വര്‍ഷാവസാനത്തിലേക്ക് കടക്കുമ്പോള്‍ പോക്കറ്റ് കാലിയാകുമോ? ഭവന വായ്പയെടുത്തവരാണെങ്കില്‍ അതിനുള്ള തീരുമാനം ഡിസംബറിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗം പലിശ കുറയ്ക്കുമോ എന്നതാണ് ഡിസംബറില്‍ കാത്തിരിക്കുന്ന ചോദ്യം.
ഇതിനൊപ്പം ആധാര്‍ സൗജന്യ സേവനത്തിന്‍റെ സമയ പരിധി ഡിസംബറില്‍ തീരാനിരിക്കുകയാണ്. ആദായ നികുതി റിട്ടേണ്‍, അഡ്വാന്‍സ് ടാക്സ് എന്നിവയുടെ സമയ പരിധിയും ഡിസംബറില്‍ അവസാനിക്കും.
Also Read: ഡിസംബറില്‍ നല്ല തുടക്കം; സ്വര്‍ണ വില പവന് 480 കുറഞ്ഞു
പലിശ കുറയുമോ?
ഡിസംബര്‍ മാസത്തില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം കാത്തിരുന്ന പ്രധാന തീരുമാനമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗം. ഡിസംബര്‍ ആറിനാണ് യോഗം.
പത്താം തവണയും അടിസ്ഥാന പലിശ നിരക്കായ റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ നിലനിര്‍ത്തുകയാണ് റിസര്‍വ് ബാങ്ക് ചെയ്തത്. ഡിസംബര്‍ യോഗത്തില്‍ പലിശ നിരക്ക് കുറച്ചാല്‍ അത് വായ്പ പലിശ നിരക്കുകളിലും കുറവുണ്ടാക്കും.
ആധാര്‍ സേവനത്തിന് പണം നല്‍കണം
സൗജന്യമായി ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബര്‍ 14 ന് അവസാനിക്കുമെന്നാണ് യുണീക് ഐഡന്‍ഡിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചിരിക്കുന്നത്.
ആധാര്‍ രേഖയിലുള്ള പേര്, മേല്‍വിലാസം, ജനന തീയതി തുടങ്ങിയ നിലവില്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി തിരുത്താം. ഡിസംബര്‍ 14 ന് ശേഷം 50 രൂപ ചിലവ് വരും. 10 വര്‍ഷമായ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് യുഐഡിഎഐ ആവശ്യപ്പെട്ടത്. എന്നാലിത് നിര്‍ബന്ധമല്ല.
അഡ്വാന്‍സ് നികുതി
അഡ്വാന്‍സ് നികുതിയാണ് ഡിസംബറില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. സാമ്പത്തിക വര്‍ഷത്തില്‍ നികുതി ബാധ്യത 10,000 രൂപയ്ക്ക് മുകളില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നവര്‍ അഡ്വാന്‍സ് ടാക്സ് അടയ്ക്കണം. പ്രതീക്ഷിക്കുന്ന അഡ്വാന്‍സ് ടാക്സിന്‍റെ ബാക്കിയുള്ള ഭാഗം ഡിസംബര്‍ 15 നകം അടച്ചു തീര്‍ക്കണം.
ക്രെഡിറ്റ് കാര്‍ഡ്
ആക്സിസ് ബാങ്ക്, ഇക്സിഗോ എയു ക്രെഡിറ്റ് കാര്‍ഡുകളില്‍ ഡിസംബര്‍ മുതല്‍ മാറ്റം വരുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഫീസിലാണ് ആക്സിസ് ബാങ്ക് മാറ്റം വരുത്തിയത്. ഡിസംബര്‍ 20 മുതല്‍ ഇത് പ്രാബല്യത്തിലാകും. എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഇക്സിഗോ ക്രെഡിറ്റ് കാര്‍ഡില്‍ റിവാര്‍ഡ് പോയിന്‍റ് പോളിസിയിലാണ് മാറ്റം.
ആദായ നികുതി റിട്ടേണ്‍
2024 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ജൂലൈ 31 നുള്ളില്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ബിലേറ്റഡ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഡിസംബര്‍ 31 ആണ്. ഡിസംബര്‍ 31 വരെ 5,000 രൂപ പിഴയോടെ റിട്ടേണ്‍ സമര്‍പ്പിക്കാം. വരുമാനം 5 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ 1,000 രൂപയാണ് പിഴ.