പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ നയതന്ത്ര തിരിച്ചടിയിൽ വീണ് പാക്ക് ഓഹരി വിപണി. പാക്കിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ കെഎസ്ഇ 100 വ്യാഴാഴ്ച ഇടിഞ്ഞത് 2,500 പോയിൻറാണോളമാണ്. വ്യാപാരത്തിന്റെ ആദ്യ അഞ്ച് മിനുറ്റിനുള്ളിൽ 2.12 ശതമാനം ഇടിഞ്ഞ് സൂചിക 114,740.29 ലേക്ക് വീണു. ഇന്ത്യയുമായി ഉയരുന്ന സംഘർഷ സാധ്യതയാണ് നിക്ഷേപകരെ ജാഗ്രതയിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചത്.
വൈകിട്ടോടെ സൂചിക തിരിച്ചുകയറിയെങ്കിലും 2098 പോയിന്റ് നഷ്ടത്തിൽ 115128 എന്ന നിലയിലാണ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്. അഗ്രിടെക് ലിമിറ്റഡ്, ഫ്രൈസ്ലാൻഡ് ക്യാമ്പിന എൻഗ്രോ, നിഷാന്ത് മില്‍സ്, പാക്കിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ ബള്‍ക്ക് ടെര്‍മിനല്‍ എന്നിവയാണ് സൂചികയില്‍ വലിയ ഇടിവ് നേരിട്ട ഓഹരികള്‍.
പഹൽഗ്രാം ഭീകരാക്രമണത്തിന് ശേഷം ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് പാക്ക്സിഥാൻ സൂചികകൾ നഷ്ടം നേരിടുന്നത്. ബുധനാഴ്ച 1204 പോയിൻറാണ് സൂചിക ഇടിഞ്ഞത്. നടപ്പു സാമ്പത്തിക വർഷത്തെ പാക്കിസ്ഥാന്റെ ജിഡിപി വളർച്ച പ്രവചനം ഐഎംഎഫ് 2.6 ശതമാമാക്കി കുറച്ചതാണ് ഇന്നലത്തെ പ്രഹരത്തിന് കാരണം.
അതേസമയം ഇന്ത്യൻ ഓഹരി വിപണിയിൽ കാര്യമായ പ്രതിഫലനം കാണാനായില്ല. സെൻസെക്സ് 315 പോയിന്റ് നഷ്ടത്തിൽ 79,801.43 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 82 പോയിന്റ് ഇടിഞ്ഞ് 24,246.70 ലെത്തി.