donald-trump-gold-price

ട്രംപിന്‍റെ വിജയത്തിന് പിന്നാലെ രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞു തുടങ്ങി. ബുധനാഴ്ച വ്യാപാരത്തിനിടെ 2,704 ഡോളർ വരെ താഴ്ന്ന സ്വർണ വില മൂന്ന് ആഴ്ചയിലെ താഴ്ന്ന നിലവരാത്തിലെത്തി. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ യുഎസ് ഡോളർ ശക്തമായതും ട്രഷറി യീൽഡ് ഉയർന്നതുമാണ് സ്വർണ വിലയിൽ ഇടിവുണ്ടായത്.  

ബുധനാഴ്ച വ്യാപാരത്തിനിടെ 1.50 ശതമാനം വരെ ഇടിഞ്ഞ് 2700.60 ഡോളറിലെത്തിയ സ്വർണ വില 2722 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ വാരം 2,790.15 ഡോളറിലെത്തിയ സ്വർണമാണ് കനത്ത ഇടിവ് നേരിട്ടത്. ഡോളറും യുഎസ് ട്രഷറി ബോണ്ട് യീൽഡും ഉയർന്നതാണ് വിലയിടിവിന് കാരണമായത്.

ട്രംപിന്‍റെ നയങ്ങൾ പണപ്പെരുപ്പവും പലിശനിരക്കും ഉയർത്തുമെന്നാണ് വിപണി പൊതുവെ വിലയിരുത്തുന്നത്. ഇതിന്‍റെ ഭാ​ഗമായി ഡോളർ സൂചിക 1.90 ശതമാനം നേട്ടത്തോടെ 105.03 നിലവാരത്തിലേക്ക് ഉയർന്നു. നാല് മാസത്തെ ഉയർന്ന നിലവാരമാണിത്.  യുഎസ് 10 വർഷ ട്രഷറി ബോണ്ട് യീൽഡ് 4.42 ശതമാനത്തിലേക്കും എത്തി. ഡോളറും ബോണ്ടും ശക്തമാകുന്നത് പൊതുവെ സ്വർണ വിലയെ താഴേക്ക് എത്തിക്കും. 

യുദ്ധ ഭീതിയും സാമ്പത്തിക കാരണങ്ങളും കാരണം ഈ വർഷം ഇതുവരെ 30 ശതമാനമാണ് സ്വർണ വിലയിലുണ്ടായ മുന്നേറ്റം. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതും യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിലെ അനിശ്വിതത്വവും കാരണമാണ് സമീപമാസങ്ങളിൽ വില കത്തികയറിയത്. 

അതേസമയം ഇന്ന് കേരളത്തിൽ സ്വർണ വിലയിൽ വർധനവാണുണ്ടായത്. പവന് 80 രൂപ വർധിച്ച് 58,920 രൂപയിലാണ് കേരളത്തിലെ സ്വർണ വില. ഡോളറിനെതിരെ രൂപ ദുർബലമായതാണ് ഇന്ത്യൻ വിപണിയിൽ വില വർധനവിന് കാരണമായത്.

രൂപ ഡോളറിനെതിരെ 14 പൈസ ഇടിഞ്ഞ് 84.23 എന്ന സർവകാല ഇടിവിലാണ്.  രൂപ ദുർബലമായാൽ ഇറക്കുമതിച്ചെലവ് കൂടുന്നതാണ് സ്വർണ വിലയെ ബാധിച്ചത്. 

ട്രംപിന്‍റെ വിജയം കേരളത്തിൽ സ്വർണ വില കുറയ്ക്കുമോ?

ട്രംപിന്‍റെ വിജയത്തോടെ സ്വർണ വിലയിൽ ഇടിവുണ്ടായെങ്കിലും ട്രംപ് പ്രസിഡന്‍റ് പദത്തിലിരുന്ന മുൻകാലങ്ങളിൽ സ്വർണ വില വർധിച്ചു എന്നതാണ് ചരിത്രം. മറ്റു ഘടകങ്ങൾ സ്വാധീനിച്ചിരുന്നെങ്കിലും ട്രംപിൻറെ നിലപാടുകൾ യുഎസിലും വിദേശത്തുമുണ്ടാക്കിയ ചലനങ്ങളും സ്വർണ വില വർധനവിന് കാരണമായിട്ടുണ്ട്.

2017 ജനുവരി 20-ന് ട്രംപ് അധികാരമേറ്റപ്പോൾ 1,209 ഡോളറിലായിരുന്ന സ്വർണ വില. ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിയ ‌2021 ജനുവരി 19-ന് 1,839 യുഎസ് ഡോളറായിരുന്നു വില. 

ട്രംപിന്‍റെ കാലത്ത് സഖ്യകക്ഷികളുമായും എതിരാളികളുമായും വ്യാപാര യുദ്ധങ്ങളുണ്ടാകുന്നത് ഡോളറിന് തിരിച്ചടിയാണ്. ട്രംപ് ഭരണകൂടം നടപ്പിലാക്കിയ 'അമേരിക്ക ഫസ്റ്റ്' നയങ്ങളും ഉപരോധങ്ങളും വിശ്വസനീയമായ വ്യാപാര പങ്കാളി എന്ന യുഎസിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയെ യുഎസിൽ നിന്ന് അകറ്റാനും കരുതൽ ധനമായി ഡോളറിന് പകരം സ്വർണത്തെ സ്വീകരിക്കാൻ രാജ്യങ്ങളെ പ്രേരിപ്പിച്ചതും വിലയെ സ്വാധീനിച്ചു. നിലവിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും 'അമേരിക്ക ഫസ്റ്റ്' പോളിസിയിൽ മാറ്റമൊന്നും ട്രംപ് വരുത്തിയിട്ടില്ല. ഇതുകാരണം സ്വർണ വില വർധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ENGLISH SUMMARY:

International gold prices drop after trump's win, will gold prices fall in kerala.