വിദേശ നിക്ഷേപകരുടെ വില്‍പ്പനയില്‍ കനത്ത തിരിച്ചടി നേരിടുകയാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍. കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ സെന്‍സെക്സ് ഇടിഞ്ഞത് 1,822.7 പോയന്‍റ്. നിഫ്റ്റിക്ക് നഷ്ടം 673.25 പോയന്‍റ്. ഈ പ്രതിസന്ധികള്‍ തുടരുമ്പോഴാണ് പുതിയ വ്യാപാര ആഴ്ചയിലേക്ക് വിപണി കടക്കുന്നത്.
ഒക്ടോബര്‍ 28 ന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയില്‍ പുതിയ പ്രാഥമിക ഓഹരി വില്‍പ്പനകളൊന്നുമില്ല. അതേസമയം എട്ട് ലിസ്റ്റിങുകളാണ് ദീപാവലി ആഴ്ചയില്‍ വിപണിയെ കളറാക്കുന്നത്. വാരി എനര്‍ജീസ്, ദീപക് ബില്‍ഡേഴ്സ്, ഗോദാവരി ബയോഫൈനറീസ് അടക്കമുള്ള ഐപിഒകള്‍ ലിസ്റ്റിങ് നേട്ടത്തോടെ വിപണിയില്‍ ആരംഭം കുറിക്കുമെന്നാണ് വിലയിരുത്തുന്നത്.
വാരി എനര്‍ജീസ്
കഴിഞ്ഞാഴ്ച ഓഹരി വില്‍പ്പന ആരംഭിച്ചപ്പോള്‍ തന്നെ നിക്ഷേപകര്‍ക്കിടയില്‍ വാരി എനര്‍ജീസ് ഓഹരിക്ക് വലിയ താല്‍പര്യം കാണമായിരുന്നു. 76 മടങ്ങ് അധിക സബ്സ്ക്രിപ്ഷനാണ് ഐപിഒയ്ക്ക് ലഭിച്ചത്. 97 ലക്ഷം അപേക്ഷകളോടെ റെക്കോര്‍ഡും സ്വന്തമാക്കി. ഐപിഒയ്ക്ക് മുന്‍പ് തന്നെ ഗ്രേ മാര്‍ക്കറ്റില്‍ വലിയ പ്രീമിയത്തിലുള്ള വ്യാപാരമാണ് നിക്ഷേപകരില്‍ താല്‍പര്യമുണ്ടാക്കിയത്.
ഐപിഒ സബ്സ്ക്രിപ്ഷന്‍ ദിവസം 99 ശതമാനായിരുന്നു വാരി എനര്‍ജീസിന്‍റെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം. അലോട്ട്മെന്‍റ് ദിവസം 105 ശതമാനത്തിലേക്ക് ഉയര്‍ന്ന ശേഷം നിലവില്‍ ചെറിയ ഇടിവിലാണ്. ഞായറാഴ്ച വൈകീട്ടത്തെ കണക്ക് പ്രകാരം 86.50 ശതമാനം നേട്ടത്തോടെ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ് വാരി എനര്‍ജീസ് കാണിക്കുന്നത്. ഒക്ടോബര്‍ 28 ആണ് ലിസ്റ്റിങ് തീയതി.
1503 രൂപയാണ് വാരി എനര്‍ജീസിന്‍റെ ഉയര്‍ന്ന ഐപിഒ ഓഹരി വില. ഇതില്‍ നിന്നും 1,300 രൂപ നേട്ടത്തില്‍ 2,803 രൂപയില്‍ ഓഹരി ലിസ്റ്റ് ചെയ്തേക്കാം എന്ന സൂചനയാണ് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം കാണിക്കുന്നത്.
ദീപക് ബില്‍ഡേഴ്സ്
നിക്ഷേപകരില്‍ നിന്നും വലിയ താല്‍പര്യം കണ്ട ഐപിഒയാണ് ദീപക് ബില്‍ഡേഴ്സിന്‍റേത്. 41.5 മടങ്ങാണ് അധിക സബ്സ്ക്രിപ്ഷന്‍. ഒക്ടോബര്‍ 28 ന് ലിസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ദീപക് ബില്‍ഡേഴ്സ് 32 രൂപ പ്രീമിയത്തിലാണ് ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം നടക്കുന്നത്. 203 രൂപ ഐപിഒ വിലയുള്ള ഓഹരി 235 രൂപയില്‍ ലിസ്റ്റ് ചെയ്തേക്കാം എന്നാണ് വിലയിരുത്തല്‍.
പ്രീമിയം പ്ലാസ്റ്റ് ലിമിറ്റഡ് (ഒക്ടോബര്‍ 28), ഒബിഎസ്‍സി പെര്‍ഫെക്ഷന്‍– 29, യുണൈറ്റഡ് ഹീറ്റ് ട്രാന്‍സ്ഫര്‍– 29, ദാനിഷ് പവര്‍– 29, ഗോദവരി ബയോഫൈനറീസ്– 30, ഉഷ ഫിനാന്‍ഷ്യല്‍ സര്‍വീസ്- 31 എന്നിവയാണ് ഈ ആഴ്ച ലിസ്റ്റ് ചെയ്യുന്ന മറ്റു ഓഹരികള്‍.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)