ആദായനികുതി ബില്‍ 2025 ധനമന്ത്രി ലോക്സഭയില്‍ അവതരിപ്പിച്ചു. 1961 ലെ ആദായ നികുതി നിയമം മാറ്റുന്നതിനായാണ് പുതിയ ബില്‍ കൊണ്ടുവന്നത്. 2026 ഏപ്രിലോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം. നിലവിലുള്ള നികുതി നിയമങ്ങളെ ഭേദഗതി ചെയ്യുന്നതിനൊപ്പം ഏകീകരിക്കുക കൂടിയാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ടുവെങ്കിലും പാസാകാന്‍ കടമ്പകളേറെയുണ്ട്. ബില്‍ റിവ്യൂ കമ്മിറ്റിക്ക് ആദ്യം അയയ്ക്കും. അവലോകനത്തിന് ശേഷം കമ്മിറ്റിയുടെ നിര്‍ദേശങ്ങളോടെ ബില്‍ വീണ്ടും കാബിനറ്റിന് മുന്നിലെത്തും. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കൂടി കാബിനറ്റ് പരിഗണിച്ച ശേഷം ബില്‍ വീണ്ടും പാര്‍ലമെന്‍റിലെത്തും. സുപ്രധാനമായ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നാകും ബില്‍ നിയമമാകുകയുള്ളൂ.
നികുതിദായകരുടെ സൗകര്യാര്‍ഥമാണ് നിയമങ്ങളെ ലളിതമാക്കുന്നതെന്നായിരുന്നു ബില്‍ രൂപീകരിച്ച് മന്ത്രാലയം വ്യക്തമാക്കിയത്. നിലവിലെ ആദായ നികുതി നിയമത്തിലുള്ള കാലഹരണപ്പെട്ട വകുപ്പുകള്‍ എടുത്തുകളയും. ഒപ്പം കേസുകള്‍ കുറയ്ക്കാനും പുതിയ നിയമം സഹായിക്കുമെന്നും നിയമവിദഗ്ധര്‍ പറയുന്നു. ലളിതവും സുതാര്യവുമാകും പുതിയ നിയമമെന്നും മന്ത്രി അവകാശപ്പെടുന്നു.