ചൊവ്വാഴ്ചയിലെ കനത്ത വില്‍പ്പനയ്ക്ക് ശേഷം നേട്ടത്തിലേക്ക് തിരികെയെത്തി ഇന്ത്യന്‍ ഓഹരി വിപണി. നിഫ്റ്റി 130 പോയിന്‍റ് നേട്ടത്തില്‍ 23,155 ലും സെന്‍സെക്സ് 566 പോയിന്‍റ് നേട്ടത്തില്‍ 76,404 ലും ക്ലോസ് ചെയ്തു. വിപണിയിലെ കരുത്തരായ ഇന്‍ഫോസിസ്, ടിഎസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിലുണ്ടായ മുന്നേറ്റമാണ് വിപണിയെ ഉയര്‍ത്തിയത്. ഐടി, ഫാര്‍മ ഓഹരികളിലും മുന്നേറ്റമുണ്ടായി.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് എഐ സാങ്കേതിക വിദ്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന വാര്‍ത്ത യുഎസില്‍ വലിയ വിപണിയുള്ള ഇന്ത്യന്‍ ഐടി ഓഹരികള്‍ക്ക് നേട്ടമായി. യുഎസില്‍ എ.ഐ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മിക്കാന്‍ ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നാണ് ട്രംപ് അറിയിച്ചത്. ഇന്ത്യന്‍ ഐടി കമ്പനികളുടെ വരുമാനത്തിന്‍റെ 50-60 ശതമാനവും യുഎസില്‍ നിന്നാണ്. ഇത് ഐടി സൂചികയെ 2.14ശതമാനം ഉയര്‍ത്തി.
ഡിസംബര്‍ പാദഫലം പുറത്തുവന്ന എച്ച്ഡിഎഫ്സി ബാങ്ക് ഒരു ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ ബാങ്കിന്‍റെ അറ്റാദായം 2.20 ശതമാനം വര്‍ധനവോടെ 16,736 കോടി രൂപയായി. നെറ്റ് ഇന്‍ററസ്റ്റ് ഇന്‍കം എട്ട് ശതമാനം ഉയര്‍ന്ന് 30,690 രൂപയായി.
ലാര്‍ജ് കാപ് ഓഹരികള്‍ തിരിച്ചു കയറിയപ്പോള്‍, മിഡ്, സ്മോള്‍ കാപ് ഓഹരികള്‍ തിരിച്ചടി നേരിട്ടു. മോശം പ്രവര്‍ത്തനഫലവും വാല്യുവേഷന്‍ ആശങ്കകളുമാണ് തിരിച്ചടിയായത്. നിഫ്റ്റി മിഡ് കാപ് സൂചിക 1.34 ശതമാനവും സ്മോള്‍ കാപ് സൂചിക 1.63 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി ഫാര്‍മ, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി. നിഫ്റ്റി റിയലിറ്റി 4.56 ശതമാനം ഇടിഞ്ഞ് 10 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ഹെല്‍ത്ത് കെയര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ബാങ്ക് നിഫ്റ്റി സൂചികകള്‍ മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്.
നിഫ്റ്റിയില്‍ 26 ഓഹരികള്‍ നേട്ടമുണ്ടാക്കി. 24 എണ്ണം ഇടിഞ്ഞു. വിപ്രോ–3.87%, ഇന്‍ഫോസിസ്– 3.02%, ടിസിഎസ്– 2.88%, ടെക് മഹീന്ദ്ര– 2.36%, എച്ച്ഡിഎഫ്സി ബാങ്ക്– 1.80% എന്നിങ്ങനെയാണ് നേട്ടകണക്ക്. നിഫ്റ്റിയില്‍ ബിഇഎല്‍ ഓഹരിയാണ് ഏറ്റവും കൂടുതല്‍ ഇടിഞ്ഞത്. 3.01 ശതമാനമാണ് നഷ്ടം. ടാറ്റ മോട്ടോഴ്സ് 2.16%, ടെന്‍റ് ലിമിറ്റഡ്– 1.95%, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍- 1.31%, ആക്സിസ് ബാങ്ക് 1.09% എന്നിവയാണ് ഇടിവില്‍ ക്ലോസ് ചെയ്ത ഓഹരികള്‍.
കേരള കമ്പനികളില്‍ പാദഫലത്തില്‍ മികച്ച പ്രകടനം നടത്തിയ സൗത്ത് ഇന്ത്യന്‍ ബാങ്ക് 3.53 ശതമാനം ഉയര്‍ന്നു. മണപ്പുറം ഫിനാന്‍സ് 1.40 ശതമാനം നേട്ടത്തിലാണ്. 1.52 ശതമാനം കിറ്റക്സ് ഗാര്‍മെന്‍റ് അഞ്ച് ശതമാനം ഇടിഞ്ഞു. എഫ്എസിടി– 1.17 ശതമാനം, കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് 3.06 ശതമാനവും ഇടിഞ്ഞു.
രൂപ നേട്ടമുണ്ടാക്കി. ഡോളറിനെതിരെ ചൊവ്വാഴ്ചയിലെ ക്ലോസിങ് നിലവാരമായ 86.58 നെതിരെ 25 പൈസ ഉയര്‍ന്ന് 86.33 നിലവാരത്തിലാണ് ക്ലോസിങ്. ട്രംപിന്‍റെ താരിഫ് നയങ്ങളെ പറ്റിയുള്ള പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ഡോളര്‍ ഇടിഞ്ഞ് 107.97 നിലവാരത്തിലേക്ക് വീണതാണ് രൂപയ്ക്ക് ഗുണമായത്.