കേരളത്തിലെ വ്യവസായ അന്തരീക്ഷം മോശം എന്നു പറഞ്ഞ് കിറ്റക്സ് തെലങ്കാനയിൽ പ്രഖ്യാപിച്ച ഫാക്ടറി പ്രവർത്തനമാരംഭിച്ചു. പ്ലാന്റിലേക്ക് 25000 ജീവനക്കാരെ നിയമിക്കുന്നതിന് നടപടി തുടങ്ങി. ആയിരക്കണക്കിന് മലയാളികളാണ് ജോലിക്കായി അപേക്ഷിക്കുന്നതെന്നും അവർ കേരളത്തിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരാണ് എന്നും കിറ്റക്സ് ഗാർമെൻറ്സ് എംഡി സാബു എം. ജേക്കബ് മനോരമ ന്യൂസിനോട് പറഞ്ഞു.
കേരളത്തിൽ നിക്ഷേപം ആകർഷിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് അവസാനിച്ച് ഒരു മാസം പിന്നിട്ടപ്പോൾ കിറ്റക്സിന്റെ തെലങ്കാനയിലെ പ്ലാന്റിൽ ഇന്നലെ ഉത്പാദനം ആരംഭിച്ചു. ഇന്നലത്തെ ഉൽപാദനം 15 ടൺ തുണിത്തരങ്ങൾ. പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തും. വൈസ് പ്രസിഡൻറ് മുതൽ ഫാക്ടറി തൊഴിലാളികൾ വരെ 25000 പേരെ നിയമിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പത്ര പരസ്യവും നൽകി. ആയിരക്കണക്കിന് മലയാളികൾ തെലുങ്കാനയിൽ ജോലി ചെയ്യുന്നതിനായി സന്നദ്ധത അറിയിച്ച് അപേക്ഷ നൽകിയിട്ടുണ്ട്. 300 പേരെ പ്ലാന്റിലേക്ക് ഇതിനകം നിയമിച്ചു. ദിവസം 100 പേരെ വെച്ച് ഇനി നിയമിക്കും
കേരളത്തിലെ സർക്കാർ വകുപ്പുകളുടെ പരിശോധനയിലും മൂലാമാലകളിലും ഗതികെട്ടു എന്നു പറഞ്ഞാണ് സാബു ജേക്കബ്, നേരത്തെ കേരളത്തിൽ തുടങ്ങുമെന്ന് പറഞ്ഞിരുന്ന ഗാർമെന്റ് പ്ലാൻറ് 3500 കോടി മുതൽ മുടക്കിൽ തെലങ്കാനയിൽ സ്ഥാപിക്കുമെന്ന് 2021ൽ പ്രഖ്യാപിച്ചത്. 2022 ഓഗസ്റ്റിൽ നിർമ്മാണം തുടങ്ങി. ജനുവരിയിൽ ഫാക്ടറി ട്രയൽ റൺ തുടങ്ങി. ഫാക്ടറിയിൽ നിന്നുള്ള ആദ്യ കൺസൈന്റ്മെന്റ് ഇന്നലെ പുറപ്പെട്ടു. ഫാക്ടറി പൂർണതോതിൽ പ്രവർത്തനമാരംഭിക്കുമ്പോൾ പ്രതിദിനം 13 ലക്ഷം എണ്ണം തുണിത്തരങ്ങൾ ഉല്പാദിപ്പിക്കാൻ ആകും.