അഞ്ച് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം നേട്ടത്തിലേക്ക് തിരികെ എത്തി ഇന്ത്യൻ ഓഹരി വിപണി. ബാങ്കിങ്, മെറ്റൽ ഓഹരികളിലെ മുന്നേറ്റവും ആഗോള മാർക്കറ്റിലെ അനുകൂല സാഹചര്യങ്ങളും അടക്കം വിപണിക്ക് ഉണർവായി. സെൻസെക്സ് 602.75 പോയന്‍റ് നേട്ടത്തിൽ 80,005.04 ലും നിഫ്റ്റി 158.35 പോയന്‍റ് ഉയർന്ന് 24,339.15 ലുമാണ് ക്ലോസ് ചെയ്തത്.
തിങ്കളാഴ്ച നേട്ടത്തോടെയാണ് സൂചികകൾ വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 1137 പോയൻറ് വരെ ഉയർന്ന് 80539 ൽ എത്തി. നിഫ്റ്റി 24,500 ന് അരികെ വരെയെത്തിയെങ്കിലും ഭേദിക്കാനായില്ല. നിഫ്റ്റി സ്മോൾകാപ് സൂചിക 1.20 ശതമാനവും മിഡ്കാപ് സൂചിക 0.83 ശതമാനവും ഉയർന്നു. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി പിഎസ്‍യു ബാങ്ക് നാലു ശതമാനം ഉയർന്നു. ബാങ്ക് ഓഫ് ബറോഡയുടെ മികച്ച പാദഫലം നിക്ഷേപകർക്കിടയിൽ പൊതുമേഖലാ ഓഹരികളോട് അനുകൂല ട്രെൻഡുണ്ടാക്കി. നിഫ്റ്റി മെറ്റൽ, നിഫ്റ്റി മീഡിയ, റിഫ്റ്റി റിയലിറ്റി സൂചികകൾ ഒരു ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കി.
നിലവിലെ ഇടിവ് നിക്ഷേപകർ ഉപയോഗപ്പെടുത്തിയതാണ് മുന്നേറ്റത്തിന്‍റെ ഒരു കാരണം. സർവകാല ഉയരത്തിൽ നിന്ന് നിഫ്റ്റി എട്ട് ശതമാനം ഇടിഞ്ഞു. മിഡ്‍കാപ്, സ്മോൾ കാപ് സൂചികകൾ ഒൻപതു ശതമാനത്തിന് മുകളിൽ ഇടിഞ്ഞു. താഴ്ന്ന വാല്യുവേഷനിൽ നിക്ഷേപകർ നിക്ഷേപം നടത്തിയതും വിപണിയെ അനുകൂലമാക്കി.
ഏഷ്യൻ വിപണികൾ അനുകൂലമായത് ഇന്ത്യയ്ക്കും നേട്ടമായി. ജപ്പാനിലെ തിരഞ്ഞെടുപ്പിൽ നിലവിലെ സഖ്യസർക്കാറിന് അധികാരം നഷ്ടമായതിന് പിന്നാലെ ജപ്പാനീസ് ഓഹരി വിപണി നേട്ടത്തിലേക്ക് എത്തിയത് മറ്റു ഏഷ്യൻ വിപണികളെ സ്വാധീനിച്ചു. ഇറാന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ സംഘർഷം അയയാനുള്ള സാധ്യത വർധിച്ചതാണ് മറ്റൊരു കാരണം. ആണവ, എണ്ണ നിലയങ്ങളെ സ്പർശിക്കാതെയുള്ള ഇസ്രയേൽ ആക്രമണം സംഘർഷം അയയുന്നു എന്ന സൂചനയാണ്. ഇതോടെ എണ്ണ വില ബാരലിന് മൂന്ന് ഡോളറിലധികം താഴേക്ക് വന്നത് വിപണിയെ അനുകൂലമാക്കി.
മോശം രണ്ടാം പാദഫലങ്ങൾക്കിടെ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്‍റെ മികച്ച റിസൾട്ട് വിപണിയിൽ അനുകൂലമായി. ഐസിഐസിഐ ബാങ്കിന്‍റെ ലാഭം 14.5 ശതമാനം വർധിച്ച് 11,746 കോടി രൂപയിലെത്തി. ഓഹരി നാല് ശതമാനം ഉയർന്ന് 1,305.90 രൂപയിലെത്തി. ബൻഡൻ ബാങ്കിന്‍റെ ലാഭം 30 ശതമാനം വർധിച്ചതോടെ ഓഹരി ഒൻപത് ശതമാനം മുന്നേറി. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഒരു ശതമാനത്തിന് മുകളിൽ നേട്ടത്തിലാണ്.
മോശം പാദഫലം ചില ഓഹരികളെ വീണ്ടും നഷ്ടത്തിലായ്ത്തി. കോൾ ഇന്ത്യ 4.20 ശതമാനം ഇടിഞ്ഞു. ബജാജ് ഓട്ടോ ഇടിവ് തുടരുകയാണ്. ആക്സിസ് ബാങ്ക്, ഹീറോ മോട്ടോക്രോപ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരത് ഇലക്ട്രോണിക്സ്, ട്രെൻഡ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.