രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ 10,000 എംബിബിഎസ് സീറ്റുകള്‍ കൂടി പുതിയതായി അനുവദിക്കുമെന്ന് ധനമന്ത്രി. അഞ്ചുവര്‍ഷം കൊണ്ട് 75,000 സീറ്റുകളായി ഇത് വര്‍ധിപ്പിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രശംസനീയമായ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.
രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്കൂളുകളിലും ഭാരത് നെറ്റിന്‍റെ പിന്തുണയോടെ ബ്രോഡ് ബാന്‍ഡ് ഇന്‍റര്‍നെറ്റ് ഉറപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഗ്രാമീണതലത്തിലടക്കം ജനങ്ങള്‍ക്ക് ടെലിമെഡിസിന്‍ സേവനം ലഭ്യമാക്കുന്നതിന് ഇന്‍റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്താമെന്നും ബജറ്റില്‍ പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്തെ മെഡിക്കല്‍ കോളജുകളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എല്ലാ ഗവണ്‍മെന്‍റ് സെക്കന്‍ഡറി സ്കൂളുകളിലേക്കും ബ്രോഡ് ബാന്‍ഡ് ഇന്‍റര്‍നെറ്റ് എത്തിക്കുന്നതിന് പുറമെ കുട്ടികളുടെ ചിന്താശേഷി ശക്തിപ്പെടുത്തുന്നതിനായി അടല്‍ തിങ്കറിങ് ലാബറട്ടറീസ് സ്ഥാപിക്കും. അടല്‍ ഇന്നവേഷന്‍ മിഷന്‍റെ കീഴിലാകും ഇവ വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, സുസ്ഥിര വികസിത മേഖലകളെ ഉള്‍പ്പെടെ ലക്ഷ്യമിട്ട് സെന്‍റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും കൊണ്ടുവരും.
പോഷകാഹാരം ഉറപ്പുവരുത്തും
ജനങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായി പ്രത്യേക പദ്ധതികള്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി. സാക്ഷം അങ്കണവാടി & പോഷണ്‍ 2.0 പദ്ധിക്ക് കീഴിലാകും ഇത് നടപ്പിലാക്കുക. എട്ടുകോടി കുട്ടികള്‍, ഒരു കോടി അമ്മമാര്‍, 20 ലക്ഷം കൗമാരാക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. മുലയൂട്ടുന്ന അമ്മമാര്‍ക്കും, കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും കുട്ടികള്‍ക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.