ഗൗതം അദാനിക്കെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കൈക്കൂലി കേസിന് പിന്നാലെ നിക്ഷേപകര്‍ക്ക് വലിയ തിരിച്ചടയും സാമ്പത്തിക നഷ്ടവുമാണുണ്ടായത്. അദാനിക്ക് രാജ്യാന്തര തലത്തില്‍ പേരുദോഷവുമുണ്ടായി. ഇതിനെല്ലാം മൂലകാരണമായ കേസും അന്വേഷണവും തുടങ്ങുന്നത് ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ഒരു കുഞ്ഞന്‍ കമ്പനിയില്‍ നിന്നാണ്.
ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ 2022-23 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കൈക്കൂലിയുടെ ആദ്യ വിവരങ്ങള്‍ വരുന്നത്. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിവരം നല്‍കുന്ന രണ്ടുപേരുടേതായ പരാതികള്‍ 2022 മെയ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഓഡിറ്റ് കമ്മിറ്റിക്ക് ലഭിച്ചു .
ഈ കമ്പനി ഇന്ത്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ അനധികൃത പണമിടപാടുകളെ സംബന്ധിച്ചായിരുന്നു ഇത്. കമ്പനി ആഭ്യന്തര അന്വേഷണം നടത്തിയെങ്കിലും പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. പിന്നീട് പരാതിയും കണ്ടെത്തലുകളും യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റിനും മാര്‍ക്കറ്റ് റെഗുലേറ്ററായ യുഎസ് സെക്യൂരിറ്റി എക്സ്ചേഞ്ച് കമ്മിഷനും കൈമാറുകയായിരുന്നു.
അന്വേഷണം അദാനിയിലേക്ക്
ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍റെ അന്വേഷണമാണ് കറങ്ങിതിരിഞ്ഞ് അദാനി ഗ്രൂപ്പിലേക്ക് എത്തുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി തെളിവുകള്‍ നല്‍കുന്നതിന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ 2023 മാര്‍ച്ചില്‍ സാഗര്‍ അദാനിക്ക് നിയമാനുസൃതം നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ ഇക്കാര്യം മറച്ചുവച്ചാണ് അദാനി ഗ്രൂപ്പ് അദാനി ഗ്രീന്‍ എനര്‍ജിക്കായി അമേരിക്കന്‍ നിക്ഷേപകര്‍ അടക്കമുള്ള വിദേശ നിക്ഷേപകരില്‍ നിന്നും 2 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേം സ്വീകരിച്ചതെന്ന് യുഎസ് ജസ്റ്റിക് ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്തമാക്കുന്നു.
കൈകൂലി വിവരം മറച്ചു വെയ്ക്കുന്നതിനൊപ്പം തെറ്റായ വിവരങ്ങള്‍ നിക്ഷേപകരുമായി പങ്കുവച്ചു എന്നതാണ് ഗൗതം അദാനിക്കും സാഗര്‍ അദാനിക്കും എതിരെയുള്ള കുറ്റം, ഗൗതം അദാനിയാണ് അദാനി ഗ്രീന്‍ എനര്‍ജിയുടെ ചെയര്‍മാന്‍. സാഗര്‍ അദാനി എക്സിക്യൂട്ടിവ് ഡയറക്ടറാണ്.
അസുര്‍ പവര്‍
ഇന്ത്യന്‍– അമേരിക്കന്‍ റിന്യൂവബിള്‍ എനര്‍ജി സംരംഭകനായ ഇന്ദ്രപ്രീത് വാധ്വ 2008 ല്‍ ആരംഭിച്ച കമ്പനിയാണ് അസുര്‍ പവര്‍. 2016 ലാണ് കമ്പനി ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. 2019,2020 വര്‍ഷങ്ങളില്‍ കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടായ സിഡിപിക്യുവിന് പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ അനുവദിച്ചിരുന്നു.
2020 അവസാനത്തോടെ അസുര്‍ പവറിന്‍റെ 51 ശതമാനം ഓഹരികളും സിഡിപിക്യുവിന്‍റെ കയ്യിലാണ്. കഴിഞ്ഞ വര്‍ഷം കമ്പനി ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്നും ഡിലിസ്റ്റ് ചെയ്തിരുന്നു.
