Image Credit: x.com/AirIndiaX

TOPICS COVERED

1448 രൂപയ്ക്ക് പറക്കാം; എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ന്യൂ ഇയര്‍ സെയില്‍

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പുതുവര്‍ഷ സെയിലിന്‍റെ ഭാഗമായി 1448 രൂപ മുതല്‍ വിമാന ടിക്കറ്റുകള്‍ ലഭിക്കും. ആഭ്യന്തര സര്‍വീസുകളില്‍ ജനുവരി എട്ട് മുതല്‍ സെപ്റ്റംബര്‍ 20 വരെയുള്ള യാത്രകള്‍ക്കാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുക. ഇതിനായി ജനുവരി അഞ്ചിനുള്ളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം. 

1448 രൂപ മുതല്‍ ടിക്കറ്റ് ലഭിക്കാന്‍ കമ്പനി വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യണം. വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്ത് ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുവര്‍ക്ക് എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ പ്രത്യേക ഡിസ്‌ക്കൗണ്ട് ലഭിക്കും. ക്യാബിന്‍ ലഗേജില്‍ മൂന്ന് കിലോ വരെ സൗജന്യ നിരക്കില്‍ ബുക്ക് ചെയ്യാനും എക്സ്പ്രസ് ലൈറ്റ് നിരക്കിലൂടെ സാധിക്കും. എക്സ്പ്രസ് വാല്യു ഫെയര്‍ പ്രകാരം 1599 രൂപ മുതല്‍ ടിക്കറ്റ് ലഭിക്കും. മൊബൈല്‍ ആപ്പിലൂടെയും വെബ്സൈറ്റ് വഴിയും പ്രധാന ബുക്കിങ് ആപ്പിലൂടെയും ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. 

കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് കമ്പനി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര സര്‍വീസുകളില്‍ 1000 രൂപയ്ക്ക് 15 കിലോ ലഗേജും രാജ്യാന്തര സര്‍വീസുകളില്‍ 1,300 രൂപയ്ക്ക് 20 കിലോ ലഗേജും അനുവദിക്കും. ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1000 രൂപയും രാജ്യാന്തര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1300 രൂപയുമാണ് ഈടാക്കുക.

ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്പ്രസ് ബിസ് നിരക്കുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എല്ലാ പുതിയ ബോയിങ് 737-8 വിമാനങ്ങളിലും ലഭ്യമാണ്. 58 ഇഞ്ച് വരെ സീറ്റുകള്‍ തമ്മില്‍ അകലമുള്ള എക്‌സ്പ്രസ് ബിസ് വിഭാഗത്തിലേക്കു ടിക്കറ്റ് മാറ്റുന്നതിനും ന്യൂഇയര്‍ സെയിലില്‍ അവസരമുണ്ട്. ഇതിന് ലോയല്‍റ്റി അംഗങ്ങള്‍ക്ക് 25 ശതമാനം ഇളവ് ലഭിക്കും. 

നിലവില്‍ 90ഓളം വിമാനങ്ങളുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്  ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ 110 വിമാനങ്ങളാക്കി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ അലോക് സിങ് പറഞ്ഞു. നിലവില്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്നും ഹ്രസ്വദൂര രാജ്യാന്തര നെറ്റ്‍വര്‍ക്കിലുമാണ് കമ്പനിയുടെ വരുമാനം കൂടുതലും. അതിനാല്‍ ടിയര്‍ 2, ടിയര്‍ 3 നഗരങ്ങളില്‍ നിന്നും മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യ എന്നീ നഗരങ്ങളിലേക്കാണ് കമ്പനി ശ്രദ്ധിക്കുന്നത്.

ENGLISH SUMMARY:

As part of Air India Express's New Year Sale, flight tickets are available starting at ₹1,448. These discounted fares apply to domestic flights for travel between January 8 and September 20. Tickets must be booked by January 5 to avail of this offer.