വികസിത ഭാരതമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍മെന്‍റില്‍ അവതരിപ്പിക്കുന്നു. കടുത്ത പ്രതിപക്ഷ ബഹളത്തിനിടയിലും ധനമന്ത്രി ബജറ്റ് അവതരണം തുടരുകയായിരുന്നു. ബജറ്റ് അവതരണം പ്രതിപക്ഷം ബഹിഷ്കരിച്ചു. വികസനം ത്വരിതപ്പെടുത്തുന്നതിനൊപ്പം ദരിദ്രന്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുകയാണ് ബജറ്റിന്‍റെ ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. അതിവേഗം വളരുന്ന സാമ്പത്തിക രംഗമാണ് രാജ്യത്തിന്‍റേത്. എല്ലാവരുടേയും പുരോഗതിയാണ് വരുന്ന അഞ്ച് വര്‍ഷവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമ്പൂര്‍ണ ദാരിദ്യനിര്‍മാജനം, കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണന, സാമ്പത്തിക രംഗത്തെ സ്ത്രീകളുടെ പ്രാതിനിധ്യം 70 ശതമാനമാക്കി വര്‍ധിപ്പിക്കുക എന്നിവയില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
നിര്‍മല സീതാരാമന്‍റെ തുടര്‍ച്ചയായ എട്ടാം ബജറ്റ് കൂടിയാണിത്. 10 ബജറ്റുകള്‍ അവതരിപ്പിച്ച മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡാണ് നിര്‍മലയ്ക്ക് മുന്നിലുള്ളത്. ആദായനികുതിയില്‍ വന്‍ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പുതിയ സ്കീമില്‍ സ്ലാബുകള്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. കൂടുതല്‍ പണം ജനങ്ങളിലെത്താനും വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കും. അതേസമയം പഴയ സ്കീമില്‍ വലിയ മാറ്റങ്ങളുണ്ടായേക്കില്ല.
വളര്‍ച്ചാനിരക്ക് നാലുവര്‍ഷത്തിനിടയിലെ താഴ്ന്ന നിലയില്‍ ആയിരിക്കുമെന്ന പ്രവചനത്തോടൊപ്പം ഉയരുന്ന പണപ്പെരുപ്പവും വിലക്കയറ്റവും ഉള്ളതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം 24000 കോടി രൂപയുടെ പ്രത്യേക പാക്കേജും വയനാടിനു മാത്രമായി 2000 കോടി രൂപയും ചോദിച്ചിട്ടുണ്ട്. ഇത് ലഭിക്കാനുള്ള സാധ്യത വിരളമാണെന്നും സാമ്പത്തിക–രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു.
6.3 ശതമാനം മുതല്‍ 6.8 ശതമാനം വരെയാണ് 2025–26 സാമ്പത്തിക വര്‍ഷം വളര്‍ച്ച പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 6.4 ശതമാനമായിരിക്കുമെന്നാണ് ആഴ്ചകള്‍ക്ക് മുന്‍പ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് വിലയിരുത്തിയത്.