യു.എസില്‍ ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റത്തിന്‍റെ അലയൊലികള്‍ ഇന്ത്യന്‍ വിപണിയിലും. നേട്ടത്തോടെ വ്യാപാരം ആരംഭിച്ച വിപണി കനത്ത ഇടിവിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 1620 പോയിന്‍റോളം ഇടിഞ്ഞു. വ്യാപാരാന്ത്യത്തില്‍ 1,235 പോയിന്‍റ് നഷ്ടത്തില്‍ 75,838 ലാണ് സെന്‍സെക്സിന്‍റെ ക്ലോസിങ്. നിഫ്റ്റി 306 പോയിന്‍റ് 23,038 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 

Also Read: ട്രംപിന്‍റെ വരവില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 5 ലക്ഷം കോടി; ഇനി ഏതൊക്കെ ഓഹരികള്‍ കിതയ്ക്കും

നിക്ഷേപ മൂല്യത്തില്‍ 7.55 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 423.35 ലക്ഷം കോടിയായി ചുരുങ്ങി.  സെന്‍സെക്സില്‍ ആള്‍ട്രാ ടെക് സിമന്‍റ്, എച്ച്സിഎല്‍ ടെക്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലെവര്‍ എന്നിവ മാത്രമാണ് നേട്ടത്തിലുള്ളത്. നിഫ്റ്റിയിലെ 50 ഓഹരികളില്‍ എട്ടെണ്ണം മാത്രമാണ് നേട്ടത്തിലായത്. അപ്പോളോ ഹോസ്പ്പിറ്റല്‍, ടാറ്റ കണ്‍സ്യൂമര്‍, ബിപിസിഎല്‍, ജെഎസ്ഡബ്ലു സ്റ്റീല്‍ ശ്രീറാം ഫിനാന്‍സ് എന്നിവ നേട്ടത്തിലാണ്. 

നിഫ്റ്റി മിഡ്കാപ്, സ്മോള്‍ കാപ് സൂചികകള്‍ രണ്ട് സഥമാനം വീതം ഇടിഞ്ഞു.  എല്ലാ സെക്ടറല്‍ സൂചികകളും ഇടിവിലാണ്. നിഫ്റ്റി റിയലിറ്റി,  നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബില്‍സ് എന്നിവ നാല് ശതമാനത്തിന് മുകളില്‍ ഇടിഞ്ഞു. വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് സൂചിക ആറു മാസത്തെ ഉയരമായ 17.45 നിലവാരത്തി. വിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദമാണിത് കാണിക്കുന്നത്. 

അതേസമയം ചൈനീസ് വിപണി ട്രംപ് പേടിക്കിടയിലും മുന്നേറ്റമുണ്ടാക്കി. ഹാങ് സെങ് ചൈന എന്‍റര്‍പ്രൈസ് ഇന്‍ഡെക്സ് 1.3 ശതമാനം ഉയർന്നു. സിഎസ്ഐ 300 സൂചിക 0.4 ശതമാനം നേടത്തോടെയാണ് ക്ലോസ് ചെയ്തത്. അയല്‍ക്കാരായ കാനഡ, മെക്സിക്കോ എന്നിവയ്ക്കെതിരെ തീരുവ ചുമത്തിയ നടപടിക്കിടെയിലും ചൈനയ്ക്കെതിരായ നടപടിയെ പറ്റി ട്രംപ് നിശബ്ദത പാലിച്ചതാണ് ചൈനീസ് വിപണിയില്‍ ആശ്വാസമായത്. 

ENGLISH SUMMARY:

Indian stock markets face significant losses as Sensex and Nifty plunge due to investor concerns over Trump-era policies. Meanwhile, Chinese stocks make notable gains.