പുത്തന്‍ മോഡല്‍ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ, വില കുറവില്‍ ഐഫോണ്‍ വാങ്ങാന്‍ അവസരമൊരുക്കുകയാണ് ചൈനീസ് വിപണി. 500 യുവാന്‍ അഥവാ 68.50 ഡോളര്‍ ഡിസ്ക്കൗണ്ടിലാണ് ചൈനയില്‍ ഐഫോണ്‍ വില്‍പ്പന. ചൈനീസ് വിപണിയില്‍ ഹുവായ് അടക്കമുള്ള ആഭ്യന്തര കമ്പനികളില്‍ നിന്നും നേരിടുന്ന ശക്തമായ മത്സരം നേരിടുകയാണ് യുഎസ് കമ്പനിയുടെ ലക്ഷ്യം.
ജനുവരി നാല് മുതല്‍ ഏഴു വരെ നാല് ദിവസത്തെ പ്രമോഷന്‍ പരിപാടിയാണ് ആപ്പിള്‍ ചൈനയിലുടനീളം അവതരിപ്പിച്ചിട്ടുള്ളത്. വിവിധ പേയ്മെന്‍റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഇളവ്. 7,999 യുവാന്‍ വില വരുന്ന പുത്തന്‍ മോഡലായ ഐഫോണ്‍ 16 പ്രോയ്ക്കും 9,999 രൂപ വില വരുന്ന ഐഫോണ്‍ പ്രോ മാക്സിനുമാണ് പരമാവധി ഡിസ്കൗണ്ടായ 500 യുവാന്‍റെ ഓഫറുള്ളത്. അതായത് 5,870 രൂപയുടെ ഡിസ്ക്കൗണ്ട് ഈ മോഡലുകള്‍ക്ക് ലഭിക്കും.
ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നി മോഡലുകള്‍ക്ക് 400 യുവാന്‍റെ ഡിസ്ക്കൗണ്ടാണ് നല്‍കുന്നത്. ആപ്പിളിന്‍റെ പഴയ മോഡല്‍ ഫോണുകള്‍ക്ക് 200-300 യുവാന്‍റെ ഇളവാണ് കമ്പനി നല്‍കുന്നത്. മാക്ബുക്ക്, ഐപാഡ് തുടങ്ങിയ ഉത്പ്പന്നങ്ങള്‍ക്കും കമ്പനി ഡിസ്ക്കൗണ്ട് നല്‍കുന്നുണ്ട്. വീചാറ്റ്പേ, അലിപേ എന്നി പേയ്മെന്‍റ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് കമ്പനി ഡിസ്ക്കൗണ്ട് നല്‍കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ മാര്‍ക്കറ്റായ ചൈനയില്‍ ആപ്പിളിന് വിപണി വിഹിതം കുറയുകയാണ്. 2024 ലെ രണ്ടാം പാദത്തില്‍ ചൈനയിലെ പ്രധാന അഞ്ച് സ്മാര്‍ട്‌ഫോണ്‍ കമ്പനികളില്‍ നിന്നും ആപ്പിള്‍ പുറത്തായിരുന്നു. പ്രാദേശിക കമ്പനികളുമായുള്ള ശക്തമായ മത്സരവും ചൈനീസ് സമ്പദ്‍വ്യവസ്ഥയുടെ മാന്ദ്യഭീതിയും വിപണിയില്‍ ആപ്പിളിന് തിരിച്ചടിയാണ്.
ലോക്കല്‍ ചിപ്പ്സെറ്റുമായി വിപണിയിലെത്തിയ ഹുവായ്‍യുടെ പ്രീമിയം ഫോണുകളാണ് ചൈനയില്‍ ആപ്പിളിന് പ്രധാന ഭീഷണി. ചൈനയിലെ പ്രധാന ഇ–കോമേഴ്സ് വെബ്സൈറ്റില്‍ ഹുവായ് ഫോണുകള്‍ അടക്കമുള്ള ഉത്പ്പന്നങ്ങള്‍ക്ക് 3,000 യുവാന്‍ വരെ ഇളവ് പ്രഖ്യാപിച്ചിരുന്നു. ആപ്പിളിന്‍റെ ചൈനീസ് വില്‍പ്പനയില്‍ 0.30 ശതമാനത്തിന്‍റെ ഇടിവാണ് മൂന്നാം പാദത്തിലുണ്ടായത്. അതേസമയം ഹുവായ്‍യുടെ വില്‍പ്പന 42 ശതമാനമാണ് വര്‍ധിച്ചത്.