ഒക്ടോബറിലെ 94,017 കോടി രൂപയുടെ വില്‍പനയ്ക്ക് ശേഷം നവംബറിലും വില്‍പ്പന നിര്‍ത്താതെ വിദേശ നിക്ഷേപകര്‍. നവംബറിലെ ആദ്യ ആറു വ്യാപാര സെക്ഷനുകളിലായി 23,398 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റത്. വ്യാഴാഴ്ച വരെ 19,994 കോടി രൂപയുടെതായിരുന്നു വില്‍പന. വെള്ളിയാഴ്ച 3,404 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റത്. വിദേശ നിക്ഷേപകരുടെ ചൈന അനുകൂല നിലപാടിനൊപ്പം ട്രംപും ഇന്ത്യയ്ക്ക് ഭീഷണിയാകുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
'ബൈ ചൈന, സെല്‍ ഇന്ത്യ' നിലപാടിലാണ് വിദേശ നിക്ഷേപകര്‍. ഇന്ത്യന്‍ ഓഹരി വിപണിയിലെ ഉയര്‍ന്ന വാല്യുവേഷനും ഇതിനെ പിന്തുണയ്ക്കാത്ത രണ്ടാം പാദ ഫലങ്ങളുമാണ് വിദേശ നിക്ഷേപകരെ ഇന്ത്യന്‍ വിപണിയിലെ വില്‍പനക്കാരാക്കിയത്. ആകർഷകമായ വാല്യുവേഷനും ഉയർന്ന വളർച്ച സാധ്യതയുമാണ് വിദേശ നിക്ഷേപകര്‍ ചൈനീസ് വിപണിയില്‍ കാണുന്നത്. മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും വിദേശ നിക്ഷേപം ആകർഷിക്കാനും ചൈന അടുത്തിടെ നിരവധി ഉത്തേജക നടപടികൾ അവതരിപ്പിച്ചിട്ടുണ്ട്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തിന് പിന്നാലെ യുഎസ് മാര്‍ക്കറ്റിലുണ്ടായ കുതിപ്പും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതും നിക്ഷേപകരെ സ്വാധീനിച്ചു എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കോര്‍പ്പറേറ്റ് ടാക്സ് കുറയ്ക്കുമെന്ന ട്രംപിന്‍റെ വാഗ്ദാനം യുഎസ് കമ്പനികളുടെ വരുമാനത്തില്‍ നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലാണ് മുന്നേറ്റത്തിന് പിന്നില്‍. ട്രംപിന്‍റെ വിജയത്തിന് പിന്നാലെ ശക്തമായ യുഎസ് ഡോളറും ട്രഷറി യീല്‍ഡും വിദേശ നിക്ഷേപകരെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കലിന് കാരണമാകുമെന്നും വിലയിരുത്തലുണ്ട്.
ഒരു ട്രെൻഡ് റിവേഴ്സലിന്‍റെ സാധ്യതയ്ക്കുള്ള ഡാറ്റ വരുന്നത് വരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരിയുടെ വിൽപ്പന തുടര്‍ന്നേക്കാം എന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിനൊപ്പം വരുന്ന ആഴ്ചകളില്‍ ആഭ്യന്തര ഘടകങ്ങളാകും ഇന്ത്യന്‍ വിപണിയെ ചലിപ്പിക്കുക. 2025 ജനുവരി വരെ ട്രംപ് അധികാരമേല്‍ക്കാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ ആഭ്യന്തര കാരണങ്ങളാകും ഇന്ത്യന്‍ വിപണിയെ ചലിപ്പിക്കുക. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്, കമ്പനികളുടെ പാദഫലങ്ങള്‍, ഇടിവിനോടുള്ള റീട്ടെയില്‍ നിക്ഷേപകരുടെ പ്രതികരണം എന്നിവ വിപണിയെ സ്വാധീനിക്കും.