കഴിഞ്ഞ തവണത്തെ ബജറ്റില്‍ ഓഹരി നിക്ഷേപകരെ ഞെട്ടിച്ച തീരുമാനമാണ് മൂലധന നേട്ട നികുതി (Capital Gain Tax) വര്‍ധിപ്പിച്ചത്. മറ്റൊരു ബജറ്റ് കാലമെത്തുമ്പോള്‍ അടുത്ത നികുതി ബാധ്യത ഉണ്ടാകുമോ എന്നാണ് ആശങ്ക. ഓഹരി, മ്യൂച്വല്‍ ഫണ്ട്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭത്തിന്മേലാണ് മൂലധന നേട്ട നികുതി ഈടാക്കുന്നത്.
2018 ലാണ് നീണ്ട കാലത്തിന് ശേഷം മൂലധന നേട്ടനികുതി വീണ്ടും അവതരിപ്പിച്ചത്. ഓഹരികള്‍, ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് എന്നിവയുടെ ലാഭം 1ലക്ഷം രൂപ കടന്നാല്‍ 10 ശതമാനം നികുതി എന്നതായിരുന്നു മാറ്റം.
2024 ലെ കേന്ദ്ര ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിച്ചു. ഒരു വര്‍ഷത്തില്‍ താഴെ കൈവശം വച്ച ശേഷമുണ്ടാക്കുന്ന ഹ്രസ്വകാല മൂലധനനേട്ട നികുതി 15 ശതമാനത്തില്‍ നിന്നും 20 ശതമാനമാക്കി. ഒരു വര്‍ഷത്തിന് ശേഷം വില്‍പ്പന നടത്തിയാല്‍ ദീര്‍ഘകാല മൂലധന നേട്ട നികുതി 12.50 ശതമാനമായും ഉയര്‍ത്തി.
വളര്‍ന്നുവരുന്ന വിപണിയില്‍ സിംഗപ്പൂരും യുഎഇയിലും നികുതി ബാധ്യതയില്ല. ചൈന 20 ശതമാനം നിരക്കിലാണ് നികുതി. ബ്രസീലില്‍ 15-22.50 ശതമാനം നിരക്കിലാണ് നികുതി. നികുതി ബാധ്യത ഉയരുന്നത് നിക്ഷേപകര്‍ക്ക് വിപണിയോടുള്ള സമീപനം അനാകര്‍ഷകമാക്കും. കഴിഞ്ഞ വര്‍ഷത്തിന്‍റെ അവസാനത്തോടെ ഉയരത്തിലെത്തിയ വിപണി ഇവിടെ നിന്ന് 12 ശതമാനത്തിലധികം ഇടിഞ്ഞു.
വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ പിന്‍വാങ്ങലാണ് വിപണിയെ തളര്‍ത്തിയത്. വിദേശ നിക്ഷേപകർ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു ലക്ഷം കോടി രൂപ പിൻവലിച്ചു. പല വിദേശ ഫണ്ടുകളും നിക്ഷേപം നടത്തുന്നതിന് മുന്‍പ് നികുതി നിരക്കുകള്‍ പരിഗണിക്കുന്ന ഘടകമാണ്. ഇന്ത്യ നികുതി നിരക്ക് വർധപ്പിക്കുന്നത് തുടരുകയാണെങ്കിൽ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശീയര്‍ പിന്മാറാനുള്ള മറ്റൊരു കാരണം കൂടിയാകുമിത്.
അതിനാല്‍ തന്നെ വരുന്ന ബജറ്റില്‍ മൂലധന നേട്ട നികുതിയില്‍ തൊടാന്‍ നിര്‍മലാ സീതാരാമന്‍ തയ്യാറായേക്കില്ലെന്നാണ് വിലയിരുത്തല്‍. നേരെ മറിച്ചാണെങ്കില്‍ അത്തരമൊരു നീക്കം വിപണിക്ക് തിരിച്ചടിയാകും. മന്ദഗതിയിലുള്ള വരുമാന വളർച്ച, സാമ്പത്തിക മാന്ദ്യം, ഉയര്‍ന്ന വാല്യുവേഷന്‍ എന്നി ആശങ്കകൾക്കൊപ്പം വിപണി വികാരത്തെ നെഗറ്റീവായി ബാധിക്കും.