പ്രതിഭകൾ ഉള്ളിടത്തെ നിക്ഷേപമുണ്ടാകൂവെന്നും പ്രതിഭകൾ കേരളം വിടാതിരിക്കാൻ നാം അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും മുന്‍കേന്ദ്രമന്ത്രിയും പ്രമുഖ സംരംഭകനുമായ രാജീവ് ചന്ദ്രശേഖർ. കൊച്ചിയിൽ മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. അവസരങ്ങൾ സൃഷ്ടിച്ചില്ലെങ്കിൽ പ്രതിഭകൾ അതുള്ള സ്ഥലത്തേക്ക് പോകും. യു.എസിൽ  പുതിയ പ്രസിഡന്റ് വരുമ്പോൾ ലോകം എങ്ങനെയാകും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബാങ്ക് ഓഫ് ബറോഡ ജനറൽ മാനേജറും സോണൽ ഹെഡുമായ ശ്രീജിത് കൊട്ടാരത്തിൽ, മുത്തൂറ്റ് ഫിൻകോർപ് സിഇഒ ഷാജി വർഗീസ്, ഡിബിഎഫ്എസ് മാനേജിങ് ഡയറക്ടർ പ്രിൻസ് ജോർജ്, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ആൻഡ് ഡയറക്ടർ ജയന്ത് മാമ്മൻ മാത്യു, മലയാള മനോരമ മാർക്കറ്റിങ് ആൻഡ് ആഡ് സെയിൽസ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി എന്നിവർ പങ്കെടുത്തു. വിവിധ സെഷനുകളിലായി രാജ്യത്തിനകത്തും പുറത്തും വിജയക്കൊടി പാറിച്ച മുൻനിര ബിസിനസ് നായകരും ചെറുകിട സംരംഭകരും സ്റ്റാർട്ടപ്പുകൾ സ്വപ്നം കാണുന്ന ന്യൂ ജെൻ തലമുറയുമടക്കം പങ്കെടുക്കുന്ന പരിപാടി വൈകിട്ട് സമാപിക്കും . 

ENGLISH SUMMARY:

Former Union Minister and leading businessman Rajeev Chandrasekhar said that opportunities should be created so that talents do not leave Kerala.