stock-market-gains

TOPICS COVERED

സമീപകാലത്തെ വിപണി ഇടിവില്‍ തിരിച്ചടി നേരിട്ട മിഡ്കാപ് ഓഹരിയാണ് സുസ്ലോണ്‍ എനര്‍ജി. പൂനെ ആസ്ഥാനമായ വിന്‍ഡ് ടര്‍ബൈന്‍ നിര്‍മാണ കമ്പനിയുടെ ഓഹരി കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിലെ ശ്രദ്ധേ കേന്ദ്രമാണ്. തുടര്‍ച്ചയായ രണ്ട് ദിവസമായി ഓഹരി അപ്പര്‍സര്‍ക്യൂട്ടിലാണ്. വ്യാഴാഴ്ച ഓഹരി അഞ്ച് ശതമാനം ഉയര്‍ന്ന് 55.40 രൂപയിലെത്തി. രണ്ട് ദിവസത്തെ നേട്ടം 10 ശതമാനമാണ്. 

ആറു മാസത്തിനിടെ 18 ശതമാനം ഇടിഞ്ഞ ഓഹരിയുടെ ഒരു വര്‍ഷത്തിനിടെയിലെ താഴ്ന്ന നിലവാരം 35.50 രൂപയായിരുന്നു. 86.04 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില. രണ്ട് ദിവസമായുള്ള കുതിപ്പിന് കാരണം കമ്പനി പ്രഖ്യാപിച്ച മൂന്നാം പാദഫലമാണ്. 

മികച്ച പാദഫലമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം 386.92 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തിലെ അറ്റാദായം 203.04 കോടി രൂപയാണ്.  വര്‍ഷാടിസ്ഥാനത്തില്‍ 90 ശതമാനത്തിന്‍റെ വര്‍ധനയാണ് കമ്പനി രേഖപ്പെടുത്തിയത്.

പ്രവര്‍ത്തന വരുമാനത്തില്‍ 91 ശതമാനത്തിന്‍റെ വര്‍ധനവുണ്ട്. 2968.81 കോടി രൂപയാണ് ഇത്തവണ കമ്പനി രേഖപ്പെടുത്തിയ വരുമാനം. മുന്‍സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,552.91 കോടി രൂപയായിരുന്നു. സുസ്ലോൺ എനർജി ഈ പാദത്തിൽ 447 മെഗാവാട്ടിന്‍റെ ഡെലിവറിയാണ് നടത്തിയത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 163 ശതമാനത്തിന്‍റെ വർധനവാണ്. 

പുതുച്ചേരിയിലെയും ദാമൻ നസെല്ലെയിലെയും സൗകര്യങ്ങള്‍ നവീകരിച്ചതോടെ കമ്പനിയുടെ നിർമ്മാണ ശേഷി 4.5 ജിഗാവാട്ടിലെത്തിയതായും കമ്പനി അറിയിച്ചു. കമ്പനിയുടെ ഓർഡർ ബുക്ക് എക്കാലത്തെയും ഉയർന്ന നിലവാരമായ 5.5 ജിഗാവാട്ടിലാണ്. ഇതില്‍ 80 ശതമാനവും ഇന്‍ഡസ്ട്രിയല്‍, പിഎസ്‍യു ഓര്‍ഡറുകളാണ്. 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

Suzlon Energy stock has gained 10% in two days after strong Q3 earnings. The company reported a 90% rise in net profit and a 91% increase in revenue.