വിദേശ നിക്ഷേപകരുടെ ഒഴുക്കും കമ്പനികളുടെ നിരാശാജനകമായ രണ്ടാം പാദഫലങ്ങളും വാല്യുവേഷൻ ആശങ്കകളും കാരണം ഇടിവ് തുടരുന്നതിനിടയിലാണ് ഓഹരി വിപണിക്ക് നേട്ടത്തിന്റെ ദിവസങ്ങൾ വരുന്നത്. ട്രംപിന്റെ വിജയം 900 പോയിന്‍റ് നേട്ടത്തിലാണ് സെൻസെക്സിനെ കൊണ്ടെത്തിച്ചത്.
നികുതി ഇളവുകൾ, വർധിപ്പിക്കുന്ന സർക്കാർ ചെലവാക്കലുകൾ തുടങ്ങിയ നയങ്ങളുള്ള ട്രംപിന്റെ വരവ് ഇക്വിറ്റി നിക്ഷേപകർക്ക് നേട്ടമായി. യുഎസ് പ്രധാന വിപണിയായ ഐടി ഓഹരികളാണ് ഇന്നത്തെ റാലിക്ക് ഊർജം നൽകിയത്.
Also Read: വമ്പനായി ട്രംപ്; സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടം; കേരളത്തിൽ വില കുറയുമോ?
ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾ ഇന്ത്യയ്ക്ക് അനുകൂലും പ്രതികൂലവുമാകാനുള്ള സാധ്യതയാണ് വിപണി വിദഗ്ധർ കാണുന്നത്. ട്രംപ് പ്രസിഡന്റ് കസേരയിലിരിക്കുന്നത് ഇന്ത്യൻ കയറ്റുമതി മേഖലകൾക്ക് അനുകൂലമാകും. ട്രംപിന്റെ ചൈന വിരുദ്ധ വികാരവും ചൈനീസ് ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയേക്കാവുന്ന ഉയർന്ന താരിഫും ഇന്ത്യയ്ക്ക് അവസരമാണ്.
ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 60 ശതമാനം താരിഫാണ് ട്രംപ് നിർദ്ദേശിക്കുന്നത്. യുഎസ് വിപണിയിലുള്ള ഓട്ടോ പാർട്സ്, സോളർ ഉപകരണങ്ങൾ, കെമിക്കൽ തുടങ്ങിയ സെക്ടറുകളിലെ ഇന്ത്യൻ കമ്പനിക്ക് നേട്ടമാകും. ട്രംപിന്റെ ഫോസിൽ ഫ്യുവൽ പോളിസി ഊർജമേഖലയിലെ ചെലവ് കുറയക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ഇന്ത്യൻ ഓയിൽ കമ്പനികളെ അനുകൂലമായാണ് ബാധിക്കുക.
Also Read: ലുലു റീറ്റെയ്ൽ ഐപിഒയ്ക്ക് മൂന്ന് ലക്ഷം കോടി രൂപയുടെ ഡിമാന്‍റ്; അന്തിമ ഓഹരി വില 2.04 ദിര്‍ഹം
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തോടെ വിപണിയുണ്ടാക്കിയ നേട്ടം താൽക്കാലികം മാത്രമാണെന്നാണ് വിപണി വിദഗ്ധരുടെ അനുമാനം. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളുടെ വിജയത്തിലെല്ലാം ഇന്ത്യൻ വിപണി നേട്ടമുണ്ടാക്കിയിട്ടുണ്ട്.
മുൻകാല തിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്ത്യൻ വിപണിക്ക് ഹ്രസ്വകാല നേട്ടം നൽകിയവയാണ്. കഴിഞ്ഞ മൂന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളോടും ഇന്ത്യൻ വിപണി അനുകൂലമായാണ് പ്രതികരിച്ചതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മുൻകാല റിട്ടേൺ പരിശോധിച്ചാൽ പ്രാരംഭ വിപണി നേട്ടങ്ങൾക്കപ്പുറം ട്രംപിന്റെ നയങ്ങൾ ഇന്ത്യൻ വിപണിക്ക് തിരിച്ചടിയാണ്. ട്രംപിന്റെ ആദ്യ ടേമിൽ നാസ്ഡാക്ക് 77 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി 38 ശതമാനം മാത്രമാണ് ഉയർന്നത്.
വിദേശ നിക്ഷേപം എത്തുമോ?
ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പിച്ച ശേഷം ഡോളറും യുഎസ് ബോണ്ടും കുത്തനെ ഉയർന്നു. ഡോളർ സൂചിക 105 നിലവാരത്തിന് മുകളിലേക്ക് പോയപ്പോൾ 10 വർഷ ട്രഷറി ബോണ്ട് യീൽഡ് 4.40 ശതമാനത്തിന് മുകളിലെത്തി.
ട്രംപിൻ്റെ സാമ്പത്തിക നയങ്ങൾ ഡോളറിനെയും ബോണ്ട് യീൽഡിനെയും ശക്തമാക്കുന്നവയാണ്. ഡോളർ ശക്തിപ്പെടുമ്പോൾ നിക്ഷേപം യുഎസിലേക്ക് എത്തും. താരിഫ് വർദ്ധന, നികുതി വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നിലപാട് യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് നയത്തെ സ്വാധീനിക്കും. ഇത് നിലവിലെ പലിശ നിരക്ക് കുറയ്ക്കൽ മന്ദഗതിയിലാകാനും സാധ്യതയുണ്ട്
പലിശ നിരക്ക് കുറയ്ക്കുന്നത് വീണ്ടും വൈകിയാൽ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ വരവ് പിന്നെയും കുറയും. യുഎസ് പലിശ നിരക്കും എമേർജിങ് മാർക്കറ്റിലേക്കുള്ള വിദേശ നിക്ഷേപവും വിപരീത ദിശയിലാണ്. ഡോളർ ശക്തമാകുന്നത് വിദേശ നിക്ഷേപകരെ ഇന്ത്യ പോലുള്ള എമേർജിങ് വിപണികളിൽ നിന്ന് പിന്മാറുന്നതിന് കാരണമാകും. ഇത് ഇന്ത്യൻ ഓഹരി വിപണിക്ക് തിരിച്ചടിയാകും.