ഡിജിറ്റല്‍ കാലത്ത് യുപിഐ ഇടപാടുകളില്ലാതെ മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണ്. കുട്ടികളും മുതിര്‍ന്നവര്‍ക്കും ഈ ഡിജിറ്റല്‍ വേഗത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ സാധിക്കില്ല. അറിവില്ലാതെ യുപിഐ ഇടപാട് നടത്തുന്നത് മുതിര്‍ന്നവര്‍ പറ്റിക്കപ്പെടാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ യുപിഐ അക്കൗണ്ട് നല്‍കുന്നത് ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. ഈ അവസരത്തില്‍ യുപിഐ ഉപയോഗിക്കുന്നവര്‍ക്ക് സഹായകമാണ് യുപിഐ സര്‍ക്കിള്‍.
സ്വന്തം യുപിഐ അക്കൗണ്ടില്‍ നിന്നും രക്ഷിതാക്കള്‍ക്ക് മക്കളെ യുപിഐ ഇടപാട് നടത്താന്‍ അനുവദിക്കുന്ന സംവിധാനമാണ് യുപിഐ സര്‍ക്കിള്‍. പ്രൈമറി ഉപഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും സെക്കന്‍ഡറി ഉപഭോക്താക്കള്‍ക്ക് ഇടപാട് നടത്താന്‍ സാധിക്കും. സെക്കന്‍ഡറി ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും യുപിഐ ഇടപാട് നടത്താം എന്നതാണ് ഇതിന്‍റെ ഗുണം. സെക്കന്‍ഡറി ഉപഭോക്താക്കളുടെ ഇടപാടുകള്‍ പ്രൈമറി ഉപഭോക്താവിന് നിരീക്ഷിക്കാനാകും.
പ്രൈമറി ഉപഭോക്താവിന് അഞ്ച് അക്കൗണ്ടുകള്‍ സെക്കന്‍ഡറി ഉപഭോക്താവായി ചേര്‍ക്കാം. ദിവസം 15000 രൂപ വരെ പരിധി നിശ്ചയിക്കാന്‍ സഹായിക്കും. ഓരോ ഇടപാടിനും 5,000 രൂപയുടെ പരിധിയും നിശ്ചയിക്കാം.
നിലവില്‍ ഭീം ആപ്പിന്‍റെ 3.8.1 വേര്‍ഷനും അതിന് മുകളിലും മാത്രമാണ് സേവനം ലഭിക്കുകയുള്ളൂ. ഭീം ആപ്പില്‍ യുപിഐ സര്‍ക്കിള്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ആഡ് ചെയ്യേണ്ടവരുടെ ഫോണ്‍ നമ്പറോ യുപിഐ ഐഡിയോ ചേര്‍ക്കാം. സ്പെന്‍ഡ് വിത്ത് ലിമിറ്റ്, അപ്രൂവ് എവരി പെയ്മെന്‍റ് എന്നിങ്ങനെ രണ്ട് തരം ആക്സസ് അനുവദിക്കാന്‍ സാധിക്കും.
സ്പെന്‍ഡ് വിത്ത് ലിമിറ്റിന് കീളില്‍ സെക്കന്‍ഡറി ഉപഭോക്താവിന് പരിധിക്കുള്ളില്‍ നിന്ന് മാത്രമെ ഇടപാട് ചെയ്യാന്‍ സാധിക്കുകയുള്ളൂ. അപ്രൂവ് എവരി പെയ്മെന്‍റ് തിരഞ്ഞെടുത്താല്‍ ഓരോ ഇടപാടിനും പ്രൈമറി ഉപഭോക്താവ് യുപിഐ പിന്‍ ഉപയോഗിച്ച് അപ്രൂവ് നല്‍കേണ്ടി വരും. പ്രൈമറി ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളപ്പോള്‍ സെക്കന്‍ഡറി ഉപഭോക്താക്കളെ ഒഴിവാക്കാം.