ഉപ്പ് ചേർത്ത പോപ്കോൺ സാധാരണക്കാരന്‍റേത്, മധുരം പണക്കാരന്‍റേത്, പോപ്കോണിന്‍റെ ജിഎസ്ടിയിൽ വന്ന മാറ്റത്തോട് സമൂഹ മാധ്യമത്തിൽ വന്ന പ്രതികരണങ്ങളിലൊന്നാണിത്.
പോപ്കോണിന് 18 ശതമാനം ജിഎസിടിയാണെങ്കിൽ അടുത്തത് വായുവും സൂര്യപ്രകാശവുമാണെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു. ജിഎസ്ടി കൗൺസിലിൻറെ 55-ാം ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷമാണ് പോപ്കോൺ ഇത്രയും ചർച്ചയാകുന്നത്.
വ്യത്യസ്ത തരം പോപ്കോണുകൾക്ക് വെവ്വേറെ ജിഎസ്ടി ചുമത്താനുള്ള ജിഎസ്ടി കൗൺസിൽ തീരുമാനമാണ് ട്രോളുകൾക്കും വിമർശനങ്ങൾക്കും കാരണമായത്. ഉപ്പും എരുവും ചേർത്തതും നോൺ ബ്രാൻഡഡുമായ പോപ്കോണുകൾക്ക് അഞ്ച് ശതമാനം ജിഎസ്ടിയാണ് ചുമത്തുക.
പ്രീ പാക്കേജ്ഡ് ബ്രാൻഡഡ് പോപ്കോണിന് 12 ശതമാനം ജിഎസ്ടി വരും. കാരമൽ ചേർത്ത പോപ്കോൺ മധുരമിഠായി എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി 18 ശതമാനം ജിഎസ്ടിയാണ് ഈടാക്കുക.
മധുരം ചേർത്ത ഉത്പ്പന്നങ്ങൾക്ക് നികുതി ചുമത്തുന്നത് വ്യത്യസ്തമായാണെന്നും അതിനാലാണ് കാരമൽ ചേർത്ത പോപ്കോണിന് 18 ശതമാനം നികുതി വരുന്നതെന്നും ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി.
കുറഞ്ഞ നികുതി വരുമാനം മാത്രമെ ലഭിക്കുകയുള്ളു എങ്കിലും പൗരന്മാർക്ക് അസൗകര്യമുണ്ടാക്കുമെന്നതാണ് തീരുമാനമെന്ന് രാജ്യത്തെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി സുബ്രമണ്യൻ പറഞ്ഞു.
അതേസമയം, തിയേറ്ററിൽ സിനിമയ്ക്കൊപ്പം വിറ്റഴിക്കപ്പെടുന്ന പോപ്കോണുകൾക്ക് വില കൂടുമോ എന്നാണ് ഈഘട്ടത്തിലുയരുന്ന ചോദ്യം. പോപ്കോണിന്റെ ജിഎസ്ടി നിരക്കിൽ മാറ്റമില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.
ലൂസായി തിയേറ്ററുകളിൽ വിൽക്കുന്ന പോപ്കോണുകൾ അഞ്ച് ശതമാനം ജിഎസ്ടി തുടർന്നും ഈടാക്കുമെന്നാണ് ഈക്കാര്യത്തിൽ കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. സിനിമാ ടിക്കറ്റിനൊപ്പം ചേർത്താണ് പോപ്കോൺ വിൽക്കുന്നതെങ്കിൽ ടിക്കറ്റിന്‍റെ ജിഎസ്ടി നിരക്കിലാണ് പോപ്കോണും ഈടാക്കുക.