Cricket - Indian Premier League - IPL - Chennai Super Kings v Delhi Capitals - M.A. Chidambaram Stadium, Chennai, India - April 5, 2025 Chennai Super Kings' MS Dhoni in action REUTERS/Stringer
ഐപിഎല്ലിലെ സൂപ്പര്‍ ടീം, അഞ്ച് തവണ ചാംപ്യന്‍മാര്‍. ഐപിഎല്‍ ചരിത്രത്തിലെ സക്സസ് ടീം. കളി ഇവിടെ അവസാനിക്കുന്നില്ലെന്ന് പറയുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. അണ്‍ലിസ്റ്റഡ് വിപണിയിലും ചാംപ്യന്‍മാരായി ചെന്നൈ സൂപ്പര്‍ കിങ്സ് മുന്നേറുകയാണ്. ആറു വര്‍ഷത്തിനിടെ ആറിരട്ടി നേട്ടമാണ് അണ്‍ലിസ്റ്റഡ് വിപണിയില്‍ ഓഹരി വിലയിലുണ്ടായത്.
ഐപിഎൽ സീസണിലാണ് സിഎസ്‌കെയുടെ ഓഹരിയുടെ ആവശ്യകത സാധാരണയായി കുതിച്ചുയറുള്ളതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ ആവേശം വർദ്ധിക്കുന്നതിനനുസരിച്ച് വില ഉയരുകയും ടൂർണമെന്റ് അവസാനിക്കുമ്പോൾ കുറയുന്നതുമാണ് ട്രെന്‍ഡ്.
2015 ല്‍ ഇന്ത്യ സിമന്‍റ്സില്‍ നിന്നും വേറിട്ട് സ്വതന്ത്ര കമ്പനിയായതോടെയാണ് കമ്പനി ഓഹരികള്‍ അണ്‍ലിസ്റ്റഡ് മാര്‍ക്കറ്റിലെത്തിയത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനിയുടെ ഓഹരികള്‍ വ്യാപാരം നടക്കുന്ന ഇടമാണ് അണ്‍ലിസ്റ്റഡ് മാര്‍ക്കറ്റ്. സ്വതന്ത്ര കമ്പനിയായതോടെ വാല്യുവേഷന്‍ ഉയര്‍ന്നതും ഓഹരിക്ക് നിക്ഷേപപ്രീതി ഉയര്‍ത്തി. ഐപിഎല്‍ ടീം എന്ന ഗ്ലാമറിനപ്പുറം കമ്പനിയുടെ മികച്ച സാമ്പത്തികവും വിശ്വസ്തതയുമാണ് ഓഹരിക്കുള്ള താല്‍പര്യത്തിന് കാരണം.
മികച്ച സാമ്പത്തികം
2024 സാമ്പത്തിക വര്‍ഷത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് രേഖപ്പെടുത്തിയ നികുതിക്ക് ശേഷമുള്ള വരുമാനം 201 കോടി രൂപയാണ്. മുന്‍ വര്‍ഷം 14 കോടി ലാഭമുണ്ടാക്കിയ കമ്പനിയുടെ വളര്‍ച്ച 1365 ശതമാനം. ബിസിസിഐ സെന്‍ട്രല്‍ പൂളില്‍ നിന്നുള്ള വരുമാനമാണ് ലാഭമുയര്‍ത്തിയത്. 2023-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണാവകാശം മുന്‍വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി തുകയ്ക്കാണ് വിറ്റത്. ഇതാണ് കമ്പനികളുടെ ലാഭത്തില്‍ പ്രതിഫലിച്ചത്.
ചെന്നൈ സൂപ്പര്‍ കിങ്സിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ഡ 479 കോടി രൂപയാണ് സെന്‍ട്രല്‍ പൂള്‍ വരുമാനം. മുന്‍ വര്‍ഷം ഇത് 191 കോടി രൂപയായിരുന്നു. മികച്ച ബ്രാന്‍ഡുകളുടെ സ്പോണ്‍സര്‍ഷിപ്പും സിഎസ്കെയ്ക്ക് നേട്ടമായി. മുത്തൂറ്റ് ഗ്രൂപ്പ്, ഗൾഫ് ഓയിൽ, നിപ്പോൺ പെയിന്റ് തുടങ്ങിയ ബ്രാൻഡുകളാണ് സിഎസ്കെയുമായി സഹകരിക്കുന്നത്.
കുതിക്കുന്ന ഓഹരികള്‍
എല്ലാ ഫ്രാഞ്ചൈസികളും പ്രത്യേക സ്ഥാപനങ്ങളായിരിക്കണമെന്ന് ഐപിഎൽ ഗവേണിംഗ് കൗൺസിൽ നിര്‍ദ്ദേശിച്ചതോടെയാണ് ഇന്ത്യ സിമന്‍റസ് നിന്നും ചെന്നൈ സൂപ്പര്‍ കിങ്സ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനി രൂപീകരിക്കുന്നത്. ഇന്ത്യ സിമന്‍റ്സ് ഓഹരി ഉടമകള്‍ക്ക് 1:1 അനുപാതത്തില്‍ സിഎസ്കെ ഓഹരികള്‍ ലഭിച്ചിരുന്നു. അതായത് ഒരു ഇന്ത്യ സിമന്‍റ് ഓഹരി കൈവശം വെയ്ക്കുന്നയാള്‍ക്ക് ഒരു സിഎസ്കെ ഓഹരി.
അണ്‍ലിസ്റ്റഡ് വിപണിയില്‍ കുതിപ്പിലാണ് സിഎസ്കെ ഓഹരികള്‍. 2019 ല്‍ 31 രൂപയുണ്ടായിരുന്ന ഓഹരി 2025 ല്‍ 190-195 രൂപയിലേക്കാണ് കുതിച്ചത്. ഇക്കാലത്തിനിടെ ആറിരട്ടി വളര്‍ച്ച ഓഹരിവിലയിലുണ്ടായി(529 ശതമാനം). 2022 ല്‍ രേഖപ്പെടുത്തിയ 223 രൂപയാണ് ഓഹരിയുടെ ഉയര്‍ന്ന വില.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)