രാജ്യത്തെ നഗരങ്ങളെ വികസന കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 50 വര്‍ഷത്തേക്ക് ഒന്നര ലക്ഷം കോടിയോളം രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് പലിശയില്ലാതെ അനുവദിക്കുകയെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. മൂലധന ചെലവുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുമായുള്ള പദ്ധതികള്‍ക്കായാവും ഈ വായ്പകള്‍ നല്‍കുക.
ഇതിന് പുറമെ ആഭ്യന്തരതലത്തില്‍ ഉല്‍പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് രാജ്യാന്തര നിലവാരം ഉറപ്പുവരുത്തുന്നതിനും കയറ്റുമതി പ്രോല്‍സാഹിപ്പിക്കുന്നതിനുമായും പ്രത്യേക പദ്ധതികള്‍ കൊണ്ടുവരും. ദ്വിതല നഗരങ്ങളില്‍ ഗ്ലോബല്‍ കേപബിലിറ്റി സെന്‍ററുകള്‍ പ്രോല്‍സാഹിപ്പിക്കുമെന്നും ഇതിനായി പ്രത്യേക ചട്ടക്കൂട് തയ്യാറാക്കുമെന്നും ധനമന്ത്രി പറഞ്ഞു. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി ആഭ്യന്തര ഇലക്ട്രോണിക് വ്യവസായങ്ങള്‍ക്കും പ്രത്യേക പിന്തുണ നല്‍കും.
സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാന്യ കൃഷിയോജന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിളവൈവിധ്യവും കാർഷിക ഉൽപാദനവും കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചന സംവിധാനം മെച്ചെപ്പെടുത്തുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. 1.7 കോടി കർഷകര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. പച്ചക്കറി–പഴ ഉൽപാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേക പദ്ധതി ഒരുക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു