പെട്രോള്‍ വില ഉയരുന്നതില്‍ ആശങ്കയുള്ളവരാണോ.. എങ്കില്‍ ആശങ്കയ്ക്ക് പരിഹാരമാണ് ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍. 2023 ലെ കണക്ക് പ്രകാരം രാജ്യത്ത് ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡിന്‍റെ ആവശ്യക്കാരില്‍ 17 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇന്ധന ചെലവ് ലിറ്ററിന് 100 രൂപയ്ക്ക് അടുത്ത് നില്‍ക്കുമ്പോള്‍ ചെലവ് കുറയ്ക്കാനുള്ള വഴിതേടുക സ്വാഭാവികം. എങ്ങനെ ഫ്യുവല്‍ കാര്‍ഡുകള്‍ ഇന്ധന ചെലവിനെ മറികടക്കുന്നുവെന്ന് നോക്കാം.
എന്താണ് ഫ്യുവല്‍ കാര്‍ഡുകള്‍
എണ്ണ കമ്പനികളുമായി സഹകരിച്ച് ബാങ്കുകള്‍ പുറത്തിറക്കുന്ന കോ–ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകളാണ് ഫ്യുവല്‍ കാര്‍ഡുകള്‍. വലിയ ഇന്ധന ചെലവുള്ളവര്‍ക്ക് ഈ ഇനത്തില് നല്ലൊരു തുക ലാഭിക്കാനുള്ള വഴിയാണിത്. മിക്ക ക്രെഡിറ്റ് കാര്‍ഡുകളും റിവാര്‍ഡ് മോഡലിലാണ് പ്രവര്‍ത്തനം. ഇന്ധന ആവശ്യങ്ങള്‍ക്ക് കമ്പനിയുടെ പമ്പില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ റിവാര്‍ഡ് പോയിന്‍റ്സ് ലഭിക്കും. ഈ പോയിന്റ് റഡീം ചെയ്ത് സൗജന്യമായി ഇന്ധമടിക്കാന്‍ സാധിക്കും.
ഇന്ധന ചെലവില്‍ 7.50 ശതമാനം ലാഭിക്കാം
ഈയിടെ വിപണിയിലെത്തി ഇന്ത്യന്‍ ഓയില്‍ ആര്‍ബിഎല്‍ ബാങ്ക് എക്സ്ട്ര ക്രെഡിറ്റ് കാര്‍ഡ് ഇന്ധന ചെലവില്‍ 7.50 ശതമാനം വരെ ലാഭിക്കാന്‍ അവസരം നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഓയിലുമായി സഹകരിച്ച് ആര്‍ബിഎല്‍ ബാങ്ക് പുറത്തിറക്കിയ കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡാണിത്.
കാര്‍ഡ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ 1,500 രൂപ ചെലവാക്കിയാല്‍ 3,000 ഫ്യുവല്‍ പോയിന്റ് വെല്‍ക്കം ബെനഫിറ്റായി ലഭിക്കും. ഇന്ത്യന്‍ ഓയില്‍ പമ്പില്‍ കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ 100 രൂപയുടെ ഇടപാടിനും 15 ഫ്യുവല്‍ പോയിന്റ് ലഭിക്കും. പരമാവധി 2,000 പോയിന്റ് മാസത്തില്‍. മൂന്ന് മാസത്തില്‍ 75,000 രൂപ ചെലവാക്കിയാല്‍ 1,000 ഫ്യുവല്‍ പോയിന്റ് ലഭിക്കും. 500 രൂപയ്ക്കും 4,000 രൂപയ്ക്കും ഇടയിലുള്ള ഇടപാടിന് 1 ശതമാനം ഫ്യുവല്‍ സര്‍ചാര്‍ജ് ഒഴിവാക്കി നല്‍കും. 1,500 രൂപയാണ് വാര്‍ഷിക ഫീസ്.
കുറഞ്ഞ വാര്‍ഷിക ഫീസിലുള്ള കാര്‍ഡ് നോക്കുന്നവര്‍ക്ക് നിരവധി കാര്‍ഡുകള്‍ വിപണിയിലുണ്ട്. 499 രൂപ ഫീസ് വരുന്ന ഐഡിഎഫ്സി ഫസ്റ്റ് പവര്‍+ ക്രെഡിറ്റ് കാര്‍ഡ് ഇത്തരത്തിലൊന്നാണ്. എച്ച്പിസിഎല്ലുമായി സഹകരിച്ചുള്ള കാര്‍ഡില്‍ ആദ്യ 30 ദിവസത്തിനുള്ളില്‍ 500 രൂപ ഇന്ധനത്തിനായി ചെലവാക്കിയാല്‍ 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. 150 രൂപ ഇന്ധനത്തിനായി ചെലവാക്കുമ്പോള്‍ 30 റിവാര്‍ഡ് പോയിന്റ് ലഭിക്കും. 5 ശതമാനമാണ് കാര്‍ഡ് ഉപയോഗിച്ച് ലാഭിക്കാനാവുക.
ഇതേ ഫീസ് വരുന്ന മറ്റൊരു കാര്‍ഡാണ് ഇന്ത്യന്‍ ഓയില്‍ കൊട്ടക് ക്രെഡിറ്റ് കാര്‍ഡ്. 150 രൂപ ഇന്ത്യന്‍ ഓയില്‍ പമ്പിലൂടെ ചെലവാക്കുമ്പോള്‍ 24 റിവാര്‍ഡ് പോയിന്റ് ലഭിക്കും. അതായത് 4 ശതമാനം ലഭിക്കാം.