ദീപാവലി ആഘോഷങ്ങളിലാണ് രാജ്യം. മിക്ക സംസ്ഥാനങ്ങളിലും ഇന്നേ ദിവസം ബാങ്കുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. എന്നാല്‍ ബാങ്കുകള്‍ക്ക് അടുപ്പിച്ച് നാല് ദിവസം അവധിയാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാര്‍ത്തയില്‍ വാസ്തവമുണ്ടോ? ഏതെല്ലാം സംസ്ഥാനങ്ങള്‍ക്കാണ് അവധി ബാധകമെന്ന് നോക്കാം.
കേരളം, തമിഴ്നാട്, ഡല്‍ഹി, ആന്ധ്ര പ്രദേശ്, കര്‍ണാടക, ഗോവ, പുതുച്ചേരി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് ദീപാവലി പ്രമാണിച്ച് ഇന്ന് അവധിയാണ്. എന്നാല്‍ ത്രിപുര, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, സിക്കിം, മണിപ്പുര്‍, ജമ്മു കശ്മീര്‍, മേഘാലയ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് ഇന്ന് അവധിയില്ല. പകരം, ദീപാവലി, കട് ഫെസ്റ്റിവല്‍, കന്നഡ രാജ്യോത്സവ എന്നിവ കണക്കിലെടുത്ത് ഇവിടങ്ങളില്‍ നാളെയാണ് (നവംബര്‍ 1) ബാങ്കുകള്‍ക്ക് അവധി.
ദീപാവലി, ബലി പ്രതിപഡ, ലക്ഷ്മി പൂഡ, ഗോവര്‍ധന്‍ പൂജ, വിക്രം സംവത് പുതുവല്‍സരം എന്നിവ കണക്കിലെടുത്ത് ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഉത്തരാഖണ്ഡ്, സിക്കിം, രാജസ്ഥാന്‍ , ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ശനിയാഴ്ച (നവംബര്‍ 2)ബാങ്കുകള്‍ക്ക് അവധിയാണ്.
ചുരുക്കിപ്പറഞ്ഞാല്‍ കര്‍ണാടകയില്‍ നാലും, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായ 3 ദിവസവും ബാങ്കുകള്‍ക്ക് അവധി ലഭിക്കും. ദീപാവലിക്കും പ്രാദേശിക അവധിക്കും പുറമെ ഞായറാഴ്ച കൂടി അവധിയുള്ളതിനാണ് ഇത്. കേരളത്തിനാവട്ടെ ദീപാവലി ദിവസമായ ഇന്ന് മാത്രമാണ് ബാങ്ക് അവധിയുള്ളത്.