ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? എങ്കിൽ ബിൽ പേയ്മെന്റ് വരാനിരിക്കുന്ന ചെറിയൊരു മാറ്റം അറിഞ്ഞിരിക്കണം. ജൂലൈ ഒന്ന് മുതൽ തേഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ മുൻനിര ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ബില്ലടയ്ക്കാൻ സാധിക്കില്ല. ഈ ബാങ്കുകൾ നാഷണൽ പേയ്മെന്റ് കോർപ്പറേഷന്റെ (എൻപിസിഐ) ഭാരത് ബിൽ പെയ്മെൻറ് സർവീസി(ബിബിപിഎസ്)ലേക്ക് മാറാത്തതിനാലാണ് അസൗകര്യം.
ക്രെഡ്, ഫോൺപേ, പേടിഎം, ആമസോൺ പേ തുടങ്ങിയ ഉപയോഗിച്ച് ബില്ലടയ്ക്കുന്ന ഉപഭോക്താക്കൾ ബാങ്കിന്റെ സൗകര്യങ്ങളിലേക്ക് മാറേണ്ടി വരും. അതേസമയം, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഫെഡറൽ ബാങ്ക്, കാനറ ബാങ്ക്, ആർബിഎൽ ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഈ പ്രശ്നമില്ല. ബിബിപിഎസ് പ്ലാറ്റ്ഫോമിൽ ലഭ്യമായതിനാൽ ഈ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് തേഡ് പാർട്ടി ആപ്പ് ഉപയോഗിക്കാം.
തേഡ് പാർട്ടി ആപ്പ് ഉപയോഗിച്ചു എല്ലാ ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെൻറും ജൂലായ് ഒന്ന് മുതൽ എൻപിസിഐയുടെ ബിബിപിഎസ് സംവിധാനത്തിലൂടെ മാത്രമെ നടത്താൻ പറ്റുകയുള്ളൂവെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. തേഡ് പാർട്ടി ആപ്പ് വഴി ക്രെഡിറ്റ് കാർഡ് ബില്ലടയ്ക്കുമ്പോൾ കമ്പനികൾ എൻഇഎഫ്ടി/ ഐഎംപിഎസ് എന്നിവ വഴിയാണ് ബാങ്കിന് പണം കൈമാറുന്നത്. ഇതിന് പകരം കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറാനാണ് ആർബിഐ തീരുമാനം. തേഡ് പാർട്ടി ആപ്പുകളിൽ ക്രെഡ്, ഫോൺപേ എന്നിവ ബിബിപിഎസിൽ അംഗങ്ങളാണ്. അതേസമയം മുൻനിര ക്രെഡിറ്റ് കാർഡ് എച്ച്ഡിഎഫ്സി, ഐസിഐസിഐ ആക്സിസ് ബാങ്ക് എന്നിവ ബിബിപിഎസ് സേവനം ലഭ്യമാക്കിയിട്ടില്ല. രാജ്യത്തെ 50 മില്യൺ ക്രെഡിറ്റ് കാർഡുകളും ഈ മൂന്ന് ബാങ്കുകളാണ് വിതരണം ചെയ്തിട്ടുള്ളത്.
ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാൻ അധികാരമുള്ള 34 ബാങ്കുകളിൽ 26 എണ്ണവും ഇതുവരെ ബിബിപിഎസിൽ ലഭ്യമായിട്ടില്ല. അതിനാൽ തന്നെ ക്രെഡിറ്റ് കാർഡ് ഉപഭോക്തക്കൾ ബാങ്കിൻറെ വെബ്സൈറ്റ്, നെറ്റ് ബാങ്കിങ്, ബാങ്ക് ആപ്പ് എന്നിവ ഉപയോഗിച്ച് ബിൽ അടയ്ക്കണം. അതേസമയം ഇത് താൽക്കിലിക പ്രശ്നമാണെന്നും വരും മാസങ്ങളിൽ ബാങ്കുകളെല്ലാം തന്നെ ബിബിപിഎസ് സംവിധാനത്തിലേക്ക് എത്തുമെന്നുമാണ് വിദഗ്ധർ വിലയിരുത്തുന്നത്. ബിബിപിഎസ് നിർബന്ധമാക്കുന്നതിന് 90 ദിവസത്തെ സാവകാശം തേടി പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ ആർബിഐ യെ സമീപിച്ചിട്ടുണ്ട്.