invest-kerala-01

ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലെ നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അതിവേഗ സംവിധാനം ഒരുക്കും. മുഖ്യമന്ത്രി നേരിട്ട് പദ്ധതികളുടെ പുരോഗതി വിലയിരുത്തും. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നിക്ഷേപ സംഗമം നടത്തും.

കൊച്ചിയില്‍ നടന്ന രണ്ട് ദിവസത്തെ ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയില്‍ സംസ്ഥാനത്ത് 1,52,905.67 കോടി രൂപയുടെ  നിക്ഷേപത്തിനാണ് ധാരണയായത്. പദ്ധതികളെ അവ നടപ്പാക്കാനെടുക്കുന്ന കാലയളവിന്‍റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കും. നടത്തിപ്പിനായി ഫാസ്റ്റ് ട്രാക്ക് സംവിധാനം കൊണ്ടുവരും. ഡാഷ് ബോര്‍ഡ് സജ്ജമാക്കും.

നോഡല്‍ ഒാഫീസര്‍മാരെ നിയോഗിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൃത്യമായ ഇടവേളകളില്‍ പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യും. മുഖ്യമന്ത്രി തന്നെ നേരിട്ട് പുരോഗതി വിലയിരുത്തും. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ ടോള്‍ ഫ്രീ നമ്പറും ഇമെയിലും പുറത്തിറക്കും. 

ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ 374 കമ്പനികള്‍ താല്‍പര്യപത്രം ഒപ്പുവച്ചു. താല്‍പര്യപത്രങ്ങളില്‍ ഏറ്റവും ചുരുങ്ങിയത് അറുപത് ശതമാനമെങ്കിലും യാഥാര്‍ഥ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം.

ENGLISH SUMMARY:

The state government will set up a fast-track mechanism to materialize the investment promises made at the Invest Kerala Global Summit. The Chief Minister will personally review the progress of the projects. An investment meet will be held once every three years.