ഇറാം എജ്യൂക്കേഷനൽ ആൻഡ് വെൽഫെയർ ട്രസ്റ്റ് നേതൃത്വം നൽകുന്ന സി.പി.ആര്‍ പരിശീലന പരിപാടിക്ക് പാലക്കാട് ജില്ലയിൽ തുടക്കമായി. കഞ്ചിക്കോട് ശിൽപ്പി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ജോബ് സ്കൂളിൽ ലോകാരോഗ്യ സംഘടനയും ഇറാം ഗ്രൂപ്പും സഹകരിച്ച് പട്ടികവർഗ വിദ്യാർഥികൾക്കായി ഫസ്റ്റ് എയ്ഡ് പരിശീലനം സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനിമോൾ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പട്ടികവർഗ്ഗ ഓഫീസ് ജൂനിയർ സൂപ്രണ്ട് വത്സലകുമാരി അധ്യക്ഷയായിരുന്നു.
ജോബ് സ്കൂൾ സെന്റർ–ഇൻ–ചാർജ് ഷാജി കുഞ്ഞുമോൻ, ഇറാം ഹോൾഡിങ്സ് ഇന്ത്യ റീജിയണൽ ഡയറക്ടർ ബിജോയ് ഡി. ദാസ്, ഇറാം സ്കിൽസ് അക്കാദമി ജനറൽ മാനേജർ ഓസ്റ്റിൻ വാളൂർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ലോകാരോഗ്യ സംഘടനയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും ചേര്‍ന്ന് ദേശീയതലത്തിൽ രൂപീകരിച്ചതാണ് ‘സത്യം’ എന്ന ഈ പദ്ധതി. അടിയന്തര സാഹചര്യങ്ങളില്‍ പ്രഥമ ശുശ്രൂഷയും സിപിആറും നൽകാന്‍ വിദ്യാർഥികളെയും പൊതുജനങ്ങളെയും പരിശീലിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.