bank-deposit

രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപങ്ങളിൽ പകുതിയിലധികവും സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്. 2023 സെപ്റ്റംബർ വരെയുള്ള കണക്ക് പ്രകാരം, 44 ശതമാനത്തോളം ബാങ്ക് നിക്ഷേപങ്ങൾ മാത്രമാണ് ഇൻഷൂറൻസ് പരിരക്ഷയുള്ളത്. വർഷം കഴിയുന്തോറും നിക്ഷേപങ്ങളുടെ സുരക്ഷിതത്വം കുറയുകയാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡാറ്റ കാണിക്കുന്നു. രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങൾക്ക് ആർബിഐ സബ്സിഡറിയായ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) 5 ലക്ഷം രൂപ വരെ ഇൻഷൂറൻസ് പരിരക്ഷ നൽകുന്നുണ്ട്. 

2021 സെപ്റ്റംബർ വരെ 50.9 ശതമാനം ബാങ്ക് നിക്ഷേപങ്ങളും ഇൻഷൂറൻസ് പരിധിലായിരുന്നു. എന്നാൽ 2022 സെപ്റ്റംബറിൽ ഇത് 49 ശതമാനമായി കുറയുകയാണുണ്ടായത്. പലിശ നിരക്ക് ഉയരുന്നതോടെ നിക്ഷേപങ്ങളും ഉയരുകയാണ്. അതേസമയം, ഇൻഷൂറൻസ് പരിരക്ഷയുള്ള നിക്ഷേപങ്ങൾ വാർഷികാടിസ്ഥാനത്തിൽ, 2022 സെപ്റ്റംബർ മുതൽ 2023 സെപ്റ്റംബർ വരെ 3.4 ശതമാനം മാത്രമാണ് വളർന്നത്. മുൻവർഷങ്ങളിൽ ഇത് 6.4 ശതമാനം (2021 – 2022), 10.9 ശതമാനം (2020 –2021) എന്നിങ്ങനെയായിരുന്നു. 

ബാങ്ക് തകർന്നാൽ നിക്ഷേപം സുരക്ഷിതമാക്കുന്നതിനാണ് ഡിഐസിജിസി ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത്. പണം പൂ​ർണമായി നഷ്ടപ്പെടുത്താതെ 5 ലക്ഷം രൂപ വരെ ഡിഐസിജിസി ഇൻഷൂറൻസ് ഉറപ്പാക്കുന്നു. നേരത്തെ 1 ലക്ഷം രൂപയായിരുന്ന ഇൻഷൂറൻസ് 2020 ഫെബ്രുവരിയിൽ 5 ലക്ഷം രൂപയായി ഉയർത്തുകയായിരുന്നു. അതേസമയം, ഡിഐസിജിസിയിൽ രജിസ്റ്റർ ചെയ്ത ബാങ്കുകളുടെ എണ്ണത്തിലും ഇടിവാണ്. 2021 സാമ്പത്തിക വർഷത്തിൽ 2,058 ബാങ്കുകൾ രജിസ്റ്റർ ചെയ്തിടത്ത് 2022 ൽ 2,040 ബാങ്കുകളും 2023 ൽ 2,026 ബാങ്കുകൾക്കുമാണ് രജിസ്ട്രേഷനുള്ളത്. നിലവിൽ 2024 സാമ്പത്തിക വർഷത്തിൽ 1,997 ബാങ്കുകൾക്ക് മാത്രമാണ് ഇൻഷൂറൻസുള്ളത്. 2023 സെപ്റ്റംബറിലെ കണക്ക് പ്രകാരം റീജിയണൽ റൂറൽ ബാങ്കിലെയും സഹകരണ ബാങ്കുകളിലെയും നിക്ഷേപങ്ങൾക്കാണ് കൂടുതൽ  പരിരക്ഷ. 82 ശതമാനം, 65 ശതമാനം എന്നിങ്ങനെയാണ് കണക്ക്. 

ബാങ്ക് തകർന്നാൽ നിക്ഷേപം സുരക്ഷിതമാക്കുന്നതിനാണ് ഡിഐസിജിസി ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത്.

നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാണോ?

നിങ്ങളുടെ ബാങ്ക് നിക്ഷേപത്തിന് ഒരു ബാങ്കിൽ 5 ലക്ഷം രൂപ വരെ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. അതായത്, ഓരോ ബാങ്കിലെയും 5 ലക്ഷം രൂപ വരെ സുരക്ഷിതമാണെന്ന് അർഥം. സേവിംങ്സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ആർഡി അക്കൗണ്ട് തുടങ്ങി ബാങ്കിലെ എല്ലാ നിക്ഷേപങ്ങൾക്കുമാണ് 5 ലക്ഷം രൂപ എന്ന പരിധി. നിക്ഷേപവും പലിശയും സഹിതമാണ് അഞ്ച് ലക്ഷം രൂപ കണക്കാക്കുന്നത്. അതായത്, നാല് ലക്ഷം നിക്ഷേപിച്ച വ്യക്തിക്ക് ഒരു ലക്ഷം രൂപ പലിശയായി ലഭിച്ചാൽ മുഴുവൻ തുകയും ഇൻഷുറൻസ് പരിധിയിൽ വരും. 1.20 ലക്ഷം രൂപയാണ് പലിശ വരുമാനമെങ്കിൽ 20,000 രൂപയ്ക്ക് ഇൻഷൂറൻസ് ലഭിക്കില്ല. 

ഒരു ബാങ്കിനാണ് 5 ലക്ഷത്തിന്റെ കവറേജ്. ഒരു ബാങ്കിന്റെ വിവിധ ശാഖകളിൽ അക്കൗണ്ടുള്ള വ്യക്തിക്ക് എല്ലാ അക്കൗണ്ടിലെയും നിക്ഷേപം സംയോജിപ്പിച്ചാണ് അഞ്ച് ലക്ഷത്തിന്റെ ഇൻഷുറൻസ് ലഭിക്കുക. നിക്ഷേപം വെവ്വേറെ ബാങ്കുകളിലാണെങ്കിൽ ഒരോ ബാങ്കിലെയും 5 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ഇൻഷുറൻസ് ലഭിക്കും. ഈ സാഹചര്യത്തിൽ ഒരു ബാങ്കിലെ നിക്ഷേപം 5 ലക്ഷം രൂപയിൽ താഴെ വരുന്ന രീതിയിൽ ക്രമീകരിച്ചാൽ പണം സുരക്ഷിതമാക്കാം. 

ENGLISH SUMMARY:

Bank Deposit Are Not Fully Covered By Insurance; Only 44 Per Cent Of Bank Deposits Have Coverage; How To Secure Money In Bank