നാല് ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തില്‍ നിന്ന് ഇന്ത്യന്‍ ഓഹരി വിപണിക്ക് മോചനം. ഉച്ചയ്ക്ക് 12.30 ഓടെ നിഫ്റ്റി 77.45 പോയന്‍റ് നേട്ടത്തില്‍ 23,163 ലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സ് 237 പോയിന്‍റ് നേട്ടത്തില്‍ 76,566 ലാണ്. നിഫ്റ്റി 23,264.95 വരെയും സെന്‍സെക്സ് 76,835.61 വരെയും ഉയര്‍ന്നു.
ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നാല് മാസത്തെ കുറഞ്ഞ നിരക്കിലെത്തിയതാണ് ചൊവ്വാഴ്ച വിപണിയില്‍ ഊര്‍ജമായത്. പണപ്പെരുപ്പം നവംബറിലെ 5.48 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 5.22 ശതമാനമായാണ് കുറഞ്ഞത്. പണപ്പെരുപ്പം കുറയുന്നത് ഫെബ്രുവരിയിലെ ആര്‍ബിഐ പണനയ അവലോകന യോഗത്തില്‍ കാല്‍ ശതമാനത്തിന്‍റെ പലിശ നിരക്ക് കുറയ്ക്കുന്നതിന് വഴിയൊരുക്കും.
നിഫ്റ്റി മിഡ്കാപ്, സ്മോള്‍ കാപ് സൂചികകള്‍ 1.50 ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു. എഫ്എംസിജി, ഐടി ഒഴികെയുള്ള എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. എച്ച്സിഎല്‍ ടെക്കിന്‍റെ മോശം മൂന്നാം പാദഫലമാണ് ഐടി ഓഹരികളിലുടനീളം പ്രതിഫലിച്ചത്. മെറ്റല്‍, പിഎസ്‍യു ബാങ്ക് ഓഹരികള്‍ നേട്ടത്തിലാണ്.
നിഫ്റ്റിയില്‍ അദാനി എന്‍റര്‍പ്രൈസ്, അദാനി പോര്‍ട്സ്, എന്‍ടിപിസി, ഹിന്‍ഡാല്‍കോ. ബജാജ് ഫിനാന്‍സ് എന്നിവയാണ് നേട്ടത്തിലുള്ള ഓഹരികള്‍. നഷ്ടത്തില്‍ മുന്നില്‍ എച്ച്സിഎല്‍ ടെക് ആണ്. 8.27 ശതമാനമാണ് ഓഹരിയിലെ ഇടിവ്. ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, അപ്പോളോ ഹോസ്പ്പിറ്റല്‍, ടൈറ്റാന്‍ എന്നി ഓഹരികളിലും ഇടിവുണ്ട്.
വിപണി ഓവര്‍ സോള്‍ഡ് ഘട്ടത്തിലാണെന്നും തിരിച്ചുവരവിന് സാധ്യതയുണ്ടെന്നുമാണ് വിശകലന വിദഗ്ധര്‍ കരുതുന്നത്. 10 വർഷത്തെ യുഎസ് ബോണ്ട് യീൽഡ് വര്‍ധിക്കുന്നതും ഡോളര്‍ ശക്തമാകുന്നതും വിപണിക്ക് തിരിച്ചടിയാണ്. യുഎസ് ജോബ് ഡാറ്റയ്ക്ക് പിന്നാലെ ഡോളര്‍ ശക്തമായത് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കില്ലെന്ന പ്രതീക്ഷകളെ സ്വാധീനിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ വിപണിയിലേക്ക് വിദേശ നിക്ഷേപം കുറയുന്നതിന് കാരണമാകും.
അതേസമയം, തിങ്കളാഴ്ച രേഖപ്പെടുത്തിയ സര്‍വകാല ഇടിവില്‍ നിന്ന് രൂപ കയറി. തിങ്കളാഴ്ചയിലെ ക്ലോസിങായ 86.58 ല്‍ നിന്നും ആറു പൈസ നേട്ടത്തോടെ 86.52 ലാണ് രൂപ വ്യാപാരം തുടങ്ങിയത്. ഡോളര്‍ സൂചികയിലുണ്ടായ നേരിയ ഇടിവ് രൂപയ്ക്ക് നേട്ടമായി.
ഇന്നലെ 109.95 നിലവാരത്തിലെത്തിയ ഡോളര്‍ സൂചിക 109.54 നിലവാരത്തിലേക്ക് താഴന്നു. ഡോളറിനെതിരെ 86.6 നിലവാരത്തിലേക്ക് താഴ്ന്നാണ് രൂപ ഏക്കാലത്തെയും താഴ്ന്ന നിലവാരം കുറിച്ചത്.
അതേസമയം, ഇന്ത്യയിലെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്ക് ഇന്ന് പുറത്തുവന്നു. നവംബറിലെ 1.89 ശതമാനത്തില്‍ നിന്നും 2.37 ശതമാനത്തിലേക്കാണ് പണപ്പെരുപ്പം വര്‍ധിച്ചത്. ഭക്ഷവസ്തുക്കളുടെ വിലയില്‍ ഇടിവുണ്ട്. ഭക്ഷ്യ വസ്തുക്കളിലെ വിലകയറ്റം നവംബറിലെ 8.63 ശതമാനത്തില്‍ നിന്ന് ഡിസംബറില്‍ 8.47 ശതമാനായി കുറഞ്ഞു.