അഴിമതി ഇങ്ങനെ
റിന്യുവബിള്‍ എനര്‍ജി മന്ത്രാലയത്തിന് കീഴിലുള്ള സോളര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്ഇസിഐ) 2019 ഡിസംബറിലാണ് 10 ജിഗാവാട്ട് വൈദ്യുതി ഉത്പ്പാദി്പപിക്കുന്നതിനുള്ള പദ്ധതിയില്‍ അസുര്‍ പവറിനെയും അദാനി ദ്രീന്‍ പവറിനെയും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്.
അസൂര്‍ പവര്‍ 2 ജിഗാവാട്ട് വൈദ്യുതിയും അദാനി ഗ്രീന്‍ എട്ട് ജിഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കാനാണ് കരാര്‍. ഇരു കമ്പനികളും ബില്യണ്‍ ഡോളര്‍ വരുമാനം പ്രതീക്ഷിച്ച കരാറായിരുന്നു ഇത്.
എന്നാല്‍ പ്രതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങള്‍. സോളര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും വൈദ്യുതി വാങ്ങേണ്ട സംസ്ഥാനങ്ങള്‍ അസുര്‍– അദാനി കരാറില്‍ പറഞ്ഞ തുകയ്ക്ക് വൈദ്യുത വാങ്ങാന്‍ പവര്‍ സപ്ലൈ കരാറിലെത്താന്‍ തയ്യാറാകാഞ്ഞത് ഇരുവര്‍ക്കും തിരിച്ചടിയായി.
2019 ല്‍ വിലയിലുണ്ടായ ചാഞ്ചാട്ടം കാരണം മറ്റിടങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങാം എന്നായിരുന്നു സംസ്ഥാനങ്ങളുടെ നിലപാട്.
ഓരോ മെഗാവാട്ടിനും കൈക്കൂലി
സംസ്ഥാനങ്ങള്‍ സോളര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി തങ്ങള്‍ക്ക് അനുകൂലമായ തുകയ്ക്ക് പവര്‍ സപ്ലൈ കരാറിലേര്‍പ്പെടാന്‍ അങ്ങനെയാണ് കൈകൂലി നല്‍കാന്‍ അദാനിയും അസുര്‍ പവറും തീരുമാനിക്കുന്നത്. 2021 ഓഗസ്റ്റില്‍ ഗൗതം അദാനിയും 2021 സെപ്റ്റംബര്‍ 12 ന് സാഗര്‍ അദാനിയും ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഉദ്യേസ്ഥരെ കണ്ടതായി യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്മാക്കുന്നു.
7,000 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിന് കൈകൂലി നല്‍കാമെന്ന് ഈ കൂടികാഴ്ചയില്‍ തീരുമാനമാകുന്നു. ഇതുപ്രകാരം ഒരുമെഗാവാട്ടിന് 25 ലക്ഷം വെച്ച് കൈക്കൂലി നല്‍കിയെന്നാണ് യുഎസിലെ കണ്ടെത്തല്‍. വിവിധ സര്‍ക്കാറുകള്‍ക്കായി മൊത്തം 2029 കോടി രൂപയുടെ കൈക്കൂലിയാണ് നല്‍കിയത്.
അദാനിക്ക് നഷ്ടം
അദാനിക്കെതിരായ കൈക്കൂലി ആരോപണത്തിന് പിന്നാലെ 2.60 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വിപണിയില്‍ അദാനിക്കുണ്ടായത്. അദാനി ഗ്രൂപ്പ് ഓഹരികള്‍ 20 ശതമാനം വരെ വ്യാഴാഴ്ച ഇടിഞ്ഞിരുന്നു. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ നഷ്ടത്തിന് ശേഷം ഇത്രയും വലിയ ഇടിവ് അദാനിക്ക് ഉണ്ടാകുന്നത് ആദ്യമാണ്.
എന്നാല്‍ തിരിച്ചുവരവിന്‍റെ പാതയിലാണ് അദാനി ഓഹരികള്‍. തിങ്കളാഴ്ച അദാനി എന്‍റര്‍പ്രൈസ് നാല് ശതമാനവും അദാനി പോര്‍ട്ട് അഞ്ച് ശതമാനവും അദാനി എനര്‍ജി സൊല്യുഷന്‍ ഏഴു ശതമാനവും ഉയര്‍ന്നു. അദാനി ടോട്ടല്‍ ഗ്യാസ്– 7 ശതമാനം, അദാനി ഗ്രീന്‍ എനര്‍ജി– 6 ശതമാനം, അദാനി ടോട്ടല്‍ ഗ്യാസ്– 5 ശതമാനം, അദാനി പവര്‍ 4 ശതമാനം എന്നിവ നേട്ടമുണ്ടാക്കി.