ഓഹരി വിപണിയില്‍ സമീപ ആഴ്ചകളിലുണ്ടായ ഇടിവില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കളും ശമ്പളക്കാരുമായ ചെറുകിട നിക്ഷേപകരുടെ പണം സുരക്ഷിതമാക്കാന്‍ കോണ്‍ഗ്രസ് നടപടികളെടുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ് മാധ്യമ വിഭാഗം ചെയര്‍മാന്‍ പവന്‍ഖേരയുമായി സംസാരിക്കുന്ന വിഡിയോയിലാണ് രാഹുലിന്‍റെ അഭിപ്രായപ്രകടനം.
ഓഹരി വിപണിയെ 'അപകടങ്ങളുടെ ഇടം' എന്നാണ് വിഡിയോയില്‍ രാഹുല്‍ വിശേഷിപ്പിച്ചത്. റീട്ടെയില്‍ നിക്ഷേപകരുടെ പണം സുരക്ഷിതമാക്കാന്‍ പാര്‍ട്ടി നടത്തുന്ന പ്രചാരണത്തില്‍ ഭാഗമാകാന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുന്‍പാകെ സെബി അധ്യക്ഷ മാധബി പുരി ബുച്ച് ഹാജരാകാത്തതിനെയും കോണ്‍ഗ്രസ് ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് മാധബി പുരി ബുച്ച് ഹാജരാകാത്തതെന്നും ആരാണ് അവരെ സംരക്ഷിക്കുന്നതെന്നും പവന്‍ ഖേര ചോദിച്ചു. നിക്ഷേപകരുടെ പണം അപകടത്തിലാക്കാനും മോദിയുടെ സുഹൃത്ത് അധാനിക്ക് നേട്ടമുണ്ടാക്കുനമുള്ള ഗൂഡാലോചന നടക്കുന്നുണ്ടോയെന്നും പവന്‍ ഖേര ചോദ്യമുന്നയിച്ചു.
തുടര്‍ച്ചയായ നാലാമത്തെ വ്യാപാര ആഴ്ചയിലും ഇന്ത്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച 662.87 പോയന്‍റ് ഇടിവിലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 218.60 പോയന്‍റ് ഇടിഞ്ഞ് 24,180.80 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച മാത്രം നിക്ഷേപകര്‍ക്ക് 6.80 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. സെന്‍സെക്സിന് ഒരാഴ്ചയിലെ നഷ്ടം 1,822.7 പോയന്‍റാണ്. നിഫ്റ്റിക്ക് നഷ്ടം 673.25 പോയന്‍റ്.