ഡോളറിനെതിരെ വ്യാഴാഴ്ചയിലെ ക്ലോസിങ് നിലവാരത്തില്‍ നിന്നും ഒരു പൈസ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച രൂപ. ഡോളറിനെതിരെ രൂപ 86.62 നിലവാരത്തിലാണുള്ളത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള തുടര്‍ച്ചയായ വിദേശ നിക്ഷേപകരുടെ പിന്മാറ്റം രൂപയ്ക്ക് തിരിച്ചടിയാണ്. ഡോളര്‍ ശക്തമാകുന്നതും ക്രൂഡ് ഓയില്‍ വില ഉയരുന്നതും രൂപയ്ക്ക് മേല്‍ സമ്മര്‍ദ്ദമേറ്റുന്നു.
ആറു കറന്‍സികള്‍ക്കെതിരെയ ഡോളറിന്‍റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.09 ശതമാനം നേട്ടത്തില്‍ 109 നിലവാരത്തിലാണ്. ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ ബാരലിന് 81 ഡോളറും കഴിഞ്ഞ് കുതിക്കുകയാണ്. ഇതാണ് രൂപയുടെ ചാഞ്ചാട്ടത്തിന് കാരണം.
ഡോളറിനെതിരെയുള്ള സര്‍വകാല ഇടിവിലേക്ക് വീണത് ഈ ആഴ്ചയായിരുന്നു. 86.70 ലേക്ക് വീണ ശേഷം തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ രൂപ 30 പൈസ നേട്ടത്തിലായിരുന്നു. വ്യാഴാഴ്ച രൂപ 21 പൈസയുടെ ഇടിവ് നേരിട്ടിരുന്നു.
ഡോളറിനെതിരെ ഇടിയുകയാണെങ്കിലും ഏഷ്യയിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന കറന്‍സികളിലൊന്ന് രൂപയാണ്. സെപ്റ്റംബര് 10 നും ജനുവരി പത്തിനും ഇടയിലുള്ള കണക്കെടുത്താല്‍ രൂപ ഇടിഞ്ഞത് 2.4 ശതമാനമാണ്. മലേഷ്യന്‍ റിങറ്റ് 3.10 ശതമനം ഇടിഞ്ഞു. ഫിലിപൈന്‍സ് പെസോ 3.80 ശതമാനവും സിംഗപ്പൂര്‍ ഡോളര്‍ 4.10 ശതമാനവും ഇടിഞ്ഞു. ജപ്പാന്‍ യെനിന് ഇടിവ് 8 ശതമാനമാണ്.
രൂപയുടെ തുടര്‍ച്ചയായ ഇടിവ് ഇറക്കുമതിയെ ആശ്രയിക്കുന്ന സെക്ടറുകളില്‍ ചെലവ് വര്‍ധിക്കും. സ്വാഭാവികമായും ഇത് ഉപഭോക്താക്കളെയാണ് ബാധിക്കുന്നത്. രൂപയുടെ ഇടിവ് റിസര്‍വ് ബാങ്കിനെ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കും.
സാധാരണയായി രൂപ ഇടിയുന്നത് കയറ്റുമതിയെ ഉണര്‍ത്താറുണ്ട്. വിദേശ വിപണിയില്‍ എതിരാളകളേക്കാള്‍ വിലകുറച്ച് ഇന്ത്യന്‍ ഉത്പ്പന്നം വിലകുറച്ച് എത്തിക്കാനാകും എന്നതാണ് നേട്ടം. എന്നാല്‍ രൂപയ്ക്കൊപ്പം മറ്റു കറന്‍സികളും ഇടിയുന്നത് കയറ്റുമതിക്കാര്‍ക്ക് തിരിച്ചടിയാണ്. ഇന്ത്യന്‍ രൂപ രണ്ട് ശതമാനം ഇടിഞ്ഞാല്‍ മറ്റു കറന്‍സികള്‍ നാല് ശതമാനത്തോളം ഇടിയുന്നു. എന്നതിനാല്‍ കാര്യമായ നേട്ടമില്ലെന്നാണ് വിപണിയലുള്ളവരുടെ അനുഭവം.
ഇന്ത്യന്‍ കയറ്റുമതിക്കാരില്‍ ഇലക്ട്രോണിക്, കെമിക്കല്‍, പെട്രോളിയം, ജുവലറി തുടങ്ങിയ സെക്ടറിലുള്ളവര്‍ അസംസ്കൃത വസ്തുക്കള്‍ ഇറക്കമുതി ചെയ്യുന്നവരാണ്. രൂപ ഇടിയുന്നത് കയറ്റുമതി ചെലവ് വര്‍ധിക്കുന്നതിനൊപ്പം കയറ്റുമതിയിലെ മത്സരാധിഷ്ഠിത നേട്ടം കുറയ്ക്കുകയുമാണ്. ആവശ്യമായ ക്രൂഡ് ഓയിലിന്‍റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ രൂപയുടെ ശക്തിചോരുന്നത് എണ്ണ ഇറക്കുമതി ബില്‍ ഉയര്‍ത്തും. ഇത് എണ്ണ വില കുറയ്ക്കുമെന്ന പ്രതീക്ഷകളെയും ഇല്ലാതാക്കും.