുഹുവിലെ വസതി രണ്ട് പതിറ്റാണ്ടായി അടച്ചിട്ടിരിക്കുകയാണ്. ഇതില്‍ സഹോദരന്‍ ജിമ്മിക്കും, അര്‍ധ സഹോദരന്‍ നോയലിനും വളര്‍ത്തമ്മ സിമോണ്‍ ടാറ്റയ്ക്കും അവകാശമുണ്ട്. ഇത് വിറ്റേക്കുമെന്നാണ് സൂചനകള്‍.
ടാറ്റ സണ്‍സിലേതിന് പുറമെ ടാറ്റ ഗ്രൂപ്പിലെ മറ്റ് കമ്പനികളിലുള്ള രത്തന്‍റെ ഓഹരികളും എന്‍ഡോവ്മെന്‍റ് ഫണ്ടിലേക്ക് മാറ്റും. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയായാണ് രത്തന്‍ ടാറ്റ എന്‍ഡോവ്മെന്‍റ് ഫണ്ട് 2022 ല്‍ റജിസ്റ്റര്‍ ചെയ്തത്. ടാറ്റ മോട്ടോഴ്സില്‍ നിന്നും 147 കോടി രൂപയ്ക്ക് ടാറ്റ ടെക്നോളജീസിന്‍റെ ഓഹരി ആര്‍ടിഇഎഫ് വാങ്ങിയിരുന്നു. ഇതിന് പുറമെ ടാറ്റ ഡിജിറ്റലിന്‍റെ ഓഹരിയും കഴിഞ്ഞ വര്‍ഷം സ്വന്തമാക്കി. ആര്‍എന്‍ടി അസോസിയേറ്റ്സിലും ആര്‍എന്‍റ്റി അഡ്വൈസേഴ്സിലും നിക്ഷേപിച്ച തുകയും എന്‍ഡോവ്മെന്‍റ് ഫണ്ടിലേക്ക് മാറ്റും.
ആഡംബരക്കാറുകള്‍ ഉള്‍പ്പടെ 30 ഓളം കാറുകളുടെ ശേഖരം രത്തന്‍ ടാറ്റയ്ക്കുണ്ട്. ഇതെല്ലാം നിലവില്‍ കൊളാബയിലെ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ ലേലത്തില്‍ വില്‍ക്കാനോ അല്ലെങ്കില്‍ പൂണെയിലെ മ്യൂസിയത്തിലേക്ക് മാറ്റാനോ ആലോചനയുണ്ട്. രത്തന് ലഭിച്ച പുരസ്കാരങ്ങളും മറ്റും മ്യൂസിയത്തിലേക്ക് സംഭാവനയായി നല്‍കും. സ്വത്തിലെ പ്രധാന പങ്കും സഹോദരന്‍ ജിമ്മി, അര്‍ധസഹോദരിമാരായ ഷിറീന്‍, ഡിയന്ന ജെജീഭോയ് എന്നിവര്‍ക്കാകും ലഭിക്കുക. വില്‍പത്രം നടപ്പിലാക്കുന്നത് സംബന്ധിച്ച നിയമ നടപടികള്‍ മാസങ്ങളെടുത്താകും പൂര്‍ത്തിയാവുക.