പലിശ നിരക്കിൽ മാറ്റം വരുത്താതെയാണ് റിസർവ് ബാങ്കിന്റെ പണനയ അവലോകന യോ​ഗം അവസാനിച്ചത്. വായ്പയെടുത്തവർക്ക് തീരുമാനം തിരിച്ചടിയാണെങ്കിലും ജനപ്രീയമായ യുപിഐ ഇടപാടുകൾക്ക് ആർബിഐ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യുപിഐ ലൈറ്റ്, യുപിഐ 123പേ എന്നിവയുടെ ഇടപാട് പരിധിയാണ് ഉയർത്തിയത്. 

Also Read: പലിശനിരക്കില്‍ മാറ്റമില്ല; റീപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി ആര്‍ബിഐ

ഫീച്ചർ ഫോൺ ഉപഭോക്താക്കൾക്കുള്ള യുപിഐ സംവിധാനമാണ് യുപിഐ 123പേ. നേരത്തെ ഒരു ഇടപാടിൽ 5,000 രൂപയാണ് യുപിഐ 123 പേയിൽ അയക്കാൻ സാധിച്ചിരുന്നത്. ഈ പരിധി 10,000 രൂപയാക്കി ഉയർത്തി. നിബന്ധനകൾ എൻപിസിഐ ഉടൻ പുറത്തിറക്കും.

ഫീച്ചർ ഫോണിലൂടെ യുപിഐ ഇടപാട് നടത്താനുള്ള ഒരു മാർ​ഗം ഐവിആർ ആണ്. നമ്പറിലേക്ക് വിളിച്ച് വോയിസ് മെനുവിൽ നിന്ന് ഇടപാടുകൾ തിരഞ്ഞെടുക്കാം. യുപിഐ 123പേ സംവിധാനത്തിൽ ഇടപാട് നടത്താൻ യുപിഐ പിൻ ആവശ്യമാണ്.

അതേസമയം ഇന്റർനെറ്റ് ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.  2022 മാർച്ചിൽ അവതരിപ്പിച്ച യുപിഐ 123പേ  പന്ത്രണ്ട് ഭാഷകളിൽ ലഭ്യമാണ്. 

Also Read: കൂലിപ്പണിക്കായി കേരളത്തിലെത്തി; ബംപർ വിറ്റ ഭാ​ഗ്യശാലി; കോടീശ്വരനായി നാ​ഗരാജു

ചെറിയ തുകയുടെ ഇടപാടുകൾ നടത്തുന്നതിന് 2022 സെപ്റ്റംബറിൽ ആർബിഐ അവതരിപ്പിച്ച പേയ്മെന്റ് സംവിധാനമാണ് യുപിഐ ലൈറ്റ്. പിൻ നമ്പർ നൽകാതെ തന്നെ യുപിഐ ലൈറ്റിൽ 500 രൂപ വരെയുള്ള ഇടപാട് നടത്താൻ സാധിക്കും. ഇത് 1,000 രൂപയാക്കി ഉയർത്തി.

യുപിഐ ലൈറ്റ് ഇടപാട് നടത്താനായി ആദ്യം യുപിഐ വാലറ്റിൽ പണം നിക്ഷേപിക്കണം. നേരത്തെ യുപിഐ ലൈറ്റ് വാലറ്റിൽ സൂക്ഷിക്കാൻ സാധിക്കുന്ന പരമാവധി തുക 2,000 രൂപയായിരുന്നു. ഇത് 5,000 രൂപയായും ഉയർത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

RBI increases UPI transation limit on UPI Lite and UPI 123pay.