അമേരിക്കന്‍ വിപണിയുടെ വിമോചനദിനം എന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ദിനത്തിന് തൊട്ടുതലേന്ന് തകര്‍ന്നടിഞ്ഞ് ഓഹരിവിപണികള്‍. ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിന്റെ ഭീതിയില്‍ സെൻസെക്സ് 1,390 പോയിന്റും നിഫ്റ്റി 353 പോയിന്റും ഇടിഞ്ഞു.
ഒരു മാസത്തിനിടെ ഒരു ദിവസത്തെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയാണ് പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യദിനം കടന്നുപോയത്.
നിക്ഷേപകരുടെ ഒറ്റദിവസത്തെ നഷ്ടം 3.44 ലക്ഷം കോടി രൂപയാണ്. ഐ.ടി, ബാങ്കിങ് ഓഹരികളിലായിരുന്നു വില്‍പന സമ്മര്‍ദം. സുരക്ഷിതമെന്ന് കണ്ട് സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരിഞ്ഞത് സ്വര്‍ണവില പുതിയ റെക്കോര്‍ഡിലെത്താന്‍ കാരണമായി. ഗ്രാമിന് 85 രൂപ കൂടി പവന്‍വില 68,080 രൂപയായി ഉയര്‍ന്നു. അതേസമയം, ഇന്ത്യ ഉള്‍പ്പെടെ ഉടന്‍ തീരുവ കുറയ്ക്കുമെന്ന പ്രത്യാശയിലാണ് ട്രംപ്. ചൈന, യൂറോപ്യന്‍ യൂണിയന്‍, മെക്സിക്കോ, ജപ്പാന്‍, ജര്‍മനി, കാനഡ, ഇന്ത്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് അമേരിക്കയുമായി ഏറ്റവുമധികം വ്യാപാരക്കമ്മി ഉള്ളതായി അമേരിക്കന്‍ വാണിജ്യ വിഭാഗത്തിന്റെ വിലയിരുത്തല്‍. ശരാശരി 10 ശതമാനം നിരക്കില്‍ തീരുവ ഏര്‍പ്പെടുത്തിയാല്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 51, 600 കോടി രൂപയുടെ ഇടിവാണ് ഉണ്ടാവുക. പല രാജ്യങ്ങള്‍ക്കും 20 ശതമാനം തീരുവയെങ്കിലും ട്രംപ് ചുമത്തുമെന്നാണ് യുഎസിലെ സാമ്പത്തികവിദഗ്ധരുടെ നിരീക്ഷണം